2 രാജാക്കന്മാർ 2
അധ്യായങ്ങൾ
ഏലിയാ സ്വർഗത്തിലേക്ക്
1കർത്താവ് ഏലിയായെ സ്വർഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാൻ സമയമായപ്പോൾ, ഏലിയായും എലീഷായും ഗിൽഗാലിൽനിന്നു വരുകയായിരുന്നു.
2ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നിൽക്കുക. കർത്താവ് എന്നെ ബഥേൽവരെ അയച്ചിരിക്കുന്നു. എന്നാൽ, എലീഷാ പറഞ്ഞു: കർത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു, ഞാൻ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവർ ബഥേലിലേക്കു പോയി.
3ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കർത്താവ് നിന്റെ യജമാനനെ ഇന്നു നിന്നിൽനിന്ന് എടുക്കുമെന്നു നിനക്കറിയാമോ? അവൻ പറഞ്ഞു: ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിൻ.
4ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നിൽക്കുക. കർത്താവ് എന്നെ ജറീക്കോയിലേക്ക് അയച്ചിരിക്കുന്നു. അവൻ പ്രതിവചിച്ചു: കർത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു, ഞാൻ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവർ ജറീക്കോയിലെത്തി.
5ജറീക്കോയിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കർത്താവ് നിന്റെ യജമാനനെ ഇന്നു നിന്നിൽനിന്ന് എടുക്കുമെന്ന് നിനക്കറിയാമോ? അവൻ പറഞ്ഞു: ഉവ്വ്. എനിക്കറിയാം; നിശ്ശബ്ദരായിരിക്കുവിൻ.
6അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നിൽക്കുക. കർത്താവ് എന്നെ ജോർദാനിലേക്ക് അയച്ചിരിക്കുന്നു. അവൻ പറഞ്ഞു: കർത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു, ഞാൻ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരുംയാത്ര തുടർന്നു.
7അവർ ഇരുവരും ജോർദാനു സമീപം എത്തിയപ്പോൾ പ്രവാചകഗണത്തിൽപ്പെട്ട അമ്പതുപേർ അൽപം അകലെ വന്നുനിന്നു.
8ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തിൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
9മറുകരെ എത്തിയപ്പോൾ ഏലിയാ എലീഷായോടുപറഞ്ഞു: നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ എന്താണു ചെയ്തുതരേണ്ടത്? എലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ.
10അവൻ പറഞ്ഞു: ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാൻ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കിൽ, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കിൽ, ലഭിക്കുകയില്ല.
11അവർ സംസാരിച്ചുകൊണ്ടു പോകുമ്പോൾ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് ഉയർന്നു.
12എലീഷാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! പിന്നെ അവൻ ഏലിയായെ കണ്ടില്ല. അവൻ വസ്ത്രം കീറി.
എലീഷാ പ്രവർത്തനം തുടങ്ങുന്നു
13അവൻ ഏലിയായിൽനിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോർദാന്റെ കരയിൽ ചെന്നുനിന്നു.
14അവൻ അതു വെള്ളത്തിൻമേൽ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കർത്താവ് എവിടെ? അവൻ വെള്ളത്തിൻമേൽ അടിച്ചപ്പോൾ വെള്ളം ഇരുവശത്തേക്കും മാറി. അവൻ കടന്നുപോയി.
15ജറീക്കോയിലെ പ്രവാചകഗണം എലീഷായെ കണ്ടപ്പോൾ, ഏലിയായുടെ ആത്മാവ് എലീഷായിൽ കുടികൊള്ളുന്നു എന്നു പറഞ്ഞു. അവർ അവനെ താണുവണങ്ങി എതിരേറ്റു.
16അവർ അവനോടു പറഞ്ഞു: അങ്ങയുടെ ദാസൻമാരുടെ ഇടയിൽ അൻപ തു ബലവാൻമാരുണ്ട്. അങ്ങയുടെയജമാനനെ അനേ്വഷിച്ചുപോകുന്നതിന് അവരെ അനുവദിച്ചാലും. കർത്താവിന്റെ ആത്മാവ് അവനെ വല്ല മലയിലോ താഴ്വരയിലോ ഉപേക്ഷിച്ചിരിക്കാം. അവൻ പറഞ്ഞു: ആരെയും അയയ്ക്കേണ്ടാ.
17അവൻ സമ്മതിക്കുവോളം അവർ നിർബന്ധിച്ചു. അപ്പോൾ അവൻ പറഞ്ഞു: അയച്ചുകൊള്ളുവിൻ. അവർ അൻപതു പേരെ അയച്ചു. അവർ മൂന്നുദിവസം അനേ്വഷിച്ചെങ്കിലും അവനെ കണ്ടെത്തിയില്ല.
18എലീഷാ ജറീക്കോയിൽ കാത്തു നിൽക്കുമ്പോൾ അവർ മടങ്ങിവന്നു. അവൻ അവരോടു പറഞ്ഞു: പോകണ്ടാ എന്ന് ഞാൻ പറഞ്ഞതല്ലേ?
19നഗരവാസികൾ എലീഷായോടു പറഞ്ഞു: അങ്ങു കാണുന്നില്ലേ? ഈ പട്ടണം ജീവിക്കാൻ പറ്റിയതാണ്. എന്നാൽ വെള്ളം മലിനവും നാടു ഫലശൂന്യവുമാണ്.
20ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പിടുവിൻ എന്ന് അവൻ പറഞ്ഞു. അവർ അങ്ങനെ ചെയ്തു.
21അവൻ ഉറവയ്ക്ക് അടുത്തുചെന്ന് ഉപ്പ് അതിലിട്ടുകൊണ്ട് പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു, ഞാൻ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു. ഇനി ഇത് മരണത്തിനോ ഫലശൂന്യതയ്ക്കോ കാരണമാവുകയില്ല.
22എലീഷായുടെ വചന മനുസരിച്ച് ആ വെള്ളം ഇന്നും ശുദ്ധമാണ്.
23അവൻ അവിടെനിന്ന് ബഥേലിലേക്കു പോയി. മാർഗമധേ്യ പട്ടണത്തിൽനിന്നുവന്ന ചില ബാലൻമാർ അവനെ പരിഹസിച്ചു. കഷണ്ടിത്തലയാ, ഓടിക്കോ!
24അവൻ തിരിഞ്ഞുനോക്കി, അവരെ കണ്ടു. കർത്താവിന്റെ നാമത്തിൽ അവരെ ശപിച്ചു. കാട്ടിൽനിന്നു രണ്ടു പെൺകരടികൾ ഇറങ്ങി നാൽപത്തിരണ്ടു ബാലൻമാരെ ചീന്തിക്കീറി.
25അവിടെ നിന്ന് അവൻ കാർമൽമലയിലേക്കും തുടർന്ന് സമരിയായിലേക്കും പോയി.