2 രാജാക്കന്മാർ 1
അധ്യായങ്ങൾ
ഏലിയായും അഹസിയായും
1ആഹാബിന്റെ മരണത്തിനുശേഷം മൊവാബ് ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.
2സമരിയായിൽവച്ച് അഹസിയാ മട്ടുപ്പാവിൽനിന്നു വീണു കിടപ്പിലായി. താൻ ഇതിൽനിന്നു രക്ഷപെടുമോ ഇല്ലയോ എന്ന് ആരായാൻ എക്രോണിലെ ദേവനായ ബാൽസെബൂബിൻെറ അടുത്തേക്ക് ആളയച്ചു.
3തിഷ്ബ്യനായ ഏലിയായോടു കർത്താവിന്റെ ദൂതൻ അരുളിച്ചെയ്തു: സമരിയാ രാജാവിന്റെ ദൂതൻമാരെ ചെന്നുകണ്ട് അവരോടു ചോദിക്കുക; ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങൾ എക്രോൺദേവനായ ബാൽസെബൂബിനെ സമീപിക്കുന്നത്?
4കർത്താവ് അരുളിച്ചെയ്യുന്നു: രോഗശയ്യയിൽനിന്നു നീ എഴുന്നേൽക്കുകയില്ല. നീ മരിക്കും.
5ഏലിയാ പുറപ്പെട്ടു. ദൂതൻമാർ തിരിച്ചെത്തിയപ്പോൾ രാജാവ് ചോദിച്ചു: നിങ്ങൾ എന്താണ് തിരികെ വന്നത്?
6അവർ മറുപടി പറഞ്ഞു: ഒരാൾ വന്നു ഞങ്ങളോടു പറഞ്ഞു, നിങ്ങൾ തിരികെച്ചെന്നു നിങ്ങളെ അയച്ച രാജാവിനെ അറിയിക്കുക: കർത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ എക്രോൺദേവനായ ബാൽസെബൂബിനെ നീ സമീപിക്കുന്നത്? ഈ രോഗ ശയ്യയിൽ നിന്നു നീ എഴുന്നേൽക്കുകയില്ല, നീ മരിക്കും.
7അവൻ ചോദിച്ചു: നിങ്ങളോട് ഇതു പറഞ്ഞയാൾ എങ്ങനെയിരുന്നു?
8അവർ പറഞ്ഞു: അവൻ രോമക്കുപ്പായവും തുകൽകൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു. ഉടനെ രാജാവു പറഞ്ഞു: തിഷ്ബ്യനായ ഏലിയാ ആണ് അവൻ .
9രാജാവ് അൻപതുപേരുടെ ഗണത്തെനായകനോടൊപ്പം ഏലിയായുടെ അടുത്തേക്കയച്ചു. മലമുകളിലിരുന്ന ഏലിയായോട് നായകൻ പറഞ്ഞു: ദൈവപുരുഷാ, ഇറങ്ങിവരാൻ രാജാവ് കൽപിക്കുന്നു.
10ഏലിയാ പ്രതിവചിച്ചു: ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തിൽനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തിൽനിന്ന് അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു.
11വീണ്ടും അൻപതുപേരെ നായകനോടൊപ്പം രാജാവ് ഏലിയായുടെ അടുത്തേക്ക് അയച്ചു. നായ കൻ ചെന്ന് അവനോടു പറഞ്ഞു: ദൈവപുരുഷാ, ഇതു രാജാവിന്റെ കൽപനയാണ്, വേഗം ഇറങ്ങിവരുക.
12ഏലിയാ പറഞ്ഞു: ഞാൻ ദൈവപുരുഷനാണെങ്കിൽ ആകാശത്തിൽനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തിൽനിന്ന് ദൈവത്തിന്റെ അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു.
13രാജാവ് മൂന്നാമതും അൻപതുപേരെ നായകനോടുകൂടെ അയച്ചു. നായകൻ ചെന്ന് ഏലിയായുടെ മുൻപിൽ മുട്ടുകുത്തി അപേക്ഷിച്ചു: ദൈവപുരുഷാ, എന്റെയും അങ്ങയുടെ ഈ അൻപതു ദാസൻമാരുടെയും ജീവൻ അങ്ങയുടെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കട്ടെ.
14മുൻപുവന്ന അൻപതുപേരുടെ രണ്ടു സംഘങ്ങളെയും അവരുടെ നായകൻമാരെയും ആകാശത്തിൽനിന്ന് അഗ്നി ഇറങ്ങി ദഹിപ്പിച്ചു. ഇപ്പോൾ എന്റെ ജീവൻ അങ്ങയുടെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കട്ടെ.
15കർത്താവിന്റെ ദൂതൻ ഏലിയായോടു പറഞ്ഞു: അവനോടുകൂടെ ഇറങ്ങിച്ചെല്ലുക. അവനെ ഭയപ്പെടേണ്ടാ. ഏലിയാ അവനോടുകൂടെ രാജാവിന്റെ അടുത്തുചെന്നു.
16ഏലിയാ രാജാവിനോടു പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു, എക്രോൺ ദേവനായ ബാൽസെബൂബിനോട് ആരായാൻ ദൂതൻമാരെ അയച്ചതുകൊണ്ട് നീ രോഗശയ്യയിൽ നിന്ന് എഴുന്നേൽക്കുകയില്ല; നിശ്ചയമായും നീ മരിക്കും. ഇസ്രായേലിൽ ദൈവമില്ലാഞ്ഞിട്ടാണോ നീ ഇതു ചെയ്തത്?
17ഏലിയാവഴി കർത്താവ് അരുളിച്ചെയ്തതുപോലെ അവൻ മരിച്ചു. അഹസിയായ്ക്ക് പുത്രനില്ലാതിരുന്നതിനാൽ സഹോദരൻ യോറാം യൂദാരാജാവായയഹോഷാഫാത്തിൻെറ പുത്രൻ യഹോറാമിന്റെ രണ്ടാം ഭരണവർഷത്തിൽ രാജാവായി.
18അഹസിയായുടെ മറ്റു പ്രവർത്തനങ്ങൾ ഇസ്രായേൽ രാജാക്കൻമാരുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.