എസ്തേർ 9
അധ്യായങ്ങൾ
എസ്തേറിൻെറ മാധ്യസ്ഥ്യം
1ഈ സംഭവം അറിഞ്ഞമൊർദെക്കായ്, വസ്ത്രം കീറി, ചാക്കുടുത്ത്, ചാരം പൂശി, അത്യുച്ചത്തിൽ ദയനീയമായി നിലവിളിച്ചുകൊണ്ടു നഗരമധ്യത്തിലേക്കു ചെന്നു.
2അവൻ രാജാവിന്റെ പടിവാതിലോളം ചെന്നു നിന്നു; കാരണം ചാക്കുവസ്ത്രമുടുത്ത് ആർക്കും രാജാവിന്റെ വാതിൽ കടന്നുകൂടായിരുന്നു.
3രാജകൽപനയും വിളംബരവും എത്തിയ എല്ലാ പ്രവിശ്യകളിലും യഹൂദരുടെയിടയിൽ ഉപവാസവും കരച്ചിലും നിലവിളിയും ഉണ്ടായി. ഏറെപ്പേരും ചാക്കുടുത്ത് ചാരത്തിൽ കിടന്നു.
4തോഴിമാരും ഷൺഡൻമാരും പറഞ്ഞ് ഇതെല്ലാം അറിഞ്ഞ് എസ്തേർ അത്യന്തം പര്യാകുലയായി; ചാക്കുവസ്ത്രത്തിനുപകരം ധരിക്കാൻ വസ്ത്രങ്ങൾ അവൾ മൊർദെക്കായ്ക്കു കൊടുത്തയച്ചു; പക്ഷേ അവൻ അതു സ്വീകരിച്ചില്ല.
5തന്നെ ശുശ്രൂഷിക്കാൻ നിയുക്തനായിരുന്നവനും രാജാവിന്റെ ഷൺഡൻമാരിലൊരുവനുമായ ഹഥാക്കിനെ വിളിച്ച് എസ്തേർ ഇതെല്ലാം എന്താണെന്നും എന്തിനാണെന്നും അറിയാൻ മൊർദെക്കായുടെ അടുത്തേക്ക് അയച്ചു.
6അവൻ രാജാവിന്റെ പടിവാതിലിനു മുൻപിൽ നഗരത്തിൻെറ പൊതുസ്ഥലത്തു നിന്നിരുന്ന മൊർദെക്കായുടെ അടുത്തെത്തി.
7തനിക്കു സംഭവിച്ചതും യഹൂദരെ നശിപ്പിക്കാൻ രാജ ഭൺഡാരത്തിലേക്കു കൊടുക്കാമെന്നു ഹാമാൻ വാഗ്ദാനം ചെയ്ത പണത്തിന്റെ കണിശമായ സംഖ്യയും മൊർദെക്കായ് അവനോടു പറഞ്ഞു.
8രാജ്ഞിയെ കാണിച്ച് അവൾക്കു വിശദീകരിച്ചുകൊടുത്ത് തൻെറ ജനതയ്ക്കുവേണ്ടി രാജാവിനോടുയാചിക്കാൻ അവളെ പ്രേരിപ്പിക്കാൻവേണ്ടി, തങ്ങളെ നശിപ്പിക്കാൻ സൂസായിൽ പ്രസിദ്ധപ്പെടുത്തിയ വിളംബരത്തിന്റെ ഒരു പകർപ്പ് മൊർദെക്കായ് അവനെ ഏൽപിച്ചു. ഞാൻ നിന്നെ പരിപാലിച്ച നിന്റെ എളിയ ദിനങ്ങളെ ഓർക്കുക. രാജാവിനു തൊട്ടടുത്ത സ്ഥാനമുള്ള ഹാമാൻ ഞങ്ങളുടെ നാശത്തിനുവേണ്ടി ഞങ്ങൾക്കെതിരേ സംസാരിച്ചിരിക്കുന്നു. കർത്താവിനോടു പ്രാർഥിക്കുകയും ഞങ്ങളെപ്പറ്റി രാജാവിനോടു സംസാരിച്ച് ഞങ്ങളെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യുക.
9ഹഥാക്ക് ചെന്നു മൊർദെക്കായ് പറഞ്ഞത് എസ്തേറിനെ ധരിപ്പിച്ചു.
10അപ്പോൾ അവൾ ഹഥാക്ക്വഴി ഒരു സന്ദേശം മൊർദെക്കായെ അറിയിച്ചു.
11എല്ലാ രാജസേവകൻമാർക്കും രാജാവിന്റെ പ്രവിശ്യകളിലെ ആളുകൾക്കും അറിയാം, വിളിക്കപ്പെടാതെ ആരെങ്കിലും - ആണായാലും പെണ്ണായാലും - അകത്തെ അങ്കണത്തിൽ രാജസന്നിധിയിൽ പ്രവേശിച്ചാൽ നിയമം ഒന്നേയുള്ളു- രാജാവ് തൻെറ സ്വർണച്ചെങ്കോൽ അവന്റെ നേരേ നീട്ടുന്നില്ലെങ്കിൽ അവൻ വധിക്കപ്പെടണം. മുപ്പതു ദിവസമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.
12എസ്തേർ പറഞ്ഞത് അവർ മൊർദെക്കായെ അറിയിച്ചു.
13അപ്പോൾ മൊർദെക്കായ് എസ്തേറിനു മറുപടി കൊടുത്തു: നീ രാജകൊട്ടാരത്തിൽ മറ്റു യഹൂദരെക്കാൾ അൽപമെങ്കിലും കൂടുതൽ സുരക്ഷിതയായിരിക്കുമെന്നു കരുതേണ്ടാ.
14ഇതുപോലൊരു സമയത്ത് നീ മൗനം പാലിച്ചാൽ യഹൂദർക്കു മറ്റൊരിടത്തുനിന്ന് ആശ്വാസവും മോച നവും വരും. പക്ഷേ, നീയും നിന്റെ പിതൃഭവനവും നശിക്കും. ഇത്തരം ഒരു കാലത്തേക്കായിട്ടല്ല, നീ രാജ്ഞീസ്ഥാനത്ത് വന്നിരിക്കുന്നതെന്ന് ആർക്കറിയാം?
15അപ്പോൾ മൊർദെക്കായോടു പറയേണ്ട ഉത്തരം എസ്തേർ അവർക്കു നൽകി:
16നീ പോയി സൂസായിലുള്ള സകല യഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം രാത്രിയും പകലും എന്തെങ്കിലും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ അരുത്. ഞാനും എന്റെ തോഴിമാരും നിങ്ങളെപ്പോലെ തന്നെ ഉപവസിക്കും. പിന്നെ, നിയമത്തിനെതിരാണെങ്കിലും ഞാൻ രാജാവിന്റെ അടുത്തു പോകും; ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.
17എസ്തേർ പറഞ്ഞതുപോലെ മൊർദെക്കായ് ചെയ്തു.