എസ്തേർ 19
അധ്യായങ്ങൾ
യഹൂദരുടെ ആഹ്ളാദം
13ഈ എഴുത്തിന്റെ ഒരു പകർപ്പ് ഒരു കൽപനയായി എല്ലാ പ്രവിശ്യകളിലും പ്രസിദ്ധീകരിക്കുകയും ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുകയും വേണ്ടിയിരുന്നു. ആദിവസം യഹൂദർ തങ്ങളെ ആക്രമിക്കുന്ന ശത്രുക്കൾക്കെതിരേ പ്രതികാരം ചെയ്യാൻ തയ്യാറാകേണ്ടിയിരുന്നു.
14അതുകൊണ്ട് രാജാവിന്റെ സേവനത്തിനുപയോഗിച്ചിരുന്ന വേഗമേറിയ കുതിരയുടെ പുറത്ത് രാജകൽപനയനുസരിച്ച് ദൂതൻമാർ ശീഘ്രം പുറപ്പെട്ടു. വിളംബരം തലസ്ഥാനമായ സൂസായിൽ പ്രസിദ്ധപ്പെടുത്തി.
15സൂസാനഗരമാകെ ആർപ്പുവിളിക്കുകയും ആഹ്ലാദിക്കുകയും ചെയ്യവേ, മൊർദേക്കായ് നീലയും വെള്ളയുമായരാജകീയ വസ്ത്രവും ഒരു വലിയ സ്വർണക്കിരീടവും നേരിയ ചണനൂൽകൊണ്ടുള്ള ചെമന്ന മേലങ്കിയും അണിഞ്ഞ് രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.
16 യഹൂദർ പ്രസന്നരായി; അവർക്കു സന്തുഷ്ടിയും ആ നന്ദവും ബഹുമാനവും കൈവന്നു.
17രാജ കൽപനയും വിളംബരവും എത്തിയ സകല പ്രവിശ്യകളിലും നഗരങ്ങളിലും യഹൂദർ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവർക്ക് അതു വിശ്രമത്തിന്റെയും ഉത്സവാഘോഷത്തിന്റെയും ദിവസമായിരുന്നു. രാജ്യത്തെ ആളുകളിൽ അനേകംപേർ തങ്ങൾ യഹൂദരാണെന്നു പ്രഖ്യാപിച്ചു; എന്തെന്നാൽ യഹൂദരെക്കുറിച്ചുള്ള ഭയം അവരെ പിടികൂടിയിരുന്നു.