എസ്തേർ 13
അധ്യായങ്ങൾ
1മൂന്നാംദിവസം പ്രാർഥന തീർന്നപ്പോൾ അവൾ പ്രാർഥനാവേളയിലെ വസ്ത്രം മാറ്റി മോടിയുള്ള വസ്ത്രം ധരിച്ചു.
2രാജകീയ മായ അലങ്കാരങ്ങളണിഞ്ഞ്, എല്ലാം കാണുന്ന രക്ഷകനായ ദൈവത്തിന്റെ സഹായം വിളിച്ചപേക്ഷിച്ച് രണ്ടു തോഴിമാരെയും കൂട്ടി അവൾ നടന്നു.
3ഒരുവളുടെമേൽ അവൾ മൃദുവായി ചാരി;
4അപര, പിന്നിൽ നീണ്ടുകിടക്കുന്ന വസ്ത്രത്തിന്റെ അഗ്രം ഉയർത്തിപ്പിടിച്ചിരുന്നു.
5അവികലസൗന്ദര്യംകൊണ്ട് അവൾ പ്രശോഭിച്ചു; സ്നേഹവും സന്തുഷ്ടിയും മുഖത്ത് പ്രകടിപ്പിച്ചിരുന്നെങ്കിലും അവളുടെ ഹൃദയം ഭീതികൊണ്ടു മരവിച്ചിരുന്നു.
6വാതിലുകൾ ഓരോന്നായി കടന്ന് അവൾ രാജാവിന്റെ മുൻപിൽ ചെന്നുനിന്നു. സ്വർണവും അമൂല്യരത്നങ്ങളും കൊണ്ടു പൊതിഞ്ഞസിംഹാസനത്തിൽ രാജാവ് രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ് ഇരിക്കുകയായിരുന്നു. അവന്റെ ദർശനം ഭീതി ഉളവാക്കുന്നതായിരുന്നു.
7തേജസ്സുകൊണ്ട് അരുണിമയാർന്ന മുഖമുയർത്തി അവൻ ഉഗ്രകോപത്തോടെ അവളെ നോക്കി. രാജ്ഞിയാകെ തളർന്നുപോയി; വിളറി ബോധംകെട്ട അവൾ തൻെറ മുൻപിൽ നടക്കുന്ന തോഴിയുടെ ചുമലിലേക്കു മറിഞ്ഞു.
8അപ്പോൾ രാജാവിന്റെ ഭാവം ദൈവം ശാന്തമാക്കി; അവൻ പരിഭ്രമത്തോടെ സിംഹാസനത്തിൽനിന്നു ചാടിയെഴുന്നേറ്റ് അവൾക്കു ബോധം തെളിയുംവരെ തൻെറ കരങ്ങളിൽ താങ്ങി. സാന്ത്വന വചസ്സുകളാൽ അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു:
9എസ്തേർ, എന്താണിത്? ഞാൻ നിന്റെ സഹോദരനാണ്.
10ധൈര്യമായിരിക്കൂ; നീ മരിക്കുകയില്ല; കാരണം, നമ്മുടെ നിയമം പ്രജകൾക്കു മാത്രമേ ബാധകമാവൂ. അടുത്തു വരുക.
11അവൻ സ്വർണച്ചെങ്കോൽ ഉയർത്തി അവളുടെ കഴുത്തിൽതൊട്ടു.
12അവൻ അവളെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു: എന്നോടു പറയൂ.
13അവൾ പറഞ്ഞു: എന്റെ നാഥാ, അങ്ങയെ ഞാൻ കണ്ടത് ദൈവത്തിന്റെ ദൂതനെപ്പോലെയാണ്. അങ്ങനെ എന്റെ ഹൃദയം അങ്ങയുടെ മഹത്വത്തോടുള്ള ഭീതി നിമിത്തം പിടഞ്ഞുപോയി.
14എന്റെ നാഥാ, അങ്ങ് അദ്ഭുത പുരുഷൻ തന്നെ; അങ്ങയുടെ മുഖം തേജ സ്സുറ്റതാണ്.
15സംസാരിച്ചുകൊണ്ടുനിൽക്കേ അവൾ മോഹാലസ്യപ്പെട്ടുവീണു. രാജാവ് അത്യന്തം പരിഭ്രമിച്ചു; അവന്റെ ദാസൻമാർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.