Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 രാജാക്കന്മാർ 21

അധ്യായങ്ങൾ

നാബോത്തിൻെറ മുന്തിരിത്തോട്ടം

1ജസ്രേൽക്കാരനായ നാബോത്തിന് ജസ്രേലിൽ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേർന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.
2ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാൾ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാൻ നിനക്കു തരാം; പണമാണു വേണ്ടതെങ്കിൽ വിലതരാം.
3എന്നാൽ, നാബോത്ത് പറഞ്ഞു: എന്റെ പിതൃസ്വത്ത് വിൽക്കുന്നതിനു കർത്താവ് ഇടയാക്കാതിരിക്കട്ടെ.
4എന്റെ പിതൃസ്വത്ത് ഞാൻ അങ്ങേക്കു നൽകുകയില്ല എന്ന് ജസ്രേൽക്കാരനായ നാബോത്ത് പറഞ്ഞതിൽ രോഷാകുലനായി ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി. അവൻ മുഖം തിരിച്ചു കട്ടിലിൽ കിടന്നു; ഭക്ഷണം കഴിച്ചതുമില്ല.
5അവന്റെ ഭാര്യ ജസെബെൽ അടുത്തുവന്നു ചോദിച്ചു: അങ്ങ് എന്താണിത്ര ക്ഷോഭിച്ചിരിക്കുന്നത്? ഭക്ഷണം കഴിക്കുന്നില്ലല്ലോ?
6അവൻ പറഞ്ഞു: ജസ്രേൽക്കാരനായ നാബോത്തിനോട് അവന്റെ മുന്തിരിത്തോട്ടം വിലയ്ക്കു തരുക അല്ലെങ്കിൽ വേറൊന്നിനു പകരമായി തരുക എന്നു ഞാൻ പറഞ്ഞു. എന്നാൽ, തരുകയില്ല എന്ന് അവൻ പറഞ്ഞു.
7ജസെബെൽ പറഞ്ഞു: അങ്ങാണോ ഇസ്രായേൽ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്ഷണം കഴിച്ചു സന്തുഷ്ടനായിരിക്കുക. ജസ്രേൽക്കാരനായ നാബോത്തിൻെറ മുന്തിരിത്തോട്ടം ഞാൻ അങ്ങേക്കു തരും.
8അവൾ ആഹാബിന്റെ പേരും മുദ്രയുംവച്ച് നഗരത്തിൽ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠൻമാർക്കും പ്രഭുക്കൻമാർക്കും കത്തയച്ചു.
9അതിൽ ഇങ്ങനെയെഴുതിയിരുന്നു: നിങ്ങൾ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തുകയും ചെയ്യുവിൻ.
10അവനെതിരായി രണ്ടു നീചൻമാരെ കൊണ്ടുവരുവിൻ. നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്ന് അവർ കള്ളസാക്ഷ്യം പറയട്ടെ. അപ്പോൾ അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുവിൻ.
11പട്ടണത്തിലെ ശ്രേഷ്ഠൻമാരുംപ്രഭുക്കൻമാരും ജസെബെൽ എഴുതിയതുപോലെ പ്രവർത്തിച്ചു.
12അവർ ഉപവാസം പ്രഖ്യാപിച്ചു. ജനത്തെ വിളിച്ചുകൂട്ടി, നാബോത്തിനെ പ്രധാനസ്ഥാനത്തിരുത്തി.
13നീചൻമാർ ഇരുവരും അവനെതിരേ ഇരുന്നു. ഇവൻ ദൈവദൂഷണവും രാജദൂഷണവും പറഞ്ഞു എന്ന് അവർ ജനത്തിന്റെ മുൻപിൽ നാബോത്തിനെതിരായി കുറ്റം ആരോപിച്ചു. അവർ അവനെ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
14നാബോത്തിനെ കല്ലെറിഞ്ഞു കൊന്നവിവരം ജസെബെലിനെ അറിയിച്ചു.
15അതുകേട്ടയുടനെ ജസെബെൽ ആഹാബിനോടു പറഞ്ഞു: എഴുന്നേൽക്കുക. ജസ്രേൽക്കാരനായ നാബോത്ത് വിലയ്ക്കു തരാൻ വിസമ്മതിച്ച മുന്തിരിത്തോട്ടം കൈവശപ്പെടുത്തിക്കൊള്ളുക. നാബോത്ത് ജീവിച്ചിരിപ്പില്ല; അവൻ മരിച്ചു.
16നാബോത്ത് മരിച്ചവിവരം അറിഞ്ഞമാത്രയിൽ ആഹാബ് എഴുന്നേറ്റ് മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ ഇറങ്ങി.
17തിഷ്ബ്യനായ ഏലിയായോടു കർത്താവ് അരുളിച്ചെയ്തു:
18നീ ചെന്നു സമരിയായിലുള്ള ഇസ്രായേൽരാജാവ് ആഹാബിനെ കാണുക. അവൻ നാബോത്തിൻെറ മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ എത്തിയിരിക്കുന്നു.
19നീ അവനോടു പറയണം: കർത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്റെ വസ്തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കർത്താവ് അരുളിച്ചെയ്യുന്നു, നാബോത്തിൻെറ രക്തം നായ്ക്കൾ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നായ്ക്കൾ നക്കിക്കുടിക്കും.
20ആഹാബ് ഏലിയായോടു ചോദിച്ചു: എന്റെ ശത്രുവായ നീ എന്നെ കണ്ടെണ്ടത്തിയോ? അവൻ പ്രതിവചിച്ചു: അതേ, ഞാൻ നിന്നെ കണ്ടെണ്ടത്തി. കർത്താവിന്റെ സന്നിധിയിൽ തിൻമ പ്രവർത്തിക്കാൻ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു.
21ഇതാ, ഞാൻ നിനക്കു നാശം വരുത്തും; ഞാൻ നിന്നെ നിർമാർജനം ചെയ്യും. ആഹാബിന് ഇസ്രായേലിലുള്ള എല്ലാ പുരുഷൻമാരെയും - സ്വതന്ത്രരെയും അടിമകളെയും - ഞാൻ നിഗ്രഹിക്കും.
22നീ എന്നെ പ്രകോപിപ്പിക്കയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതിനാൽ ഞാൻ നിന്റെ ഭവനത്തെ നെബാത്തിൻെറ മകൻ ജറോബോവാമിന്റെയും അഹിയായുടെ മകൻ ബാഷായുടെയും ഭവനങ്ങളെപ്പോലെ ആക്കിത്തീർക്കും.
23ജസെബെലിനെക്കുറിച്ചും കർത്താവ് അരുളിച്ചെയ്തിരിക്കുന്നു, ജസ്രേലിന്റെ അതിർത്തികൾക്കുള്ളിൽവച്ച് ജസെബെലിനെ നായ്ക്കൾ തിന്നും.
24ആഹാബിന്റെ ഭവനത്തിൽ നിന്ന് നഗരത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ ഭക്ഷിക്കും; നാട്ടിൻപുറത്തുവച്ചു മരിക്കുന്നവനെ പറവകളും.
25ഭാര്യയായ ജസെബെലിൻെറ പ്രേരണയ്ക്കു വഴങ്ങി, കർത്താവിന് അനിഷ്ടമായതു പ്രവർത്തിക്കാൻ തന്നെത്തന്നെ വിറ്റ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.
26ഇസ്രായേലിന്റെ മുൻപിൽനിന്നു കർത്താവ് തുരത്തിയ അമോര്യരെപ്പോലെ അവൻ വിഗ്രഹങ്ങളെ പിഞ്ചെന്ന് ഏറ്റവും മ്ലേ ച്ഛമായി പ്രവർത്തിച്ചു.
27ആഹാബ് ഇതുകേട്ടു വസ്ത്രം കീറി, ചാക്കുടുത്ത് ഉപവസിക്കുകയും ചാക്കു വിരിച്ച് ഉറങ്ങുകയും മനം തകർന്ന് തലതാഴ്ത്തി നടക്കുകയും ചെയ്തു.
28അപ്പോൾ തിഷ്ബ്യനായ ഏലിയായോടു കർത്താവ് അരുളിച്ചെയ്തു:
29ആഹാബ് എന്റെ മുൻപിൽ എളിമപ്പെട്ടതു കണ്ടില്ലേ? അവൻ തന്നെത്തന്നെതാഴ്ത്തിയതിനാൽ, അവന്റെ ജീവിതകാലത്തു ഞാൻ നാശം വരുത്തുകയില്ല. അവന്റെ പുത്രന്റെ കാലത്തായിരിക്കും ആ ഭവനത്തിനു ഞാൻ തിൻമ വരുത്തുക.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്