Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 രാജാക്കന്മാർ 18

അധ്യായങ്ങൾ

ഏലിയായും ബാലിൻെറ പ്രവാചകൻമാരും

1ഏറെനാൾ കഴിഞ്ഞ്, മൂന്നാംവർഷം കർത്താവ് ഏലിയായോടു കൽപിച്ചു: നീ ആഹാബിന്റെ മുൻപിൽ ചെല്ലുക; ഞാൻ ഭൂമിയിൽ മഴ പെയ്യിക്കും.
2ഏലിയാ ആഹാബിന്റെ അടുത്തേക്കു പുറപ്പെട്ടു. സമരിയായിൽ അപ്പോൾ ക്ഷാമം കഠിനമായിരുന്നു.
3ആഹാബ് തൻെറ കാര്യസ്ഥനായ ഒബാദിയായെ വരുത്തി, അവൻ വലിയ ദൈവഭക്തനായിരുന്നു.
4ജസെബെൽ കർത്താവിന്റെ പ്രവാചകൻമാരെ വധിച്ചപ്പോൾ, ഒബാദിയാ നൂറു പ്രവാചകൻമാരെ കൂട്ടിക്കൊണ്ടുപോയി, അൻപതുപേരെവീതം ഓരോ ഗുഹയിൽ ഒളിപ്പിച്ചു. അവൻ അവർക്കു ഭക്ഷണപാനീയങ്ങൾ കൊടുത്തു സംരക്ഷിച്ചു.
5ആഹാബ് ഒബാദിയായോടു പറഞ്ഞു: നീ നാട്ടിലുള്ള എല്ലാ അരുവികളിലും താഴ്വരകളിലും ചെന്നുനോക്കുക. കുതിരകളെയും കോവർകഴുതകളെയും ജീവനോടെ രക്ഷിക്കാൻ പുല്ലു കിട്ടിയെന്നുവരാം. മൃഗങ്ങളെല്ലാം നശിച്ചുപോകാതിരിക്കട്ടെ.
6അനേ്വഷണ സൗക ര്യത്തിന് രാജ്യം രണ്ടായി വിഭജിച്ചു. ആഹാബ് ഒരു വഴിക്കും ഒബാദിയാ വേറൊരു വഴിക്കും പുറപ്പെട്ടു.
7ഏലിയാ ഒബാദിയായെ വഴിക്കുവച്ചു കണ്ടുമുട്ടി. ഒബാദിയാ അവനെ തിരിച്ചറിഞ്ഞു. താണുവണങ്ങിക്കൊണ്ട് അവൻ ചോദിച്ചു: പ്രഭോ, അങ്ങ് ഏലിയാ അല്ലേ?
8അവൻ പറഞ്ഞു: ഞാൻ തന്നെ. ഏലിയാ ഇവിടെയുണ്ടെന്ന് ചെന്നു നിന്റെ യജമാനനോടു പറയുക.
9അവൻ പറഞ്ഞു: ഈ ദാസനെ ആഹാബിന്റെ കൈയിൽ കൊലയ്ക്ക് ഏൽപിക്കാൻ ഞാൻ എന്തു പാപംചെയ്തു?
10അങ്ങയുടെ ദൈവമായ കർത്താവാണേ, അങ്ങയെ അനേ്വഷിക്കാൻ എന്റെ യജമാനൻ ആളയയ്ക്കാത്ത രാജ്യമോ ജനതയോ ഇല്ല. അങ്ങ് അവിടെ ഇല്ലെന്ന് മറുപടി കിട്ടുമ്പോൾ അങ്ങയെ കണ്ടിട്ടില്ല എന്ന് അവൻ ഓരോ രാജ്യത്തെയും ജനതയെയുംകൊണ്ട് സത്യം ചെയ്യിക്കുന്നു.
11അങ്ങനെയിരിക്കെ, ഏലിയാ ഇവിടെയുണ്ട് എന്ന് എന്റെ യജമാനനെ അറിയിക്കാൻ അങ്ങു കൽപിക്കുന്നല്ലോ!
12ഞാൻ അങ്ങയുടെ അടുത്തുനിന്നു പോയാലുടനെ കർത്താവിന്റെ ആത്മാവ് ഞാൻ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ കൊണ്ടുപോകും. ആഹാബിനെ ഞാൻ വിവരം അറിയിക്കുകയും അവൻ അങ്ങയെ കണ്ടെണ്ടത്താതിരിക്കുകയും ചെയ്താൽ, അങ്ങയുടെ ഈ ദാസൻ ചെറുപ്പംമുതൽ കർത്താവിന്റെ ഭക്തനാണെങ്കിലും അവൻ എന്നെ വധിക്കും.
13ജസെബെൽ കർത്താവിന്റെ പ്രവാചകൻമാരെ വധിച്ചപ്പോൾ, ഒരു ഗുഹയിൽ അൻപതു പ്രവാചകൻമാരെ വീതം നൂറുപേരെ ഒളിപ്പിച്ച് അവർക്ക് ഭക്ഷണപാനീയങ്ങൾ നൽകി ഞാൻ സംരക്ഷിച്ചത് അങ്ങു കേട്ടിട്ടില്ലേ?
14എന്നിട്ടും, പോയി, ഏലിയാ ഇവിടെയുണ്ട് എന്ന് നിന്റെ യജമാനനോടു പറയുക എന്ന് അങ്ങ് കൽപിക്കുന്നു: അവൻ എന്നെ കൊല്ലും.
15ഏലിയാ പ്രതിവചിച്ചു: ഞാൻ സേവിക്കുന്ന കർത്താവാണേ, ഇന്നു ഞാൻ അവന്റെ മുൻപിൽ ചെല്ലും, തീർച്ച.
16അപ്പോൾ ഒബാദിയാ ചെന്ന് ആഹാബിനെ വിവരം അറിയിച്ചു. അവൻ ഏലിയായെ കാണാൻ വന്നു.
17ഏലിയായെ കണ്ടപ്പോൾ ആഹാബ് ചോദിച്ചു: ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്ന നീ തന്നെയോ ഇത്? അവൻ പ്രതിവചിച്ചു:
18ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, കർത്താവിന്റെ കൽപനകൾ നിരസിച്ച്, ബാൽദേവൻമാരെ സേവിക്കുന്ന നീയും നിന്റെ പിതാവിന്റെ ഭവനവുമാണ്.
19നീ ഇസ്രായേൽജനത്തെ മുഴുവൻ കാർമൽ മലയിൽ എന്റെയടുക്കൽ വിളിച്ചുകൂട്ടുക. ജസെബെൽ പോറ്റുന്ന ബാലിന്റെ നാനൂറ്റിയൻപതു പ്രവാചകൻമാരെയും, അഷേരായുടെ നാനൂറ് പ്രവാചകൻമാരെയും കൂട്ടിക്കൊണ്ടുവരുക.
20ആഹാബ് ഇസ്രായേൽജനത്തെയും പ്രവാചകൻമാരെയും കാർമൽമലയിൽ ഒരുമിച്ചുകൂട്ടി.
21ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങൾ എത്രനാൾ രണ്ടു വഞ്ചിയിൽ കാൽവയ്ക്കും? കർത്താവാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാലാണു ദൈവമെങ്കിൽ അവന്റെ പിന്നാലെ പോകുവിൻ. ജനം ഒന്നും പറഞ്ഞില്ല.
22ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കർത്താവിന്റെ പ്രവാചകൻമാരിൽ ഞാനേ ശേഷിച്ചിട്ടുള്ളു, ഞാൻ മാത്രം. ബാലിനാകട്ടെ നാനൂറ്റിയൻപതു പ്രവാചകൻമാരുണ്ട്.
23ഞങ്ങൾക്കു രണ്ടു കാളയെ തരുവിൻ. ഒന്നിനെ അവർ കഷണങ്ങളാക്കി വിറകിൻമേൽ വയ്ക്കട്ടെ; തീ കൊളുത്തരുത്. മറ്റേതിനെ ഞാനും ഒരുക്കി വിറകിൻമേൽവയ്ക്കാം. ഞാനും തീ കൊളുത്തുകയില്ല.
24നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ. ഞാൻ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാം. അഗ്നി അയച്ചു പ്രാർഥന കേൾക്കുന്ന ദൈവമായിരിക്കുംയഥാർഥദൈവം. വളരെ നല്ല അഭിപ്രായം, ജനം ഒന്നാകെപ്രതിവചിച്ചു.
25ബാലിന്റെ പ്രവാചകൻമാരോട് ഏലിയാ പറഞ്ഞു: ആദ്യം നിങ്ങൾ ഒരു കാളയെ ഒരുക്കിക്കൊള്ളുവിൻ, നിങ്ങൾ അനേകം പേരുണ്ടല്ലോ. നിങ്ങളുടെദേവനെ വിളിച്ചപേക്ഷിക്കുവിൻ. എന്നാൽ, തീ കൊളുത്തരുത്.
26അവർ കാളയെ ഒരുക്കി പ്രഭാതം മുതൽ മധ്യാഹ്നം വരെ ബാൽദേവാ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ എന്നു വിളിച്ചപേക്ഷിച്ചു. പ്രതികരണമുണ്ടായില്ല; ആരും ഉത്തരവും നൽകിയില്ല. ബലിപീഠത്തിനു ചുറ്റും അവർ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു.
27ഉച്ചയായപ്പോൾ ഏലിയാ അവരെ പരിഹസിച്ച് പറഞ്ഞു: ഉച്ചത്തിൽ വിളിക്കുവിൻ. ബാൽ ഒരു ദേവനാണല്ലോ. അവൻ ദിവാസ്വപ്നം കാണുകയായിരിക്കാം; ദിനചര്യ അനുഷ്ഠിക്കുകയാവാം;യാത്രപോയതാവാം, അല്ലെങ്കിൽ ഉറങ്ങുകയാവും, വിളിച്ചുണർത്തേണ്ടിയിരിക്കുന്നു.
28അപ്പോൾ അവർ ശബ്ദമുയർത്തി വിളിച്ചു; ആചാരമനുസരിച്ചു വാളുകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേൽപ്പിച്ചു, രക്തം ഒഴുകി.
29മധ്യാഹ്നം കഴിഞ്ഞിട്ടും അവർ ഉൻമത്തരായി വിളിച്ചുകൊണ്ടിരുന്നു. ബലിക്കു സമയമായി. എന്നിട്ടും ഒരു ശബ്ദവും ഉണ്ടായില്ല; ആരും ഉത്തരം നൽകിയില്ല. ആരും അവരുടെ പ്രാർഥന ശ്രവിച്ചില്ല.
30അപ്പോൾ, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിൻ: എല്ലാവരും ചെന്നു. കർത്താവിന്റെ തകർന്നുകിടന്നിരുന്ന ബലിപീഠം അവൻ കേടുപോക്കി.
31നിന്റെ നാമം ഇസ്രായേൽ എന്നായിരിക്കും എന്നു കർത്താവ് ആരോട് അരുളിച്ചെയ്തുവോ ആ യാക്കോബിൻെറ പുത്രൻമാരുടെ ഗോത്രസംഖ്യയനുസരിച്ച് അവൻ പന്ത്രണ്ട് കല്ലെടുത്തു.
32ആ കല്ലുകൾകൊണ്ട് അവൻ കർത്താവിന് ഒരു ബലിപീഠം നിർമിച്ചു. അതിനുചുറ്റും രണ്ട് അളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി.
33അവൻ വിറക് അടുക്കി കാളയെ കഷണങ്ങളാക്കി അതിൻമേൽ വച്ചു. അവൻ പറഞ്ഞു: നാലുകുടം വെള്ളം ദഹനബലിവസ്തുവിലും വിറകിലും ഒഴിക്കുവിൻ.
34അവൻ തുടർന്നു: വീണ്ടും അങ്ങനെ ചെയ്യുവിൻ; അവർ ചെയ്തു. അവൻ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിൻ. അവർ അങ്ങനെ ചെയ്തു.
35ബലിപീഠത്തിനു ചുറ്റും വെള്ളമൊഴുകി ചാലിൽ വെള്ളം നിറഞ്ഞു.
36ദഹനബലിയുടെ സമയമായപ്പോൾ ഏലിയാപ്രവാചകൻ അടുത്തുവന്നു പ്രാർഥിച്ചു: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കർത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണെന്നും, ഞാൻ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കൽപനയനുസരിച്ചാണു ഞാൻ ഇതു ചെയ്തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തണമേ!
37കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! അങ്ങ് മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർഥന കേൾക്കണമേ!
38ഉടനെ കർത്താവിൽ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു.
39ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചുപറഞ്ഞു: കർത്താവുതന്നെ ദൈവം! കർത്താവുതന്നെ ദൈവം!
40ഏലിയാ അവരോടു പറഞ്ഞു: ബാലിന്റെ പ്രവാചകൻമാരെ പിടിക്കുവിൻ, ഒരുവനും രക്ഷപെടരുത്. ജനം അവരെ പിടിച്ചു. ഏലിയാ അവരെ താഴെ കിഷോൻ അരുവിക്കു സമീപം കൊണ്ടുപോയി വധിച്ചു.

വരൾച്ച അവസാനിക്കുന്നു

41അനന്തരം, ഏലിയാ ആഹാബിനോടു പറഞ്ഞു: പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക. വലിയ മഴ ഇരമ്പുന്നു.
42ആഹാബ് ഭക്ഷണപാനീയങ്ങൾ കഴിക്കാൻ പോയി. ഏലിയാ കാർമൽമലയുടെ മുകളിൽ കയറി; അവൻ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകൾക്കിടയിലാക്കി ഇരുന്നു.
43അവൻ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കുനോക്കുക. അവൻ ചെന്നുനോക്കിയിട്ട്, ഒന്നുമില്ല എന്നുപറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക.
44ഏഴാം പ്രാവശ്യം അവൻ പറഞ്ഞു: ഇതാ കടലിൽനിന്ന് മനുഷ്യകരത്തോളമുള്ള ചെ റിയ ഒരു മേഘം പൊന്തിവരുന്നു. ഏലിയാ അവനോടു പറഞ്ഞു: മഴ തടസ്സമാകാതിരിക്കാൻ രഥം പൂട്ടി പുറപ്പെടുക എന്ന്ആഹാബിനോടു പറയുക.
45നൊടിയിടയിൽ ആകാശം മേഘാവൃതമായി, കറുത്തിരുണ്ടു, കാറ്റുവീശി; വലിയ മഴപെയ്തു. ആഹാബ് ജസ്രേലിലേക്കു രഥം ഓടിച്ചുപോയി.
46കർത്താവിന്റെ കരം ഏലിയായോടുകൂടെ ഉണ്ടായിരുന്നു. അവൻ അര മുറുക്കി, ആഹാബിനു മുൻപേ ജസ്രേൽകവാടംവരെ ഓടി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്