1 രാജാക്കന്മാർ 13
അധ്യായങ്ങൾ
ബഥേലിനെതിരേ പ്രവചനം
1ജറോബോവാം ധൂപാർപ്പണത്തിനു ബലിപീഠത്തിനരികെ നിൽക്കുമ്പോൾ, കർത്താവിന്റെ കൽപനയനുസരിച്ച് ഒരുദൈവപുരുഷൻ യൂദായിൽനിന്നു ബഥേലിൽ വന്നു.
2കർത്താവ് കൽപിച്ചതുപോലെ അവൻ ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കർത്താവ് അരുളിച്ചെയ്യുന്നു; ദാവീദിന്റെ ഭവനത്തിൽ ജോസിയാ എന്ന ഒരു പുത്രൻ ജനിക്കും. നിന്റെ മേൽ ധൂപാർപ്പണം നടത്തുന്ന പൂജാഗിരിയിലെ പുരോഹിതൻമാരെ അവൻ നിന്റെ മേൽവച്ചു ബലിയർപ്പിക്കും. മനുഷ്യാസ്ഥികൾ നിന്റെ മേൽ ഹോമിക്കും.
3അന്നുതന്നെ ഒരടയാളം കാണിച്ചുകൊണ്ട് അവൻ തുടർന്നു: കർത്താവാണു സംസാരിച്ചത് എന്നതിന്റെ അടയാളം ഇതാണ്; ഇതാ ഈ ബലിപീഠം പിളർന്ന് അതിൻമേലുള്ള ചാരം ഊർന്നുവീഴും.
4ദൈവപുരുഷൻ ബഥേലിലെ ബലിപീഠത്തിനെതിരേ പ്രഖ്യാപിച്ചതുകേട്ട് ജറോബോവാം പീഠത്തിനരികേനിന്ന് കൈനീട്ടിക്കൊണ്ട് അവനെ പിടിക്കാൻ കൽപിച്ചു. അപ്പോൾ അവന്റെ കരം മരവിച്ച് മടക്കാൻ കഴിയാതെയായി.
5കർത്താവിന്റെ കൽപനയാൽ ദൈവപുരുഷൻ കൊടുത്ത അടയാള മനുസരിച്ച് ബലിപീഠം പിളർന്ന് ചാരം ഊർന്നുവീണു.
6രാജാവ് അവനോടു പറഞ്ഞു: നിന്റെ ദൈവമായ കർത്താവിനോട് എനിക്കുവേണ്ടി ദയവായി പ്രാർഥിക്കുക; അവിടുന്ന് എന്റെ കരം സുഖപ്പെടുത്തട്ടെ. അവൻ കർത്താവിനോടു പ്രാർഥിച്ചു; രാജാവിന്റെ കരം പഴയപടിയായി.
7രാജാവ് അവനോടു പറഞ്ഞു: നീ എന്നോടുകൂടെ കൊട്ടാരത്തിൽ വന്ന് സത്കാരം സ്വീകരിക്കുക. ഞാൻ നിനക്ക് ഒരു സമ്മാനം തരാം.
8അവൻ പ്രതിവചിച്ചു: നിന്റെ കൊട്ടാരത്തിന്റെ പകുതി തന്നാലും ഞാൻ വരുകയില്ല. ഇവിടെവച്ചു ഞാൻ ഭക്ഷണപാനീയങ്ങൾ കഴിക്കുകയില്ല.
9ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ പോയവഴി മടങ്ങുകയോ ചെയ്യരുത് എന്ന് കർത്താവ് എന്നോടു കൽപിച്ചിട്ടുണ്ട്.
10അവൻ ബഥേലിൽനിന്നു വന്നവഴിയല്ലാതെ മറ്റൊരു വഴിക്ക് മടങ്ങിപ്പോയി.
11അക്കാലത്ത് ബഥേലിൽ ഒരു വൃദ്ധപ്രവാചകൻ ഉണ്ടായിരുന്നു. അവന്റെ പുത്രൻമാർ വന്ന് ദൈവപുരുഷൻ ചെയ്ത കാര്യങ്ങളും രാജാവിനോടു പറഞ്ഞവിവരങ്ങളും പിതാവിനെ അറിയിച്ചു.
12അവൻ അവരോടു ചോദിച്ചു: ഏതു വഴിക്കാണ് അവൻ പോയത്? യൂദായിൽനിന്നുള്ള ദൈവപുരുഷൻ പോയവഴി പുത്രൻമാർ അവനു കാട്ടിക്കൊടുത്തു.
13അവൻ അവരോടു പറഞ്ഞു: നിങ്ങൾ കഴുതയ്ക്കു ജീനിയിടുവിൻ. അവർ ജീനിയിട്ടു, അവൻ കഴുതപ്പുറത്തു കയറി.
14ദൈവപുരുഷൻ പോയ വഴിയേ അവൻ തിരിച്ചു; ഒരു ഓക്കുവൃക്ഷത്തിൻെറ ചുവട്ടിൽ അവൻ ഇരിക്കുന്നതു കണ്ടു ചോദിച്ചു: അങ്ങാണോ യൂദായിൽനിന്നു വന്ന ദൈവപുരുഷൻ? ഞാൻ തന്നെ, അവൻ പ്രതിവചിച്ചു.
15അങ്ങ് എന്നോടൊപ്പം വീട്ടിൽ വന്നു ഭക്ഷണം കഴിക്കുക എന്ന് അവൻ ദൈവപുരുഷനോടു പറഞ്ഞു.
16അവൻ പ്രതിവചിച്ചു: എനിക്ക് അങ്ങയോടുകൂടെ വരാനോ വീട്ടിൽ കയറാനോ ഇവിടെവച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കാനോ പാടില്ല.
17ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ, പോയവഴി മടങ്ങുകയോ ചെയ്യരുത് എന്ന് കർത്താവ് എന്നോടു കൽപിച്ചിട്ടുണ്ട്.
18വൃദ്ധൻ പറഞ്ഞു: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ്; ദൂതൻവഴി കർത്താവ് എന്നോടു കൽപിച്ചിരിക്കുന്നു; ഭക്ഷണം കഴിക്കാൻ അവനെ നീ വീട്ടിൽ കൊണ്ടുവരുക; അവൻ പറഞ്ഞതു വ്യാജമായിരുന്നു.
19ദൈവപുരുഷൻ അവനോടൊപ്പം വീട്ടിൽച്ചെന്ന് ഭക്ഷണപാനീയങ്ങൾ കഴിച്ചു.
20അവർ ഭക്ഷണത്തിനിരിക്കുമ്പോൾ ദൈവപുരുഷനെ വിളിച്ചുകൊണ്ടുവന്ന പ്രവാചകന് കർത്താവിന്റെ അരുളപ്പാടുണ്ടായി.
21അവൻ യൂദായിൽനിന്നു വന്ന ദൈപുരുഷനോട് ഉച്ചത്തിൽ പറഞ്ഞു: നീ കർത്താവിന്റെ വചനം ശ്രവിച്ചില്ല; കർത്താവായ ദൈവം നിന്നോടു കൽപിച്ചതുപോലെ നീ പ്രവർത്തിച്ചതുമില്ല.
22നീ തിരിച്ചുവരുകയും ഭക്ഷണപാനീയങ്ങൾ കഴിക്കരുതെന്ന് അവിടുന്ന് കൽപിച്ചിരുന്ന സ്ഥലത്തുവച്ചു നീ ഭക്ഷിക്കുകയും ചെയ്തു. അതുകൊണ്ട് നിന്റെ ജഡം നിന്റെ പിതാക്കൻമാരോടുകൂടെ സംസ്കരിക്കപ്പെടുകയില്ലെന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
23ഭക്ഷണത്തിനുശേഷം അവൻ , താൻ കൂട്ടിക്കൊണ്ടുവന്ന ദൈവപുരുഷനുവേണ്ടി കഴുതയ്ക്കു ജീനിയിട്ടു.
24മാർഗമധേ്യ ഒരു സിംഹം എതിരേ വന്ന് അവനെ കൊന്നു; ജഡത്തിനരികേ സിംഹവും കഴുതയും നിന്നു.
25വഴിപോക്കർ നിരത്തിൽ കിടക്കുന്ന ജഡവും അരികിൽ നിൽക്കുന്ന സിംഹത്തെയും കണ്ടു. അവർ വൃദ്ധപ്രവാചകൻ വസിക്കുന്ന പട്ടണത്തിൽ ചെന്ന് വിവരമറിയിച്ചു.
26അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ ഇതുകേട്ടു പറഞ്ഞു: കർത്താവിന്റെ കൽപന ലംഘിച്ച ദൈവപുരുഷൻതന്നെ അവൻ ! കർത്താവ് അരുളിച്ചെയ്തതുപോലെ അവനെ സിംഹത്തിന് വിട്ടുകൊടുക്കുകയും അത് അവനെ ചീന്തിക്കളയുകയും ചെയ്തു.
27അവൻ മക്കളോടു പറഞ്ഞു: കഴുതയ്ക്കു ജീനിയിടുവിൻ. അവർ അങ്ങനെ ചെയ്തു.
28അവൻ ചെന്ന് ദൈവപുരുഷന്റെ ജഡം വഴിയിൽ കിടക്കുന്നതും അതിനരികെ കഴുതയും സിംഹവും നിൽക്കുന്നതും കണ്ടു. സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തില്ല.
29ദുഃഖാചരണത്തിനും സംസ്കാരത്തിനുമായി വൃദ്ധപ്രവാചകൻ ജഡം കഴുതപ്പു റത്തുവച്ച് പട്ടണത്തിൽ കൊണ്ടുവന്നു.
30അവൻ തൻെറ സ്വന്തം കല്ലറയിൽ അവനെ സംസ്കരിച്ചു; അയ്യോ, സഹോദരാ എന്നുവിളിച്ച് അവർ വിലപിച്ചു.
31അനന്തരം, അവൻ പുത്രൻമാരോടു പറഞ്ഞു: ഞാൻ മരിക്കുമ്പോൾ ദൈവപുരുഷനെ അടക്കിയ കല്ലറയിൽത്തന്നെ എന്നെയും സംസ്കരിക്കണം. എന്റെ അസ്ഥികൾ അവന്റെ അസ്ഥികൾക്കരികേ നിക്ഷേപിക്കുക.
32ബഥേലിലെ ബലിപീഠത്തിനും സമരിയായിലെ പട്ടണങ്ങളിലുള്ള പൂജാഗിരികൾക്കും എതിരായി കർത്താവിന്റെ കൽപനപോലെ അവൻ പറഞ്ഞകാര്യങ്ങൾ നിശ്ചയമായും സംഭ വിക്കും.
33ജറോബോവാം അധർമത്തിൽനിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലുംനിന്നു പൂജാഗിരികളിൽ പുരോഹിതൻമാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവൻ പുരോഹിതൻമാരാക്കി.
34ഭൂമുഖത്തുനിന്നു നിർമാർജനം ചെയ്യപ്പെടത്തക്കവിധം ജറോബോവാമിന്റെ ഭവനത്തിന് ഇതു പാപമായിത്തീർന്നു.