1 രാജാക്കന്മാർ 12
അധ്യായങ്ങൾ
രാജ്യം വിഭജിക്കപ്പെടുന്നു
1ഇസ്രായേൽജനം തന്നെ രാജാവാക്കുന്നതിനു ഷെക്കെമിൽ സമ്മേളിച്ചതിനാൽ റഹോബോവാം അവിടെ വന്നു.
2നെബാത്തിൻെറ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്തിൽനിന്നു മടങ്ങിയെത്തി - സോളമൻരാജാവിൽനിന്ന് ഒളിച്ചോടിയ അവൻ ഇതുവരെ ഈജിപ്തിലായിരുന്നു.
3ഇസ്രായേൽജനം അവനെ ആളയച്ചു വരുത്തി; ജറോബോവാമും ഇസ്രായേൽജനവും റഹോബോവാമിൻെറ അടുത്തുവന്നു പറഞ്ഞു:
4അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ വച്ചതു ഭാരമേറിയ നുകമാണ്. ഞങ്ങളുടെജോലിയുടെ കാഠിന്യവും അവൻ വച്ച നുകത്തിന്റെ ഭാരവും അങ്ങു ലഘൂകരിക്കണം; ഞങ്ങൾ അങ്ങയെ സേവിക്കാം.
5അവൻ പറഞ്ഞു: നിങ്ങൾ ഇപ്പോൾ പോകുവിൻ. മൂന്നുദിവസം കഴിഞ്ഞുവരുവിൻ. ജനം മടങ്ങിപ്പോയി.
6റഹോബോവാം തൻെറ പിതാവായ സോളമൻരാജാവിൻെറ വൃദ്ധരായ ഉപദേശകൻമാരോട് ആലോചിച്ചു; ജനത്തിന് എന്ത് ഉത്തരം നൽകണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
7അവർ പറഞ്ഞു: അങ്ങ് അവർക്കു വഴങ്ങി അവരെ സേവിക്കുകയും അവർക്കു ദയാപൂർവം മറുപടി നൽകുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസൻമാരായിരിക്കും.
8മുതിർന്നവരുടെ ഉപദേശം നിരസിച്ച് അവൻ തന്നോടൊത്തു വളർന്ന പാർശ്വവർത്തികളായയുവാക്കൻമാരോട് ആലോചിച്ചു.
9അവൻ അവരോടുചോദിച്ചു: അങ്ങയുടെ പിതാവ് ഞങ്ങളുടെമേൽ വച്ച നുകം ലഘൂകരിക്കുക എന്നു പറയുന്ന ഈ ജനത്തിന് എന്തു മറുപടി നൽകണമെന്നാണ് നിങ്ങളുടെ അഭിപ്രായം?
10അവനോടൊപ്പം വളർന്നുവന്ന ആയുവാക്കൾ പറഞ്ഞു: അങ്ങയുടെ പിതാവ് ഞങ്ങളുടെ നുകത്തിന്റെ ഭാരം കൂട്ടി, അങ്ങ് അതു കുറച്ചുതരണം, എന്നുപറഞ്ഞഈ ജനത്തോടു പറയുക: എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാൾ മുഴുപ്പുള്ളതാണ്.
11അവൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു. ഞാൻ അതിന്റെ ഭാരം കൂട്ടും; അവൻ നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാൻ മുൾച്ചാട്ടകൊണ്ട് അടിക്കും.
12രാജാവിന്റെ നിർദേശമനുസരിച്ച് ജറോബോവാമും ജനവും മൂന്നാം ദിവസം റഹോബോവാമിൻെറ അടുക്കൽ വന്നു.
13മുതിർന്നവർ നൽകിയ ഉപദേശം അവഗണിച്ച്, രാജാവ് ജനത്തോടു പരുഷമായി സംസാരിച്ചു.
14യുവാക്കളുടെ ഉപദേശമനുസരിച്ച് അവൻ പറഞ്ഞു: എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം വച്ചു; ഞാൻ അതിന്റെ ഭാരം കൂട്ടും. എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; ഞാൻ മുൾച്ചാട്ടകൊണ്ട് അടിക്കും.
15രാജാവ് ജനത്തിന്റെ അപേക്ഷകേട്ടില്ല. നെബാത്തിൻെറ മകനായ ജറോബോവാമിനോടു ഷീലോന്യനായ അഹിയാ മുഖേന ദൈവമായ കർത്താവ് അരുളിച്ചെയ്തതു നിറവേറുന്നതിനാണ് ഇപ്രകാരം സംഭവിക്കാൻ അവിടുന്നിടയാക്കിയത്.
16രാജാവു തങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല എന്നുകണ്ട് ജനം പറഞ്ഞു: ദാവീദുമായി ഞങ്ങൾക്ക് എന്തു ബന്ധം? ജസ്സെയുടെ പുത്രനിൽ ഞങ്ങൾക്കെന്ത വകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിന്റെ കുടുംബംനോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേൽജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
17റഹോബോവാം യൂദാനഗരങ്ങളിൽ വസിച്ചിരുന്ന ഇസ്രായേൽ ജനത്തിന്റെ മേൽ വാഴ്ച നടത്തി.
18അവൻ അടിമവേലകളുടെ മേൽനോട്ടക്കാരനായ അദോറാമിനെ ഇസ്രായേലിലേക്ക് അയച്ചു; ഇസ്രായേൽജനം അവനെ കല്ലെറിഞ്ഞു കൊന്നു. ജറുസലെമിലേക്കു പലായനംചെയ്യാൻ റഹോബോവാംരാജാവ് അതിവേഗം തൻെറ രഥത്തിൽ കയറി.
19അങ്ങനെ, ഇസ്രായേൽ ദാവീദിന്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്.
20ജറോബോവാം മടങ്ങി വന്നെന്നു കേട്ടപ്പോൾ ഇസ്രായേൽജനം ഒരുമിച്ചുകൂടി, അവനെ വരുത്തി ഇസ്രായേലിന്റെ രാജാവാക്കി. യൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും ദാവീദിന്റെ ഭവനത്തെ അനുഗമിച്ചില്ല.
21സോളമന്റെ പുത്രൻ റഹോബോവാം ജറുസലെമിൽനിന്ന് ഇസ്രായേലിനോടുയുദ്ധംചെയ്ത് രാജ്യം വീണ്ടെടുക്കാൻ യൂദായുടെയും ബഞ്ചമിന്റെയും ഗോത്രങ്ങളിൽ നിന്ന്യുദ്ധവീരൻമാരായ ഒരു ലക്ഷത്തിയെൺപതിനായിരംപേരെ ശേഖരിച്ചു.
22എന്നാൽ, പ്രവാചകനായ ഷെമായായോട് ദൈവം അരുളിച്ചെയ്തു:
23 യൂദായിലെ രാജാവും സോളമന്റെ മകനുമായ റഹോബോവാമിനോടും, യൂദായുടെയും ബഞ്ചമിന്റെയും ഭവനങ്ങളോടും മറ്റു ജനത്തോടും പറയുക:
24കർത്താവ് അരുളിച്ചെയ്യുന്നു, നിങ്ങൾ മുൻപോട്ടു പോകരുത്; നിങ്ങളുടെ സഹോദരരായ ഇസ്രായേൽജനത്തോടുയുദ്ധം ചെയ്യരുത്. വീടുകളിലേക്കു മടങ്ങുവിൻ. ഞാനാണ് ഇതു പറയുന്നത്. കർത്താവിന്റെ വാക്കുകേട്ട് അവർ മടങ്ങിപ്പോയി.
ജറോബോവാം കർത്താവിൽനിന്ന് അകലുന്നു
25ജറോബോവാം എഫ്രായിം മലനാട്ടിൽഷെക്കെം ബലിഷ്ഠമാക്കി അവിടെ വസിച്ചു. പിന്നീട് അവിടെനിന്നു പോയി, പെനുവേലും ബലിഷ്ഠമാക്കി.
26അവൻ ആത്മഗതം ചെയ്തു: ദാവീദിന്റെ ഭവനത്തിലേക്കു രാജ്യം തിരികെപ്പോകും.
27ഈ ജനം ജറുസലെമിൽ കർത്താവിന്റെ ഭവനത്തിൽ ബലിയർപ്പിക്കാൻ പോയാൽ യൂദാരാജാവായ റഹോബോവാമിൻെറ നേർക്ക് അവരുടെ മനസ്സു തിരിയുകയും അവർ എന്നെ വധിച്ചതിനുശേഷം അവനെ അനുഗമിക്കുകയും ചെയ്യും.
28അതിനാൽ, രാജാവ് ഒരുപായം കണ്ടുപിടിച്ചു. സ്വർണംകൊണ്ട് രണ്ടു കാളക്കുട്ടികളെ നിർമിച്ചിട്ട് അവൻ ജനത്തോടു പറഞ്ഞു: നിങ്ങൾ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേൽജനമേ, ഇതാ, ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ച ദേവൻമാർ.
29അവൻ അവയിലൊന്നിനെ ബഥേലിലും ഒന്നിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇതു പാപമായിത്തീർന്നു.
30ബഥേലിലെയും ദാനിലെയും പ്രതിഷ്ഠകളുടെ അടുത്തേക്ക് ജനം പൊയ്ക്കൊണ്ടിരുന്നു.
31അവൻ പൂജാഗിരികൾ ഉണ്ടാക്കി, ലേവിഗോത്രത്തിൽപ്പെടാത്തവരെ പുരോഹിതൻമാരാക്കി.
32 യൂദായിൽ ആഘോഷിച്ചിരുന്നതിരുനാളിനു തുല്യമായി ജറോബോവാം എട്ടാംമാസം പതിനഞ്ചാം ദിവസം ഒരുത്സവം ഏർപ്പെടുത്തി, ബലിപീഠത്തിൽ അവൻ ബലികളർപ്പിച്ചു. താൻ നിർമിച്ച കാളക്കുട്ടികൾക്ക് ബഥേലിൽ അവൻ ഇപ്രകാരം ബലിയർപ്പിച്ചു. പൂജാഗിരികളിൽ നിയമിച്ചിരുന്ന പുരോഹിതൻമാരെ ബഥേലിൽ നിയമിച്ചു.
33അവൻ എട്ടാംമാസം പതിനഞ്ചാംദിവസം - സ്വാഭീഷ്ടപ്രകാരം നിശ്ചയിച്ച ദിവസം - ജനത്തിന് ഒരു ഉത്സവം ഏർപ്പെടുത്തുകയും ബഥേലിൽ താൻ പണിയിച്ച ബലിപീഠത്തിൽ ധൂപാർച്ചന നടത്തുന്നതിനു ചെല്ലുകയും ചെയ്തു.