1 രാജാക്കന്മാർ 20
അധ്യായങ്ങൾ
സിറിയായുമായിയുദ്ധം
1സിറിയാരാജാവായ ബൻഹദാദ് പടയൊരുക്കി. മുപ്പത്തിരണ്ടു നാടുവാഴികൾ തങ്ങളുടെ കുതിരകളോടും രഥങ്ങളോടുംകൂടെ അവന്റെ പക്ഷം ചേർന്നു. അവൻ ചെന്നു സമരിയായെ വളഞ്ഞ് ആക്രമിച്ചു.
2അവൻ പട്ടണത്തിലേക്കു ദൂതൻമാരെ അയച്ച് ഇസ്രായേൽരാജാവായ ആഹാബിനെ അറിയിച്ചു: ബൻഹദാദ് അറിയിക്കുന്നു,
3നിന്റെ വെള്ളിയും സ്വർണവും എൻേറതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എനിക്കുള്ളതാണ്.
4ഇസ്രായേൽ രാജാവു പറഞ്ഞു: പ്രഭോ, രാജാവായ അങ്ങു പറയുന്നതുപോലെ തന്നെ, ഞാനും എനിക്കുള്ളതും അങ്ങയുടേതാണ്.
5അവന്റെ ദൂതൻമാർ വന്നു വീണ്ടും പറഞ്ഞു; ബൻഹദാദ് അറിയിക്കുന്നു, നിന്റെ വെള്ളിയും സ്വർണവും ഭാര്യമാരും പുത്രൻമാരും എനിക്കുള്ളതാണെന്നു ഞാൻ പറഞ്ഞിരുന്നല്ലോ.
6നാളെ ഈ നേരത്തു ഞാൻ എന്റെ സേവകൻമാരെ അയയ്ക്കും. അവർ നിന്റെ അരമ നയും സേവകൻമാരുടെ വീടുകളും പരിശോധിച്ച് ഇഷ്ടമുള്ളതെല്ലാം എടുത്തുകൊണ്ടുപോരും.
7അപ്പോൾ ഇസ്രായേൽരാജാവ് എല്ലാ ശ്രേഷ്ഠൻമാരെയും വിളിച്ചുകൂട്ടി പറഞ്ഞു: ഇതാ; ഇവൻ നമ്മെ നശിപ്പിക്കാൻ ഒരുങ്ങുന്നു. അവൻ ദൂതൻമാരെ അയച്ച് എന്റെ ഭാര്യമാർ, കുഞ്ഞുങ്ങൾ, വെള്ളി, സ്വർണം ഇവയെല്ലാം ആവശ്യപ്പെട്ടു. ഞാൻ എതിർത്തില്ല.
8ശ്രേഷ്ഠൻമാരും ജനവും പറഞ്ഞു: അവൻ പറയുന്നതു കേൾക്കരുത്. സമ്മതിക്കുകയുമരുത്.
9അതിനാൽ, ആഹാബ് ബൻഹദാദിൻെറ ദൂതൻമാരോടു പറഞ്ഞു: എന്റെ യജമാനനായരാജാവിനെ അറിയിക്കുക; ഈ ദാസനോട് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാൻ ചെയ്യാം; എന്നാൽ, ഇതു സാധ്യമല്ല. ദൂതൻമാർ മടങ്ങിച്ചെന്നു വിവരമറിയിച്ചു.
10ബൻഹദാദ് വീണ്ടും പറഞ്ഞയച്ചു. എന്റെ അനുയായികൾക്ക് ഓരോപിടി വാരാൻ സമരിയായിലെ മണ്ണു തികഞ്ഞാൽ ദേവൻമാർ എന്നെ കഠിനമായി ശിക്ഷിക്കട്ടെ.
11ഇസ്രായേൽരാജാവ് പറഞ്ഞു: ബൻഹദാദ് രാജാവിനോടു പറയുക, പടയ്ക്കു മുൻപല്ല പിൻപാണു വമ്പുപറയേണ്ടത്.
12ബൻഹദാദും നാടുവാഴികളും കൂടാരങ്ങളിൽ കുടിച്ചുമദിക്കുമ്പോഴാണ് ആഹാബിന്റെ മറുപടി ലഭിച്ചത്. ഉടനെ അവൻ സൈന്യത്തിനു പുറപ്പെടാൻ ആജ്ഞ നൽകി. അവർ നഗരത്തിനെതിരേ നിലയുറപ്പിച്ചു.
13അപ്പോൾ ഒരു പ്രവാചകൻ ഇസ്രായേൽ രാജാവായ ആഹാബിനെ സമീപിച്ചു പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു: ഈ മഹാസൈന്യത്തെനീ കണ്ടില്ലേ? അതിന്റെ മേൽ നിനക്കു ഞാൻ ഇന്നു വിജയം നൽകും; ഞാനാണ് കർത്താവ് എന്നു നീ അറിയും.
14ആ ഹാബ് ചോദിച്ചു: ആരാണ് പൊരുതുക? പ്രവാചകൻ പറഞ്ഞു: കർത്താവ് കൽപിക്കുന്നു; ദേശാധിപതികളുടെ സേവകൻമാർയുദ്ധംചെയ്യട്ടെ. ആഹാബ് ചോദിച്ചു: ആരാണ് തുടങ്ങേണ്ടത്? നീതന്നെ, പ്രവാചകൻ പ്രതിവചിച്ചു.
15രാജാവ് ദേശാധിപതികളുടെ സേവകൻമാരെ അണിനിരത്തി. അവർ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരുണ്ടായിരുന്നു. അവരുടെ പിന്നിൽ ഏഴായിരം പേർ വരുന്ന ഇസ്രായേൽസൈന്യം നിരന്നു.
16അവർ ഉച്ചനേരത്തു പുറപ്പെട്ടു; അപ്പോൾ ബൻഹദാദും അവന്റെ പക്ഷംചേർന്നമുപ്പത്തിരണ്ടു നാടുവാഴികളും കൂടാരങ്ങളിൽ മദ്യപിച്ച് ഉൻമത്തരായിക്കൊണ്ടിരുന്നു.
17ദേശാധിപതികളുടെ സേവകൻമാർ ആദ്യം പുറപ്പെട്ടു. കാവൽ സംഘം മടങ്ങിച്ചെന്ന് സമരിയായിൽ നിന്നു സൈന്യം വരുന്നുണ്ടെന്നു ബൻഹദാദിനെ അറിയിച്ചു.
18അവൻ കൽപിച്ചു: അവർ വരുന്നതു സമാധാനത്തിനാണെങ്കിലുംയുദ്ധത്തിനാണെങ്കിലും അവരെ ജീവനോടെ പിടിക്കുവിൻ.
19ദേശാധിപതികളുടെ സേവകൻമാരും അവരുടെ പിന്നിൽ സൈന്യവും നഗരത്തിൽ നിന്നു പുറപ്പെട്ടു.
20ഓരോരുത്തരും തനിക്കെതിരേ വന്നവനെ വധിച്ചു. സിറിയാക്കാർ പലായനം ചെയ്തു; ഇസ്രായേൽ അവരെ പിൻതുടർന്നു. സിറിയാരാജാവായ ബൻഹ ദാദ് കുതിരപ്പുറത്തു കയറി ഏതാനും കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു.
21ഇസ്രായേൽരാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും സ്വന്തമാക്കി; സിറായാക്കാർ കൂട്ടക്കൊലയ്ക്കിരയായി.
22പ്രവാചകൻ വീണ്ടും ഇസ്രായേൽരാജാവിനോടു പറഞ്ഞു: ശക്തി സംഭരിക്കുക; കാര്യങ്ങൾ ശ്രദ്ധയോടെ ആസൂത്രണം ചെയ്യുക. സിറിയാരാജാവ് അടുത്ത വസന്തകാലത്ത് ആക്രമിക്കും.
23സേവകൻമാർ സിറിയാരാജാവിനെ ഉപദേശിച്ചു. ഇസ്രായേലിന്റെ ദേവൻമാർ ഗിരിദേവൻമാരാണ്. അതുകൊണ്ടാണ് അവർ നമ്മെക്കാൾ പ്രബലരായത്. സമതലത്തിൽവച്ചുയുദ്ധംചെയ്താൽ, അവരെ നിശ്ചയമായും കിഴടക്കാം.
24ഒരുകാര്യംകൂടി ചെയ്യണം, നാടുവാഴികളെ സ്ഥാനത്തുനിന്നു മാറ്റി, പകരം സൈന്യാധിപൻമാരെ നിയമിക്കുക.
25നഷ്ടപ്പെട്ടത്ര വലിയ സൈന്യത്തെ അണിനിരത്തണം - കുതിരയ്ക്കു കുതിര, രഥത്തിനു രഥം. നമുക്കവരെ സമതലത്തിൽവച്ചു നേരിടാം. നിശ്ചയമായും നമ്മൾ വിജയം വരിക്കും. ബൻഹദാദ് അവരുടെ അഭിപ്രായം സ്വീകരിച്ച്, അങ്ങനെ ചെയ്തു.
26വസന്തത്തിൽ ബൻഹദാദ് സിറിയാക്കാരെ സജ്ജീകരിച്ച് ഇസ്രായേലിനെതിരേയുദ്ധം ചെയ്യാൻ അഫേക്കിലേക്കു പോയി.
27ഇസ്രായേൽക്കാരും സന്നാഹങ്ങളോടുകൂടി അവർക്കെതിരേ വന്നു. ദേശം നിറഞ്ഞുനിന്ന സിറിയാക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടു ഗണമായി താവളമടിച്ച ഇസ്രായേൽസൈന്യം ചെറിയരണ്ട് ആട്ടിൻപറ്റംപോലെ തോന്നി.
28അപ്പോൾ ഒരു ദൈവപുരുഷൻ ഇസ്രായേൽ രാജാവിന്റെ അടുത്തെത്തി പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു; കർത്താവ് ഗിരിദേവനാണ്, സമതലപ്രദേശത്തെ ദേവനല്ല, എന്നു സിറിയാക്കാർ പറയുന്നതിനാൽ , ഞാൻ ഈ വലിയ സൈന്യത്തെ നിന്റെ കൈയിൽ ഏൽപിച്ചുതരും. ഞാനാണു കർത്താവെന്ന് നീ അറിയും.
29സൈന്യങ്ങൾ ഏഴുദിവസം മുഖാഭിമുഖമായി പാളയങ്ങളിൽ കഴിഞ്ഞുകൂടി. ഏഴാം ദിവസംയുദ്ധം തുടങ്ങി. ഇസ്രായേൽക്കാർ ഒറ്റദിവസംകൊണ്ട് ഒരുലക്ഷം സിറിയൻഭടൻമാരെ വധിച്ചു.
30അഫേക്ക് നഗരത്തിലേക്കു പലായനം ചെയ്ത ശേഷിച്ച ഇരുപത്തേഴായിരം ഭടൻമാരുടെമേൽ പട്ടണത്തിന്റെ മതിൽ ഇടിഞ്ഞുവീണു. ബൻഹദാദ് നഗരത്തിലെ ഒരു ഉള്ളറയിൽ ഓടിയൊളിച്ചു.
31സേവകൻമാർ അവനോടു പറഞ്ഞു: ഇസ്രായേൽരാജാക്കൻമാർ ദയയുള്ളവരാണെന്നു ഞങ്ങൾ കേട്ടിട്ടുണ്ട്, ചാക്കുടുത്തു തലയിൽ കയറു ചുറ്റി ഇസ്രായേൽ രാജാവിന്റെ അടുത്തേക്കു പോകാൻ ഞങ്ങളെ അനുവദിക്കുക. അവൻ അങ്ങയുടെ ജീവൻ രക്ഷിച്ചേക്കാം.
32അവർ ചാക്കുടുത്തു തലയിൽ കയറു ചുറ്റി ഇസ്രായേൽരാജാവിനെ സമീപിച്ചു പറഞ്ഞു: തൻെറ ജീവൻ രക്ഷിക്കണമെന്ന് അങ്ങയുടെ ദാസൻ ബൻഹദാദ്യാചിക്കുന്നു. ആഹാബ് പ്രതിവചിച്ചു: അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അവൻ എന്റെ സഹോദരനാണ്.
33ബൻഹദാദിൻെറ സേവകൻമാർ ഒരു ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. സഹോദരൻ എന്ന് ആഹാബ് പറഞ്ഞപ്പോൾ അവർ അതു ശുഭലക്ഷണമായി എടുത്തു പറഞ്ഞു: അതേ, അങ്ങയുടെ സഹോദരൻ ബൻഹദാദ്. ആ ഹാബ് കൽപിച്ചു: പോയി അവനെ കൊണ്ടുവരുവിൻ. ബൻഹദാദ് വന്നപ്പോൾ ആഹാബ് അവനെ തന്നോടൊപ്പം രഥത്തിൽ കയറ്റി.
34ബൻഹദാദ് ആഹാബിനോടു പറഞ്ഞു: എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്നു പിടിച്ചെടുത്ത പട്ടണങ്ങൾ ഞാൻ മടക്കിത്ത രാം, എന്റെ പിതാവ് സമരിയായിൽ ചെയ്ത തുപോലെ അങ്ങ് ദമാസ്ക്കസിൽ കച്ചവടകേന്ദ്രങ്ങൾ സ്ഥാപിച്ചാലും. ആഹാബ് പ്രതിവചിച്ചു: ഈ കരാറനുസരിച്ച് നിന്നെ വിട്ടയയ്ക്കുന്നു. അവൻ ഒരു ഉടമ്പടിചെയ്ത് ബൻഹദാദിനെ വിട്ടയച്ചു.
ആഹാബിനെതിരേ പ്രവചനം
35പ്രവാചകഗണത്തിൽപ്പെട്ട ഒരുവൻ മറ്റൊരുവനോട് എന്നെ അടിക്കുക എന്ന് കർത്താവിന്റെ കൽപനയനുസരിച്ച് ആവ ശ്യപ്പെട്ടു. അവൻ വിസമ്മതിച്ചു.
36അപ്പോൾ ഒന്നാമൻ പറഞ്ഞു: കർത്താവിന്റെ കൽപന അനുസരിക്കായ്കയാൽ ഇവിടെനിന്നു പോയാലുടനെ നിന്നെ ഒരു സിംഹം കൊല്ലും. അവൻ പുറപ്പെട്ടയുടനെ ഒരു സിംഹം എതിരേവന്ന് അവനെ കൊന്നു.
37അവൻ വേറൊരാളെ സമീപിച്ചു പറഞ്ഞു: എന്നെ അടിക്കുക. അവൻ അടിച്ചു മുറിവേൽപിച്ചു.
38അതിനുശേഷം പ്രവാചകൻ അവിടെനിന്നുപോയി. അവൻ ആളറിയാത്തവിധം മുഖംമൂടി രാജാവിനെ കാത്തു വഴിയിൽനിന്നു.
39രാജാവ് കടന്നുപോയപ്പോൾ പ്രവാചകൻ വിളിച്ചുപറഞ്ഞു: ഈ ദാസൻയുദ്ധക്കളത്തിൽ പടപൊരുതാൻപോയി; അപ്പോൾ ഒരു പടയാളി ഒരാളെ എന്റെ അടുത്തുകൊണ്ടുവന്നു പറഞ്ഞു, ഇവനെ കാത്തുകൊള്ളുക, ഇവൻ രക്ഷപെട്ടാൽ പകരം നിന്റെ ജീവൻ കൊടുക്കേണ്ടിവരും. അല്ലെങ്കിൽ, ഒരു താലന്ത്വെള്ളി ഈടാക്കും.
40എന്നാൽ, അങ്ങയുടെ ഈ ദാസൻ പല കാര്യങ്ങളിൽ വ്യാപൃതനായിരുന്നതിനാൽ അവൻ രക്ഷപെട്ടു. ഇസ്രായേൽരാജാവ് പറഞ്ഞു: നീ നിശ്ചയിച്ചവിധിതന്നെ നിനക്കിരിക്കട്ടെ.
41അവൻ തൽ ക്ഷണം മുഖംമൂടിയിരുന്നതുണി അഴിച്ചുമാറ്റി. പ്രവാചകൻമാരിൽ ഒരുവനാണ് അവനെന്ന് ഇസ്രായേൽരാജാവിനു മനസ്സിലായി.
42പ്രവാചകൻ രാജാവിനോടു പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു; ഞാൻ നശിപ്പിക്കാൻ ഉഴിഞ്ഞിട്ടിരുന്നവനെ നീ വിട്ടയച്ചു. എന്നാൽ, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും എടുക്കപ്പെടും.
43ഇസ്രായേൽരാജാവ് ദുഃഖാകുലനായി സമരിയായിലെ കൊട്ടാരത്തിലേക്കു മടങ്ങി.