1 ദിനവൃത്താന്തം 17
അധ്യായങ്ങൾ
നാഥാൻെറ പ്രവചനം
1ദാവീദ് കൊട്ടാരത്തിൽ വസിക്കുമ്പോൾ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാൻ ദേവദാരുനിർമിതമായ കൊട്ടാരത്തിൽ വസിക്കുന്നു. എന്നാൽ, കർത്താവിന്റെ പേടകം കൂടാരത്തിലാണ്.
2നാഥാൻ ദാവീദിനോടു പറഞ്ഞു: നീ വിചാരിക്കുന്നതുപോലെ ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.
3എന്നാൽ, ആ രാത്രിയിൽ കർത്താവ് നാഥാനോട് അരുളിച്ചെയ്തു:
4എന്റെ ദാസനായ ദാവീദിനോടു പറയുക, കർത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാൻ നീ ആലയം പണിയുകയില്ല.
5ഇസ്രായേലിനെ നയിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ ഞാൻ ആലയത്തിൽ വസിച്ചിട്ടില്ല, കൂടാരത്തിൽനിന്നു കൂടാരത്തിലേക്കും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കും ഞാൻ സഞ്ചരിച്ചു.
6ഇസ്രായേലിനോടുകൂടെ സഞ്ചരിക്കുമ്പോൾ എപ്പോഴെങ്കിലും എന്റെ ജനത്തെ മേയിക്കാൻ നിയോഗിച്ച ഇസ്രായേൽന്യായാധിപൻമാരിൽ ആരോടെങ്കിലും എനിക്കു ദേവദാരുകൊണ്ട് ആലയം പണിയിക്കാത്തതെന്തുകൊണ്ട് എന്നു ഞാൻ ചോദിച്ചിട്ടുണ്ടോ?
7എന്റെ ദാസനായ ദാവീദിനോടു നീ പറയണം, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു, ആടുമേയിച്ചുനടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു രാജാവായി ഞാൻ തിരഞ്ഞെടുത്തു.
8നീ പോയിടത്തെല്ലാം ഞാൻ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുൻപിൽനിന്നു ശത്രുക്കളെയെല്ലാം ഞാൻ ഛേദിച്ചുകളഞ്ഞു. ഞാൻ നിന്നെ ഭൂമിയിലെ എല്ലാ മഹാൻമാരെയുംകാൾ കീർത്തിമാനാക്കും.
9എന്റെ ജനമായ ഇസ്രായേലിന് ഞാൻ ഒരു സ്ഥലം നിശ്ചയിക്കും. സ്വന്തം സ്ഥലത്ത് അവർ സൈ്വരമായി വാസമുറപ്പിക്കും.
10ഇസ്രായേ ലിനെ ഭരിക്കാൻന്യായാധിപൻമാരെ നിയമിച്ച ആദ്യകാലത്തെന്നപോലെ അക്രമികൾ ഇ നി അവരെ നശിപ്പിക്കുകയില്ല. നിന്റെ ശത്രുക്കളെ ഞാൻ കീഴ്പ്പെടുത്തും. കൂടാതെ, ഞാ ൻ നിനക്ക് ഒരു ഭവനം പണിയും.
11നീ ആയുസ്സു പൂർത്തിയാക്കി പിതാക്കൻമാരോടു ചേരുമ്പോൾ നിന്റെ പിൻഗാമിയായി നിന്റെ മക്കളിൽ ഒരുവനെത്തന്നെ ഞാൻ ഉയർത്തുകയും അവന്റെ രാജ്യം സുസ്ഥിരമാക്കുകയും ചെയ്യും.
12അവൻ എനിക്ക് ആലയം പണിയും. അവന്റെ സിംഹാസനം ഞാൻ എന്നേക്കും നിലനിർത്തും.
13ഞാൻ അവനു പിതാവായിരിക്കും, അവൻ എനിക്കു പുത്രനും; നിന്റെ മുൻഗാമിയിൽനിന്ന് എന്നപോലെ ഞാൻ എന്റെ സ്നേഹം അവനിൽനിന്നു പിൻവലിക്കുകയില്ല.
14ഞാൻ അവനെ എന്റെ ഭവനത്തിലും എന്റെ രാജ്യത്തിലും എന്നേക്കും ഉറപ്പിക്കും. അവന്റെ സിംഹാസനം എന്നും നിലനിൽക്കും.
15ഈ ദർശനവും വാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു.
16അപ്പോൾ ദാവീദുരാജാവ് അകത്തുപോയി കർത്താവിന്റെ സന്നിധിയിൽ ഇരുന്നുപറഞ്ഞു. കർത്താവായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയിൽ എത്തിക്കാൻ ഞാനോ എന്റെ കുടുംബമോ എന്തുള്ളു!
17ദൈവമേ, അവിടുത്തേക്ക് ഇതു നിസ്സാരമായിരുന്നു. ഈ ദാസൻെറ കുടുംബത്തിനു വരാൻപോകുന്ന കാര്യങ്ങൾകൂടി അവിടുന്നു വെളിപ്പെടുത്തിയിരിക്കുന്നു. വരാനിരിക്കുന്നതലമുറകളെ അവിടുന്ന് എനിക്കു കാണിച്ചുതന്നിരിക്കുന്നു.
18അങ്ങ് ഈ ദാസനു നൽകിയ ബഹുമാനത്തെക്കുറിച്ച് ദാവീദിന് ഇനി എന്തുപറയാൻ കഴിയും? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ.
19കർത്താവേ, ഈ ദാസനുവേണ്ടി ഈ വലിയ കാര്യങ്ങളെല്ലാം അവിടുന്നു സ്വമനസാ ചെയ്തിരിക്കുന്നു; അവ പ്രസിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
20കർത്താവേ, അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടില്ല; അങ്ങല്ലാതെ വേറെദൈവമില്ല.
21അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിൽ വേറെഏതു ജനമുണ്ട്? അങ്ങ് ഇസ്രായേലിനെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു സ്വന്തം ജനമാക്കി; മഹാദ്ഭുതങ്ങളും കൊടുംചെയ്തികളും വഴി അവരുടെ മുൻപിൽനിന്നു ജനതകളെ നിർമാർജനം ചെയ്തു മഹത്വം ആർജിച്ചു.
22കർത്താവേ, അങ്ങ് ഇസ്രായേലിനെ എന്നേക്കും അങ്ങയുടെ ജനമായി തിരഞ്ഞെടുത്തു. അങ്ങ് അവർക്കു ദൈവമായിത്തീർന്നു.
23കർത്താവേ, ഈ ദാസനെയും കുടുംബത്തെയും സംബന്ധിക്കുന്ന അങ്ങയുടെ വാക്ക് എന്നേക്കും നിലനില്ക്കട്ടെ! അരുളിച്ചെയ്തതുപോലെ അവിടുന്ന് പ്രവർത്തിക്കണമേ!
24അങ്ങയുടെ നാമം എന്നേക്കും നിലനിൽക്കുകയും സൈന്യങ്ങളുടെ ദൈവമായ കർത്താവാണ് ഇസ്രായേലിന്റെ ദൈവം എന്ന് ഉദ്ഘോഷിക്കപ്പെടുകയും ചെയ്യട്ടെ! അങ്ങയുടെ ഈ ദാസൻെറ ഭവനം എന്നേക്കും അങ്ങയുടെ മുൻപിൽ നിലനിൽക്കട്ടെ!
25എന്റെ ദൈവമേ, അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയിൽ ഇങ്ങനെ പ്രാർഥിക്കാൻ ഈ ദാസൻ ധൈര്യപ്പെടുന്നു:
26കർത്താവേ, അങ്ങാണു ദൈവം. ഈ ദാസന് ഈ വലിയ നൻമകൾ അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നു.
27ആകയാൽ, അവിടുത്തെ ദാസൻെറ ഭവനത്തെ അനുഗ്രഹിക്കാൻ തിരുമനസ്സാകണമേ, അങ്ങനെ അത് എന്നും അവിടുത്തെ മുൻപിൽ ആയിരിക്കട്ടെ; എന്തെന്നാൽ കർത്താവേ, അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും.