ജ്ഞാനം 8
അധ്യായങ്ങൾ
ജ്ഞാനം അനുഗ്രഹത്തിൻെറ ഉറവിടം
1ഭൂമിയിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ജ്ഞാനം, സ്വാധീനം ചെലുത്തുന്നു. അവൾ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.
2ഞാൻ യൗവനംമുതൽ അവളെ സ്നേഹിക്കുകയും അനേ്വഷിക്കുകയും ചെയ്തു. അവളെ വരിക്കാൻ ഞാൻ അഭിലഷിച്ചു. അവളുടെ സൗന്ദര്യത്തിൽ ഞാൻ മതിമറന്നു.
3ദൈവത്തോടൊത്തു ജീവിച്ച് തൻെറ കുലീനജൻമം അവൾ മഹത്വപ്പെടുത്തുന്നു. എല്ലാറ്റിന്റെയും കർത്താവ് അവളെ സ്നേഹിക്കുന്നു.
4ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആദ്യത്തെ പടി അവളാണ്; അവിടുത്തെ പ്രവർത്തനങ്ങളിൽ കൂട്ടാളിയും.
5ധനസമ്പാദനം ജീവിതത്തിൽ അഭികാമ്യമാണെങ്കിൽ സർവവും സാധ്യമാക്കുന്ന ജ്ഞാനത്തിലുപരി ധനം എന്തുണ്ട്?
6അറിവ് പ്രവർത്തന ക്ഷമമാണെങ്കിൽ സകലതും വിരചിക്കുന്നത് അവളല്ലാതെ ആരാണ്?
7നീതിയെ സ്നേഹിക്കുന്നവന് അവളുടെ പ്രവർത്തനങ്ങളുടെ ഫലം നൻമയായിരിക്കും. ആത്മനിയന്ത്രണവും വിവേകവും നീതിയും ധൈര്യവും അവൾ പരിശീലിപ്പിക്കുന്നു. ജീവിതത്തിൽ ഇവയെക്കാൾ പ്രയോജനകരമായി ഒന്നുമില്ല.
8വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങൾ ഇച്ഛിക്കുന്നതെങ്കിൽ അവൾക്കു ഭൂതവും ഭാവിയും അറിയാം. മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവൾക്കറിയാം. അടയാളങ്ങളും അദ്ഭുതങ്ങളും അവൾ മുൻകൂട്ടി കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം അവൾക്കറിയാം.
9വ്യഗ്രതയിലും ദുഃഖത്തിലും അവൾ എനിക്കു സദുപദേശവും പ്രോത്സാഹനവും തരുമെന്നറിഞ്ഞ് ഞാൻ അവളെ എന്റെ സന്തത സഹചാരിണിയാക്കും.
10യുവാവെങ്കിലും എനിക്ക് അവൾമൂലം അനേകരുടെ ഇടയിൽ മഹത്വവും, ശ്രേഷ്ഠൻമാരുടെ മുൻപിൽ ബഹുമതിയും ലഭിക്കും.
11ന്യായവിചാരണയിൽ ഞാൻ സൂക്ഷ്മബുദ്ധി ഉള്ളവനായിരിക്കും. നാടുവാഴികൾ എന്നെ ശ്ലാഘിക്കും.
12ഞാൻ മൗനം ഭജിക്കുമ്പോൾ അവർ കാത്തുനിൽക്കും; സംസാരിക്കുമ്പോൾ ശ്രദ്ധിക്കുകയും ചെയ്യും; ഞാൻ ദീർഘമായി സംസാരിച്ചാലും നിശ്ശബ്ദരായി കേൾക്കും.
13അവൾ മൂലം എനിക്ക് അമർത്യത കൈവരും. പിൻഗാമികളിൽ എന്റെ സ്മരണ നിലനിൽക്കും.
14ഞാൻ ജനതകളെ ഭരിക്കും; രാജ്യങ്ങൾ എനിക്ക് അധീനമാകും.
15ഭീകരരായ ഏകാധിപതികൾ എന്നെക്കുറിച്ചു കേട്ടു ഭയചകിതരാകും; ജനം എന്നെ കഴിവുറ്റവനെന്നു ഗണിക്കും.യുദ്ധത്തിൽ ഞാൻ ധീരനായിരിക്കും.
16വീട്ടിലെത്തി ഞാൻ അവളുടെ സമീപത്ത് വിശ്രമം അനുഭവിക്കും. അവളുടെ മൈത്രിയിൽ തിക്തതാസ്പർശമില്ല. അവളോടൊത്തുള്ള ജീവിതം ദുഃഖരഹിതമാണ്; ആഹ്ലാദവും ആനന്ദവും മാത്രം.
17ജ്ഞാനത്തോടുള്ള ബന്ധത്തിൽ അമർത്യതയും
18അവളുടെ മൈത്രിയിൽ നിർമല മായ മോദവും അവളുടെ പ്രവൃത്തികളിൽ അക്ഷയസമ്പത്തും സംസർഗത്തിൽ വിവേകവും അവളുമായുള്ള സംഭാഷണത്തിൽയശസ്സും കുടികൊള്ളുന്നു എന്നു ചിന്തിച്ച് എങ്ങനെ അവളെ സ്വന്തമാക്കാം എന്നു തേടി ഞാൻ അലഞ്ഞു.
19ശൈശവം മുതലേ ഞാൻ അനുഗൃഹീതനും, നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്;
20അഥവാ ഞാൻ നല്ലവനാണ്. അതുകൊണ്ട് നിർമലമായ ശരീരം എനിക്കു ലഭിച്ചു.
21ദൈവം നൽകുന്നില്ലെങ്കിൽ ജ്ഞാനം എനിക്കു ലഭിക്കുകയില്ലെന്ന് ഞാൻ അറിഞ്ഞു. ആരുടെ ദാനമാണ് അവൾ എന്ന് അറിയുന്നത് ഉൾക്കാഴ്ചയുടെ ലക്ഷണമാണ്. അതുകൊണ്ട് ഞാൻ കർത്താവിനോട് ഉള്ളഴിഞ്ഞ് അപേക്ഷിച്ചു.