ജ്ഞാനം 11
അധ്യായങ്ങൾ
1വിശുദ്ധനായ ഒരു പ്രവാചകൻവഴി ജ്ഞാനം അവരുടെ പ്രവൃത്തികളെ ഐശ്വര്യപൂർണമാക്കി.
2അവർ നിർജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുകയും ആരും കടന്നുചെന്നിട്ടില്ലാത്ത സ്ഥലങ്ങളിൽ കൂടാരമടിക്കുകയും ചെയ്തു.
3അവർ ശത്രുക്കളെ ചെറുക്കുകയും, തോൽപിച്ചോടിക്കുകയും ചെയ്തു.
4ദാഹിച്ചപ്പോൾ ജനം അങ്ങയെ വിളിച്ചപേക്ഷിച്ചു; അങ്ങ് അവർക്കു കടുംപാറയിൽനിന്ന് ജലം നൽകി ദാഹശമനം വരുത്തി.
5ശത്രുക്കളെ ശിക്ഷിക്കാൻ ഉപയോഗിച്ചവസ്തുക്കൾതന്നെ അങ്ങയുടെ ജനത്തിനു ക്ലേശത്തിൽ ഉപകാരപ്രദമായി.
6ശിശുഹത്യയ്ക്കു കൽപന പുറപ്പെടുവിച്ചതിനുള്ള
7പ്രതിക്രിയയായി രക്തരൂക്ഷിതമായി കലങ്ങിമറിഞ്ഞൊഴുകുന്ന നദിക്കുപകരം, അവിടുന്ന് അവർക്ക് അപ്രതീക്ഷിതമായരീതിയിൽ സമൃദ്ധമായി ജലം നൽകി.
8അവരുടെ ശത്രുക്കളെ അവിടുന്ന് എങ്ങനെ ശിക്ഷിക്കുന്നു എന്ന് അവരുടെ കഠിനദാഹം വഴി അവിടുന്ന് അവർക്കു കാണിച്ചുകൊടുത്തു.
9കാരുണ്യപൂർവമായ ശിക്ഷണമായിരുന്നെങ്കിലും തങ്ങൾ പരീക്ഷിക്കപ്പെട്ടപ്പോൾ,ദൈവഭക്തിയില്ലാത്തവരെ ക്രോധത്തിൽ ശിക്ഷിക്കുന്നത് എത്ര കഠിനമായിട്ടാണെന്ന് അവർ അറിഞ്ഞു.
10പിതാവ് തെറ്റുതിരുത്താൻ ശിക്ഷിക്കുന്നതുപോലെ അങ്ങ് അവരെ ശോധനചെയ്തു. വിട്ടുവീഴ്ചയില്ലാത്ത രാജാവ് കുറ്റവാളികളെ ശിക്ഷിക്കുന്നതുപോലെ അങ്ങ് അധർമികളെ ശിക്ഷിച്ചു.
11അടുത്തോ അകലെയോ ആകട്ടെ, അവർ ഒന്നുപോലെ വേദന അനുഭവിച്ചു.
12രണ്ടു വിധത്തിൽ ദുഃഖം അവരെ കീഴ്പ്പെടുത്തി. പൂർവകാലസംഭവങ്ങൾ ഓർത്ത് അവർ ഞരങ്ങി.
13തങ്ങൾക്കുലഭിച്ച ശിക്ഷയിലൂടെ നീതിമാൻമാർക്കു നൻമ ലഭിച്ചെന്നു കേട്ടപ്പോൾ അവർ അതു കർത്താവിന്റെ പ്രവൃത്തിയാണെന്ന് അറിഞ്ഞു.
14പണ്ടേ തങ്ങൾ നിരാലംബനായി പുറംതള്ളുകയും പുച്ഛിച്ചുതള്ളുകയും ചെയ്തവനെക്കുറിച്ച്, സംഭവ പരിണാമം കണ്ട് അവർ വിസ്മയിച്ചു; നീതിമാൻമാരുടെയും തങ്ങളുടെയും ദാഹം വ്യത്യസ്തമാണെന്ന് അവർ കണ്ടു.
ദൈവത്തിൻെറ കാരുണ്യം
15സർപ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങൾക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേൽ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു.
16പാപം ചെയ്യാൻ ഉപയോഗിച്ചവസ്തുക്കൾ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവർ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്.
17രൂപരഹിതമായ പദാർഥത്തിൽനിന്ന് ലോകം സൃഷ്ടിച്ച അങ്ങയുടെ സർവശക്തമായ കരത്തിന് കരടികളുടെ കൂട്ടത്തെയോ, ധീരസിംഹങ്ങളെയോ അവരുടെമേൽ അയയ്ക്കാൻ പ്രയാസമുണ്ടായിരുന്നില്ല.
18അല്ലെങ്കിൽ, അജ്ഞാതമായ ക്രൂരജന്തുക്കളെ പുതുതായി സൃഷ്ടിച്ചയയ്ക്കാമായിരുന്നു. അല്ലെങ്കിൽ, അഗ്നിമയമായ ശ്വാസം ഊതുന്നതോ, കനത്ത ധൂമപടലം തുപ്പുന്നതോ, കണ്ണിൽനിന്നു തീപ്പൊരി പാറുന്നതോ ആയവയെ അയയ്ക്കാമായിരുന്നു.
19അവ ആക്രമിക്കേണ്ടാ, അവയുടെ ദർശനം മതി, മനുഷ്യരെ ഭയപ്പെടുത്തി, നിശ്ശേഷം നശിപ്പിക്കാൻ.
20ശിക്ഷാവിധി പിന്തുടരുന്ന അവരെ അങ്ങയുടെ ഒറ്റശ്വാസത്താൽ നിഗ്ര ഹിക്കാമായിരുന്നു; അങ്ങയുടെ ശക്തിയുടെ ശ്വാസത്താൽ ചിതറിക്കാമായിരുന്നു. എന്നാൽ, അങ്ങ് സർവവും എണ്ണിത്തൂക്കി, അളന്നു ക്രമപ്പെടുത്തിയിരിക്കുന്നു.
21മഹത്തായ ശക്തി അവിടുത്തേക്ക് അധീനമാണ്. അങ്ങയുടെ ഭുജബലത്തെ ചെറുക്കാനാർക്കു കഴിയും?
22ലോകം, അങ്ങയുടെ മുൻപിൽ, ത്രാസിലെ തരിപോലെയും, പ്രഭാതത്തിൽ ഉതിർന്നു വീഴുന്ന ഹിമകണംപോലെയുമാണ്.
23എന്നാൽ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു; അവിടുത്തേക്ക് എന്തും സാധ്യമാണല്ലോ. മനുഷ്യൻ പശ്ചാത്തപിക്കേണ്ടതിന് അവിടുന്ന് അവരുടെ പാപങ്ങളെ അവഗണിക്കുന്നു.
24എല്ലാറ്റിനെയും അങ്ങ് സ്നേഹിക്കുന്നു. അങ്ങ് സൃഷ്ടിച്ച ഒന്നിനെയും അങ്ങ്ദേ്വഷിക്കുന്നില്ല; ദേ്വഷിച്ചെങ്കിൽ സൃഷ്ടിക്കുമായിരുന്നില്ല.
25അങ്ങ് ഇച്ഛിക്കുന്നില്ലെങ്കിൽ, എന്തെങ്കിലും നിലനിൽക്കുമോ? അങ്ങ് അസ്തിത്വം നൽകിയില്ലെങ്കിൽ, എന്തെങ്കിലും പുലരുമോ?
26ജീവനുള്ളവയെ സ്നേഹിക്കുന്ന കർത്താവേ, സർവവും അങ്ങയുടേതാണ്. അങ്ങ് അവയോടു ദയ കാണിക്കുന്നു.