ജ്ഞാനം 3
അധ്യായങ്ങൾ
നീതിമാൻെറയും ദുഷ്ടൻെറയും പ്രതിഫലം
1നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പർശിക്കുകയില്ല.
2അവർ മരിച്ചതായി ഭോഷൻമാർ കരുതി;
3അവരുടെ മരണം പീഡനമായും നമ്മിൽ നിന്നുള്ള വേർപാട് നാശമായും അവർ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
4ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയിൽ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവർ.
5ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അൽപകാലശിക്ഷ ണത്തിനുശേഷം അവർക്കു വലിയ നൻമ കൈവരും.
6ഉലയിൽ സ്വർണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത് ദഹന ബലിയായി സ്വീകരിച്ചു.
7അവിടുത്തെ സന്ദർശനത്തിൽ അവർ പ്രശോഭിക്കും, വയ്ക്കോലിൽ തീപ്പൊരിയെന്നപോലെ അവർ കത്തിപ്പടരും.
8അവർ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കും. കർത്താവ് അവരെ എന്നേക്കും ഭരിക്കും.
9അവിടുത്തെ ആശ്രയിക്കുന്നവർ സത്യം ഗ്രഹിക്കും; വിശ്വസ്തർ അവിടുത്തെ സ്നേഹത്തിൽ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേൽ അവിടുന്ന് കരുണയും അനുഗ്രഹവും വർഷിക്കും; വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.
10നീതിമാനെ അവഗണിക്കുകയും കർത്താവിനെ ധിക്കരിക്കുകയും ചെയ്തതിനാൽ, അധർമിക്ക് അവന്റെ ചിന്തയ്ക്കൊത്തു ശിക്ഷലഭിക്കും.
11ജ്ഞാനവും പ്രബോധനവും പുച്ഛിച്ചുതള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ പ്രത്യാശ വ്യർഥവും പ്രയത്നം നിഷ്ഫലവുമാണ്; അവർ ഉണ്ടാക്കുന്നത് നിരുപയോഗവുമാണ്.
12അവരുടെ ഭാര്യമാർ ബുദ്ധിശൂന്യകളും മക്കൾ ദുർമാർഗികളുമാണ്.
13അവരുടെ സന്തതികൾ ശാപഗ്രസ്തരാണ്. പാപകരമായ വേഴ്ചയിൽ ഏർപ്പെടാത്തനിഷ്കളങ്കയായ വന്ധ്യ അനുഗൃഹീതയാണ്. ദൈവം ആത്മാക്കളെ ശോധന ചെയ്യുമ്പോൾ അവൾക്കു പ്രതിഫലം ലഭിക്കും.
14നിയമവിരുദ്ധമായ പ്രവൃത്തിയിൽ ഏർപ്പെടാത്ത ഷൺഡനും അനുഗൃഹീതനാണ്. നിയമവിരുദ്ധമായ പ്രവൃത്തിയിൽ ഏർപ്പെടുകയോ, കർത്താവിനെതിരേ അകൃത്യങ്ങൾ ആലോചിക്കുകയോ ചെയ്യാത്ത ഷൺഡനും അനുഗൃഹീതനാണ്. അവന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും. കർത്താവിന്റെ ആലയത്തിൽ അവന് ആ നന്ദകരമായ സ്ഥാനം ലഭിക്കും.
15സത് പ്രവൃത്തികൾ മഹത്തായ ഫലം ഉളവാക്കുന്നു. വിവേകത്തിന്റെ വേര് അറ്റുപോവുകയില്ല.
16വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും.
17ദീർഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാർധക്യവും അവ മാനം നിറഞ്ഞിരിക്കും.
18യൗവനത്തിൽ മരിച്ചാലും അവർക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തിൽ അവർക്ക് ആശ്വാസം ലഭിക്കുകയില്ല.
19അധർമികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും.