തോബിത് 6
അധ്യായങ്ങൾ
മത്സ്യം
1അവർയാത്ര ചെയ്തു വൈകുന്നേരം ടൈഗ്രീസ് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു.
2തോബിയാസ് കുളിക്കാൻ നദിയിലിറങ്ങി. അപ്പോൾ ഒരു മത്സ്യം മുകളിലേക്കു ചാടി. അത് അവനെ വിഴുങ്ങിക്കളയുമായിരുന്നു.
3മത്സ്യത്തെ പിടിക്കൂ എന്നു ദൂതൻ വിളിച്ചുപറഞ്ഞു: അവൻ മത്സ്യത്തെ പിടിച്ചു കരയിലേക്ക് എറിഞ്ഞു.
4ദൂതൻ പറഞ്ഞു: അതിനെ വെട്ടിപ്പിളർന്ന് അതിന്റെ ചങ്കും കരളും കയ്പയും എടുത്തു സൂക്ഷിക്കുക.
5അവൻ അങ്ങനെ ചെയ്തു. അനന്തരം, അവർ ആ മത്സ്യം പൊരിച്ചുതിന്നു. അവർയാത്ര തുടർന്ന് എക്ബത്താനായ്ക്കു സമീപമെത്തി.
6തോബിയാസ് ദൂതനോടു ചോദിച്ചു: സഹോദരനായ അസറിയാസ്, മത്സ്യത്തിന്റെ ചങ്കും കരളും കയ്പയും എന്തിനാണ്?
7അവൻ പറഞ്ഞു: ഒരു പിശാചോ അശുദ്ധാത്മാവോ ഏതെങ്കിലും സ്ത്രീയെയോ പുരുഷനെയോ ഉപദ്രവിച്ചാൽ ഈ ചങ്കും കരളും പുകച്ചാൽ മതി. അവയുടെ ശല്യം പിന്നെ ഉണ്ടാവുകയില്ല.
8തിമിരം ബാധിച്ച കണ്ണിൽ കയ്പ പുരട്ടിയാൽ അതു മാറും.
വിവാഹാലോചന
9അവർ എക്ബത്താനായിലെത്താറായി. അപ്പോൾ ദൂതൻ തോബിയാസിനോടു പറഞ്ഞു:
10സഹോദരാ, ഇന്നു നമുക്കു റഗുവേലിനോടുകൂടെ താമസിക്കാം. അവൻ നിന്റെ ബന്ധുവാണ്. അവന് ഒരു മകളേ ഉള്ളു - സാറാ. നീ അവളെ വിവാഹം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
11അവളുടെ സ്വത്തും നിനക്ക് അവകാശപ്പെട്ടതാണ്. അവൾക്ക് അർഹനായ ബന്ധു നീ മാത്രമാണ്.
12അവളാണെങ്കിൽ സുന്ദരിയും വിവേകവതിയുമാണ്. ഞാൻ പറയുന്നതു കേൾക്കുക. ഞാൻ അവളുടെ പിതാവിനോടു സംസാരിക്കാം. റാഗെസിൽ നിന്നു തിരിച്ചെത്തിയാലുടൻ വിവാഹം ആഘോഷിക്കുകയും ചെയ്യാം. മോശയുടെ നിയമമനുസരിച്ച് റഗുവേൽ നിനക്കുമാത്രമേ അവളെ വിവാഹം ചെയ്തു തരാവൂ. അല്ലെങ്കിൽ, അവൻ മരണശിക്ഷയ്ക്ക് അർഹനാകും. കാരണം, മറ്റാരെയുംകാൾ നിനക്കാണ് അവളുടെ മേൽ അവകാശം.
13അപ്പോൾ തോബിയാസ് ദൂതനോടു പറഞ്ഞു: സഹോദരൻ അസറിയാസ്, ആ പെൺകുട്ടി ഏഴുപേരെ വിവാഹം ചെയ്ത താണെന്നും അവർ ഓരോരുത്തരും മണവറയിൽവച്ചു മരിച്ചെന്നും ഞാൻ കേട്ടിട്ടുണ്ട്.
14ഞാനാണെങ്കിൽ എന്റെ പിതാവിന്റെ ഏക മകനാണ്. മണവറയിൽ പ്രവേശിച്ചാൽ ഞാനും എന്റെ മുൻഗാമികളെപ്പോലെ മരിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. ഒരു പിശാച് അവളിൽ അനുരക്തനാണ്. അവളെ സമീപിക്കുന്നവരെ മാത്രമേ അത് ഉപദ്രവിക്കാറുള്ളു. ഞാൻ മരിക്കുമെന്നും എന്റെ മരണം മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിക്കൊല്ലുമെന്നും ഞാൻ ഭയപ്പെടുന്നു. അവരെ സംസ്കരിക്കാൻ ഞാനല്ലാതെ മറ്റു സന്താനങ്ങളില്ല.
15ദൂതൻ പ്രതിവചിച്ചു: നിന്റെ ജനത്തിന്റെ ഇടയിൽ നിന്നുതന്നെ ഭാര്യയെ സ്വീകരിക്കണമെന്ന് നിന്റെ പിതാവ് ആജ്ഞാപിച്ചിട്ടുള്ളതു നീ ഓർക്കുന്നില്ലേ? സഹോദരാ, ഞാൻ പറയുന്നത് ശ്രദ്ധിക്കുക; ഇന്നു രാത്രിതന്നെ അവളെ നിനക്കു വിവാഹം ചെയ്തുതരും. പിശാചിനെപ്പറ്റി നീ പേടിക്കേണ്ടാ.
16നീ മണവറയിൽ പ്രവേശിക്കുമ്പോൾ പാത്രത്തിലെ കനലിൽ മത്സ്യത്തിന്റെ ചങ്കും കരളും ഇട്ടു പുകയ്ക്കുക.
17അതിന്റെ മണമേറ്റാലുടൻ പിശാച് ഓടിയകലും. പിന്നീടൊരിക്കലും വരുകയില്ല. നീ അവളെ സമീപിക്കുമ്പോൾ നിങ്ങൾ ഇരുവരും എഴുന്നേറ്റുനിന്ന് കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം; അവിടുന്ന് നിങ്ങളെ രക്ഷിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യും. നീ പേടിക്കേണ്ടാ. അനാദിമുതലേ അവൾ നിനക്കായി നിശ്ചയിക്കപ്പെട്ടവളാണ്. നീ അവളെ രക്ഷിക്കും. അവൾ നിന്നോടുകൂടെ വരുകയും ചെയ്യും, നിനക്ക് അവളിൽ സന്തതികൾ ഉണ്ടാകുമെന്നു ഞാൻ വിചാരിക്കുന്നു. തോബിയാസ് ഇതു കേട്ട് അവളിൽ അനുരക്തനായി, തീവ്രാഭിലാഷം പൂണ്ടു.