തോബിത് 11
അധ്യായങ്ങൾ
തോബിത് സുഖം പ്രാപിക്കുന്നു
1യാത്ര മംഗളകരമാക്കിയതിനു ദൈവത്തെ സ്തുതിച്ചുകൊണ്ടു തോബിയാസ് മടങ്ങിപ്പോയി. അവൻ റഗുവേലിനും അവന്റെ ഭാര്യ എദ്നായ്ക്കും മംഗളം നേർന്നു.യാത്രചെയ്ത് അവൻ നിനെവേക്ക് അടുത്തെത്തി.
2അപ്പോൾ റഫായേൽ തോബിയാസിനോടു പറഞ്ഞു: സഹോദരാ, ഏതു നിലയിലാണു പിതാവിനെ നീ വിട്ടുപോന്നതെന്ന് ഓർക്കുന്നില്ലേ?
3നമുക്കു വേഗം നിന്റെ ഭാര്യയ്ക്കു മുൻപേ പോയി വീട്ടിൽ വേണ്ട ഒരുക്കങ്ങൾ ചെയ്യാം.
4മത്സ്യത്തിന്റെ കയ്പകൂടി എടുത്തുകൊള്ളൂ. അവർ പോയി. നായ് അവരുടെ പുറകേ ഉണ്ടായിരുന്നു.
5അന്ന മകനെ നോക്കി വഴിയിൽ കണ്ണുനട്ടിരിക്കുകയായിരുന്നു.
6അവൻ വരുന്നതുകണ്ട് അവൾ അവന്റെ പിതാവിനോടു പറഞ്ഞു: ഇതാ, നിന്റെ പുത്രൻ വരുന്നു; അവനോടുകൂടെ പോയ ആളുമുണ്ട്.
7റഫായേൽ പറഞ്ഞു: തോബിയാസ്, നിന്റെ പിതാവിനു കാഴ്ച ലഭിക്കുമെന്ന് എനിക്കറിയാം.
8കയ്പ അവന്റെ കണ്ണുകളിൽ പുര ട്ടണം. ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ അവൻ കണ്ണു തിരുമ്മും. അപ്പോൾ വെളുത്ത പാടകൾ പൊഴിഞ്ഞുവീഴുകയും അവൻ നിന്നെ കാണുകയും ചെയ്യും.
9അന്ന ഓടിച്ചെന്ന് മകനെ ആശ്ലേഷിച്ചു. അവൾ അവനോടു പറഞ്ഞു: എന്റെ കുഞ്ഞേ, നിന്നെ കാണാൻ എനിക്ക് ഇടയായി. ഇനി മരിക്കാൻ ഞാൻ ഒരുക്കമാണ്. അവർ ഇരുവരും കരഞ്ഞു.
10വാതിൽക്കലേക്കു വരുമ്പോൾ തോബിത്തിന് കാലിടറി.
11പുത്രൻ ഓടിയെത്തി പിതാവിനെ താങ്ങി. കണ്ണുകളിൽ കയ്പ പുരട്ടിക്കൊണ്ട് അവൻ പറഞ്ഞു: പിതാവേ, സന്തോഷമായിരിക്കൂ.
12ചൊറിച്ചിൽ തോന്നിയപ്പോൾ തോബിത് കണ്ണുതിരുമ്മി.
13വെളുത്ത പാട കൺകോണുകളിൽനിന്നു പൊഴിഞ്ഞു വീണു.
14അപ്പോൾ അവൻ പുത്രനെ കണ്ടു; അവനെ ആലിംഗനം ചെയ്ത് കരഞ്ഞുകൊണ്ടു പറഞ്ഞു: ദൈവമേ, അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തപ്പെട്ടതാണ്. അവിടുത്തെ വിശുദ്ധ ദൂതൻമാരും വാഴ്ത്തപ്പെട്ടവരാണ്.
15അവിടുന്ന് എനിക്കു ദുരിതങ്ങൾ അയച്ചു. എന്നാലും എന്നോടു കരുണ കാട്ടി. ഇതാ, എന്റെ മകൻ തോബിയാസിനെ ഞാൻ കാണുന്നു. അവന്റെ മകൻ സന്തോഷത്തോടെ വീട്ടിനുള്ളിൽ പ്രവേശിച്ച് മേദിയായിൽ തനിക്കു സംഭവിച്ചവലിയ കാര്യങ്ങൾ പിതാവിനെ അറിയിച്ചു.
16തോബിത് സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട് മരുമകളെ സ്വീകരിക്കാൻ നിനെവേ നഗരത്തിന്റെ കവാടത്തിലേക്കു പുറപ്പെട്ടു. കണ്ടവരെല്ലാം അവനു കാഴ്ച വീണ്ടുകിട്ടിയതിൽ വിസ്മയിച്ചു.
17തന്നോടു കരുണ കാണിച്ച ദൈവത്തെ അവരുടെ മുൻപിൽവച്ചു തോബിത് സ്തുതിച്ചു. അവൻ തൻെറ മരുമകൾ സാറായുടെ അടുത്തെത്തി, അവളെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: മകളേ, സ്വാഗതം! നിന്നെ ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവന്ന ദൈവം വാഴ്ത്തപ്പെടട്ടെ! നിന്റെ മാതാപിതാക്കൾ അനുഗൃഹീതരാണ്. അങ്ങനെ നിനെവേയിൽ അവന്റെ സഹോദരരുടെ ഇടയിൽ ആനന്ദം കളിയാടി.
18അഹിക്കാറും അനന്തരവൻ നാദാബും വന്നു.
19തോബിയാസിന്റെ വിവാഹം ഏഴുദിവസം ആർഭാടപൂർവം ആഘോഷിച്ചു.