Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

തോബിത് 3

അധ്യായങ്ങൾ

തോബിത്തിൻെറ പ്രാർഥന

1ഞാൻ ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ ഞാൻ പ്രാർഥിച്ചു:
2കർത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങയുടെ പ്രവൃത്തികളും അങ്ങയുടെ മാർഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങയുടെ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്.
3എന്നെ ഓർക്കുകയും കാരുണ്യപൂർവം കടാക്ഷിക്കുകയും ചെയ്യണമേ! എന്റെയും എന്റെ പിതാക്കൻമാരുടെയും പാപങ്ങൾക്കും, ഞാൻ അറിയാതെ ചെയ്ത അപരാധങ്ങൾക്കും അങ്ങ് ശിക്ഷ നൽകരുതേ!
4അങ്ങയുടെ കൽപനകൾ അവർ പാലിച്ചില്ല. അതിനാൽ, അങ്ങ് ഞങ്ങളെ കവർച്ചയ്ക്കും അടിമത്തത്തിനും മരണത്തിനും ഏൽപിച്ചുകൊടുത്തു. ഞങ്ങൾ ചിതറിപ്പാർത്ത ഇടങ്ങളിലെ ജനതകൾക്ക് ഞങ്ങൾ പരിഹാസത്തിൻെറ പര്യായമായിത്തീർന്നു.
5എന്റെയും എന്റെ പിതാക്കൻമാരുടെയും പാപങ്ങൾക്ക് അങ്ങു നൽകിയ ശിക്ഷന്യായയുക്തമാണ്. കാരണം, ഞങ്ങൾ അങ്ങയുടെ കൽപനകൾ പാലിച്ചില്ല; ഞങ്ങൾ അങ്ങയുടെ മുൻപിൽ സത്യസന്ധരായി വർത്തിച്ചുമില്ല.
6അങ്ങ് ഇഷ്ടാനുസരണം എന്നോടു പ്രവർത്തിക്കുക. എന്റെ ജീവൻ തിരിച്ചെ ടുത്തുകൊള്ളുക; ഞാൻ മരിച്ചു മണ്ണായിത്തീർന്നുകൊള്ളട്ടെ. ജീവിക്കുന്നതിനെക്കാൾ ഭേദം മരിക്കുകയാണ്. മിഥ്യാപവാദങ്ങൾക്കു ഞാൻ ഇരയായിരിക്കുന്നു. എന്റെ ഹൃദയവ്യഥ ദുസ്സഹമാണ്. ഈ ദുഃഖത്തിൽനിന്നു മുക്തിനേടി ശാശ്വതഭവനത്തിലേക്കു പോകാൻ അങ്ങ് കൽപിച്ചാലും. അങ്ങ് എന്നിൽനിന്നു മുഖം തിരിക്കരുതേ!

സാറാ

7അന്നുതന്നെ മറ്റൊരു സംഭവമുണ്ടായി. മേദിയായിലെ എക്ബത്താനായിൽ റഗുവേ ലിൻെറ മകൾ സാറായെ അവളുടെ പിതാ വിൻെറ പരിചാരികമാർ അധിക്ഷേപിച്ചു.
8ഏഴുപ്രാവശ്യം വിവാഹം ചെയ്തതാണവൾ. എന്നാൽ, അവളെ പ്രാപിക്കുന്നതിനുമുൻപ് ഓരോ ഭർത്താവും അസ്മോദേവൂസ് എന്ന ദുഷ്ടപിശാചിനാൽ വധിക്കപ്പെട്ടിരുന്നു. അതിനാൽ, പരിചാരികമാർ അവളോടു ചോദിച്ചു: നീ തന്നെയല്ലേ, ഭർത്താക്കൻമാരെ കഴുത്തുഞെരിച്ചു കൊന്നത്? ഏഴുപേരെ നിനക്കു ലഭിച്ചു.
9എന്നാൽ, ആരുടെയും നാമം ധരിക്കാൻ നിനക്കിടയായില്ലല്ലോ! ഞങ്ങളെതല്ലുന്നതെന്തിനാണ്? അവർ മരിച്ചെങ്കിൽ നീയും അവരോടൊപ്പം പോവുക. നിന്റെ മകനെയോ മകളെയോ കാണാൻ ഞങ്ങൾക്ക് ഇടവരാതിരിക്കട്ടെ.
10ഇതെല്ലാം കേട്ടുണ്ടായ ദുഃഖത്തിൻെറ ആധിക്യത്താൽ തൂങ്ങിമരിച്ചുകളയാമെന്നുപോലും അവൾക്കു തോന്നിപ്പോയി. എങ്കിലും അവൾ പുനർവിചിന്തനം ചെയ്തു: ഞാൻ പിതാവിന്റെ ഏക മകളാണ്. ഞാൻ ഇങ്ങനെ ചെയ്താൽ അവനത് അപമാനകരമായിരിക്കാം; വൃദ്ധനായ എന്റെ പിതാവ് വേദനകൊണ്ടു മരിക്കും.
11അവൾ കിളിവാതിലിന്റെ അടുത്തുനിന്നു പ്രാർഥിച്ചു: എന്റെ ദൈവമായ കർത്താവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ! പരിശുദ്ധവും സംപൂജ്യവുമായ അങ്ങയുടെ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ.
12എല്ലാ സൃഷ്ടികളും അവിടുത്തെ എന്നെന്നും വാഴ്ത്തട്ടെ! എന്റെ ദൃഷ്ടികളും മുഖവും അങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു.
13എന്നെ ഈ ഭൂമിയിൽനിന്നു മോചിപ്പിക്കണമേ! ഞാൻ ഇനി അധിക്ഷേപങ്ങൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ!
14കർത്താവേ, ഞാൻ പുരുഷൻമാരുമായി പാപം ചെയ്തിട്ടില്ലെന്ന് അവിടുത്തേക്ക് അറിയാമല്ലോ.
15ഈ പ്രവാസത്തിൽ എന്റെ യോ പിതാവിന്റെ യോ പേരിന് ഞാൻ കളങ്കം വരുത്തിയിട്ടില്ല. പിതാവിന്റെ ഏകജാതയാണു ഞാൻ. അവകാശിയായി അവനു വേറെമക്കളില്ല. എനിക്കു ഭർത്താവാകാൻ അവന് ഉറ്റവനോ ഉറ്റവരുടെ മകനോ ഇല്ല. എന്റെ ഏഴു ഭർത്താക്കൻമാർ മരിച്ചു. ഇനി ഞാനെന്തിനു ജീവിക്കണം? ഞാൻ ജീവിക്കണമെന്നാണ് അവിടുത്തെ ഹിതമെങ്കിൽ എന്നെ കാരുണ്യപൂർവം കടാക്ഷിക്കേണമേ! ഇനി അധിക്ഷേപങ്ങൾ കേൾക്കാൻ ഇടവരാത്ത വിധം എനിക്കു മാന്യത നൽകണമേ!
16ഇരുവരുടെയും പ്രാർഥന ദൈവത്തിന്റെ മഹനീയ സന്നിധിയിൽ എത്തി.
17അവർ ഇരുവർക്കും ഉപശാന്തി നൽകാൻ - തോബിത്തിന്റെ കണ്ണുകളിലെ വെളുത്ത പടലം നീക്കംചെയ്യാനും, റഗുവേലിൻെറ പുത്രി സാറായെ തോബിത്തിന്റെ പുത്രൻ തോബിയാസിനു വധുവായി നൽകാനും, അസ്മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും- റഫായേൽ നിയുക്തനായി. സാറായെ സ്വന്തമാക്കാൻ തോബിയാസിനായിരുന്നു അവകാശം. തോബിത് മടങ്ങിവന്ന് വീട്ടിലേക്കു കയറിയതും, റഗുവേലിൻെറ പുത്രി സാറാ മുകളിലെ മുറിയിൽനിന്ന് ഇറങ്ങിവന്നതും ഒരേ നിമിഷത്തിലായിരുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്