ലേവ്യർ 3
അധ്യായങ്ങൾ
സമാധാനബലി
1സമാധാനബലിക്കായി കാലിക്കൂട്ടത്തിൽനിന്നാണു കർത്താവിനു കാഴ്ചകൊണ്ടുവരുന്നതെങ്കിൽ, അത് ഊനമറ്റ കാളയോ പശുവോ ആയിരിക്കണം.
2ബലിമൃഗത്തിന്റെ തലയിൽ കൈ വയ്ക്കുകയും സമാഗമകൂടാരത്തിന്റെ വാതിൽക്കൽവച്ച് അതിനെ കൊല്ലുകയും വേണം. അഹറോന്റെ പുത്രൻമാരായ പുരോഹിതൻമാർ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
3സമാധാന ബലിമൃഗത്തിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സ് കർത്താവിനു ദഹനബലിക്കായി എടുക്കണം.
4അതിന്റെ ഇരു വൃക്കകളും അവയോടൊപ്പം അരക്കെട്ടിലുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
5അഹറോന്റെ പുത്രൻമാർ അവ ബലിപീഠത്തിൽ വിറകിനു മുകളിൽവച്ച് അഗ്നിയിൽ ദഹിപ്പിക്കണം. അത് ദഹന ബലിയും കർത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
6ആട്ടിൻകൂട്ടത്തിൽനിന്നാണു സമാധാന ബലിക്കായി കർത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കിൽ അത് ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.
7ആട്ടിൻകുട്ടിയെയാണ് ബലിവസ്തുവായി സമർപ്പിക്കുന്നതെങ്കിൽ അതിനെ കർത്താവിന്റെ മുമ്പിൽകൊണ്ടുവരട്ടെ.
8അതിന്റെ തലയിൽ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുൻപിൽവച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രൻമാർ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
9സമാധാന ബലിമൃഗത്തിന്റെ മേദസ്സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സും, നട്ടെല്ലോടു ചേർത്തു മുറിച്ചെ ടുത്ത കൊഴുത്ത വാലും കർത്താവിനു ദഹന ബലിക്കായി എടുക്കണം.
10അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ളമേദസ്സും കരളിനു മുകളിലുള്ള നെയ്വ ലയും എടുക്കണം.
11പുരോഹിതൻ അവ കർത്താവിനു ഭോജനബലിയായി ബലിപീഠത്തിൽ ദഹിപ്പിക്കണം.
12ബലിമൃഗം കോലാടാണെങ്കിൽ അതിനെ കർത്താവിന്റെ മുമ്പിൽ കൊണ്ടുവരണം.
13അതിന്റെ തലയിൽ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്റെ മുമ്പിൽവച്ച് അതിനെ കൊല്ലണം. അഹറോന്റെ പുത്രൻമാർ അതിന്റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
14അതിന്റെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും കർത്താവിനു ദഹനബലിക്കായി എടുക്കണം.
15അതിന്റെ ഇരു വൃക്ക കളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ള നെയ്വലയും എടുക്കണം.
16പുരോഹിതൻ അവ ബലിപീഠത്തിൽവച്ചു ദഹിപ്പിക്കണം. അതു കർത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി അഗ്നിയിൽ സമർപ്പിക്കുന്ന ഭോജനബലിയാണ്. മേദസ്സു മുഴുവൻ കർത്താവിനുള്ളതത്രേ.
17രക്തവും മേദസ്സും ഭക്ഷിച്ചുകൂടാ എന്നത് നിങ്ങൾ വസിക്കുന്നിടത്തെല്ലാം തല മുറതോറും എന്നേക്കുമുള്ള ഒരു നിയമമായിരിക്കും.