ലേവ്യർ 10
അധ്യായങ്ങൾ
നാദാബും അബിഹുവും
1അഹറോന്റെ പുത്രൻമാരായ നാദാബും അബിഹുവും തങ്ങളുടെ ധൂപകലശങ്ങളെടുത്ത് തീ കൊളുത്തി. അതിൽ കുന്തുരുക്കമിട്ട് കർത്താവിന്റെ മുൻപിൽ അർപ്പിച്ചു. അവിടുന്ന് കൽപിച്ചിട്ടില്ലായ്കയാൽ ആ അഗ്നി അവിശുദ്ധമായിരുന്നു.
2അതിനാൽ, കർത്താവിന്റെ സന്നിധിയിൽനിന്ന് അഗ്നി ഇറങ്ങിവന്ന് അവരെ വിഴുങ്ങി. അവർ അവിടുത്തെ മുൻപിൽവച്ചു മരിച്ചു.
3അപ്പോൾമോശ അഹറോനോടു പറഞ്ഞു: കർത്താവ് അരുളിച്ചെയ്തിരിക്കുന്നു, എന്നെ സമീപിക്കുന്നവർക്ക് ഞാൻ പരിശുദ്ധനാണെന്നു കാണിച്ചുകൊടുക്കും. എല്ലാ ജനങ്ങളുടെയും മുൻപിൽ എന്റെ മഹത്വം ഞാൻ വെളിപ്പെടുത്തും. അഹറോൻ നിശ്ശബ്ദനായിരുന്നു.
4മോശ അഹറോന്റെ പിതൃസഹോദര നായ ഉസിയേലിൻെറ പുത്രൻമാരായ മിഷായെലിനെയും എൽസഫാനെയും വിളിച്ചുപറഞ്ഞു: വന്നു നിങ്ങളുടെ സഹോദരൻമാരെ കൂടാരത്തിനു മുൻപിൽനിന്നു പാളയത്തിനു വെളിയിൽ കൊണ്ടുപോകുവിൻ.
5മോശ പറഞ്ഞതുപോലെ അവർ ചെന്ന് അവരെ കുപ്പായങ്ങളോടുകൂടെ എടുത്തു പാളയത്തിനു പുറത്തുകൊണ്ടുപോയി.
6അനന്തരം, മോശ അഹറോനോടും അവന്റെ പുത്രൻമാരായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: നിങ്ങൾ തല നഗ്നമാക്കുകയോ വസ്ത്രം വലിച്ചുകീറുകയോ അരുത്. അങ്ങനെ ചെയ്താൽ, നിങ്ങൾ മരിക്കുകയും ജനം മുഴുവൻെറയും മേൽ ദൈവകോപം നിപതിക്കുകയും ചെയ്യും. എന്നാൽ, ഇസ്രായേൽ ഭവനം മുഴുവനിലുമുള്ള നിങ്ങളുടെ സഹോദരർ കർത്താവ് അയച്ച അഗ്നിയെക്കുറിച്ചു വിലപിച്ചുകൊള്ളട്ടെ.
7കർത്താവിന്റെ അഭിഷേകതൈലം നിങ്ങളുടെമേൽ ഉള്ളതിനാൽ നിങ്ങൾ സമാഗമകൂടാരത്തിന്റെ വാതിൽവിട്ടു പുറത്തുപോകരുത്. പോയാൽ, നിങ്ങൾ മരിക്കും. അവർ മോശയുടെ വാക്കനുസരിച്ചു പ്രവർത്തിച്ചു.
പുരോഹിതർക്കു നിയമങ്ങൾ
8കർത്താവ് അഹറോനോടു പറഞ്ഞു:
9നീയും പുത്രൻമാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോൾ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്; കുടിച്ചാൽ, നിങ്ങൾ മരിക്കും. ഇതു നിങ്ങൾക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
10വിശുദ്ധ വും അവിശുദ്ധവും, ശുദ്ധവും അശുദ്ധവും നിങ്ങൾ വേർതിരിച്ചറിയണം.
11കർത്താവ്മോശവഴി കൽപിച്ചിട്ടുള്ളവയെല്ലാം അനുഷ്ഠിക്കാൻ നിങ്ങൾ ഇസ്രായേൽ ജനത്തെ പഠിപ്പിക്കുകയും വേണം.
12മോശ അഹറോനോടും അവന്റെ ശേഷിച്ച രണ്ടു മക്കളായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: കർത്താവിനു സമർപ്പിച്ച ധാന്യബലിയിൽനിന്ന് അഗ്നിയിൽ ദഹിപ്പിച്ചതിനുശേഷമുള്ള ഭാഗമെടുത്ത് ബലിപീഠത്തിനു സമീപംവച്ച് പുളിപ്പു ചേർക്കാതെ ഭക്ഷിക്കുക. എന്തെന്നാൽ, അത് അതിവിശുദ്ധമാണ്.
13നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കർത്താവിന്റെ ദഹനബലികളിൽ നിന്ന് നിനക്കും നിന്റെ പുത്രൻമാർക്കും ഉള്ള അവകാശമാണ്. ഇങ്ങനെയാണ് എന്നോടു കൽപിച്ചിരിക്കുന്നത്.
14എന്നാൽ, നീരാജനം ചെയ്ത നെഞ്ചും കാഴ്ചവച്ച കുറകും ശുദ്ധിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ച് നീയും നിന്റെ പുത്രൻമാരും പുത്രികളും ഭക്ഷിച്ചു കൊള്ളുവിൻ. ഇസ്രായേൽ ജനത്തിന്റെ സമാധാനബലികളിൽനിന്നു നിനക്കും നിന്റെ സന്തതികൾക്കുമുള്ള അവകാശമാണത്.
15അർപ്പിക്കാനുള്ള കുറകും നീരാജനംചെയ്യാനുള്ള നെഞ്ചും ദഹനബലിക്കുള്ളമേദസ്സോടുകൂടെ അവർ കർത്താവിന്റെ മുൻപിൽ നീരാജനം ചെയ്യാൻ കൊണ്ടുവരണം. കർത്താവു കൽപിച്ചിട്ടുള്ളതുപോലെ നിനക്കും നിന്റെ മക്കൾക്കും നിത്യമായി നൽകിയിരിക്കുന്ന അവകാശമാണത്.
16അനന്തരം, മോശ പാപപരിഹാരബലിക്കുള്ള കോലാടിനെ അനേ്വഷിച്ചപ്പോൾ അതു ദഹിപ്പിക്കപ്പെട്ടിരിക്കുന്നതായിക്കണ്ടു. അവൻ അഹറോന്റെ ശേഷിച്ച പുത്രൻമാരായ എലെയാസറിനോടും ഇത്താമറിനോടും കോപത്തോടെ പറഞ്ഞു:
17നിങ്ങൾ എന്തുകൊണ്ട് പാപപരിഹാരബലി വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും, സമൂഹത്തിന്റെ കുറ്റം വഹിക്കാനും കർത്താവിന്റെ മുൻപിൽ അവർക്കുവേണ്ടി പരിഹാരം അനുഷ്ഠിക്കാനും ആയി നിങ്ങൾക്കു തന്നിരുന്നതുമാണല്ലോ.
18അതിന്റെ രക്തം നിങ്ങൾ കൂടാരത്തിനകത്തു കൊണ്ടുവന്നില്ല; ഞാൻ നിങ്ങളോടു കൽപിച്ചിരുന്നതുപോലെ നിങ്ങൾ അതു വിശുദ്ധ സ്ഥലത്തുവച്ചുതന്നെ ഭക്ഷിക്കേണ്ടതായിരുന്നു.
19അപ്പോൾ അഹറോൻ മോശയോടു പറഞ്ഞു: ഇതാ ഇന്ന് അവർ തങ്ങളുടെ ദഹന ബലിയും പാപപരിഹാരബലിയും കർത്താവിന്റെ സന്നിധിയിൽ അർപ്പിച്ചിരിക്കുന്നു. എന്നിട്ടും ഇവയൊക്കെ എനിക്കു സംഭവിച്ചു. ഞാൻ ഇന്നു പാപപരിഹാരബലി ഭക്ഷിച്ചിരുന്നുവെങ്കിൽ കർത്താവിന്റെ ദൃഷ്ടിയിൽ അതു സ്വീകാര്യമാകുമായിരുന്നോ?
20അതു കേട്ടപ്പോൾ മോശയ്ക്കു തൃപ്തിയായി.