ലേവ്യർ 21
അധ്യായങ്ങൾ
പൗരോഹിത്യ വിശുദ്ധി
1കർത്താവ് മോശയോട് അരുളിച്ചെയ്തു: അഹറോന്റെ പുത്രൻമാരായ പുരോഹിതൻമാരോടു പറയുക, പുരോഹിതൻമാരിലാരും തങ്ങളുടെ ജനങ്ങളിൽ മൃതരായവർക്കുവേണ്ടി സ്വയം അശുദ്ധരാകരുത്.
2എന്നാൽ, തൻെറ അടുത്ത ചാർച്ചക്കാരെപ്രതി - പിതാവ്, മാതാവ്, മകൻ , മകൾ, സഹോദരൻ എന്നിവരെ പ്രതി - അവൻ സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ.
3അതുപോലെ, കന്യകയായ സഹോദരിയെപ്രതിയും. അവിവാഹിതയായ അവൾ അവനു ബന്ധപ്പെട്ടവളാണ്.
4അവൻ തൻെറ ജനങ്ങളിൽ പ്രമുഖനായിരിക്കുകയാൽ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്.
5ദുഃഖസൂചകമായി പുരോഹിതൻമാർ തല മുൺഡനം ചെയ്യുകയോ താടി വടിക്കുകയോ ശരീരത്തിൽ മുറിവുണ്ടാക്കുകയോ അരുത്.
6ദൈവത്തിന്റെ മുൻപിൽ അവർ വിശുദ്ധരായിരിക്കണം. ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്. അവരാണ് ദൈവമായ കർത്താവിനു ദഹനബലികളും ഭോജന ബലികളും അർപ്പിക്കുന്നത്. അതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.
7അവർവേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ ഭർത്താവ് ഉപേക്ഷിച്ചവളെയോ വിവാഹംചെയ്യരുത്. എന്തെന്നാൽ, പുരോഹിതൻദൈവസന്നിധിയിൽ വിശുദ്ധനായിരിക്കണം.
8നിന്റെ ദൈവത്തിനു കാഴ്ചയപ്പം സമർപ്പിക്കുന്നതിനാൽ നീ അവനെ വിശുദ്ധീകരിക്കണം. അവൻ നിനക്കു വിശുദ്ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്ധീകരിക്കുന്ന കർത്താവായ ഞാൻ പരിശുദ്ധനാണ്.
9പുരോഹിതന്റെ മകൾ പരസംഗംചെയ്ത് തന്നെത്തന്നെ മലിനയാക്കിയാൽ അവൾ തൻെറ പിതാവിനെ അശുദ്ധനാക്കുന്നു. അവളെ അഗ്നിയിൽ ദഹിപ്പിക്കണം.
10അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വിശുദ്ധവസ്ത്രങ്ങൾ ധരിക്കാൻ പ്രതിഷ്ഠിക്കപ്പെട്ടവനും സഹോദരൻമാരിൽ പ്രധാന പുരോഹിതനുമായവൻ തൻെറ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.
11അവൻ ശവശരീരങ്ങൾ, സ്വന്തം മാതാവിന്റെ യോ പിതാവിന്റെ യോ തന്നെ ആയാലും, സ്പർശിക്കുകയോ അവയാൽ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്.
12അവൻ വിശുദ്ധസ്ഥലം വിട്ടു പുറത്തുപോകുകയോ ദൈവത്തിന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. എന്തെന്നാൽ, ദൈവത്തിന്റെ അഭിഷേകതൈലത്തിൻെറ കിരീടം അവന്റെ മേൽ ഉണ്ട്.
13ഞാനാണ് കർത്താവ്. കന്യകയെ ആയിരിക്കണം അവൻ ഭാര്യയായി സ്വീകരിക്കുന്നത്.
14വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, മലിനയാക്കപ്പെട്ടവൾ, വേശ്യ എന്നിവരെ അവൻ വിവാഹം ചെയ്യരുത്; സ്വജനത്തിൽനിന്ന് ഒരു കന്യകയെവേണം അവൻ ഭാര്യയായി സ്വീകരിക്കാൻ.
15അങ്ങനെ അവൻ തൻെറ മക്കളെ സ്വജനങ്ങളുടെ ഇടയിൽ അശുദ്ധരാക്കാതിരിക്കട്ടെ. ഞാനാണ് അവനെ വിശുദ്ധീകരിക്കുന്ന കർത്താവ്.
16കർത്താവ് മോശയോട് അരുളിച്ചെയ്തു:
17അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയിൽ എന്തെങ്കിലും അംഗവൈകല്യമുള്ളവർ ദൈവത്തിനു കാഴ്ചയപ്പം അർപ്പിക്കാൻ അടുത്തുവരരുത്.
18കുരുടൻ, മുടന്തൻ, വികൃതമായ മുഖമുള്ളവൻ, പതിഞ്ഞതോ അധികം പൊന്തിനിൽക്കുന്നതോ ആയ മൂക്കുള്ളവൻ,
19ഒടിഞ്ഞകൈയോ കാലോ ഉള്ളവൻ, തീരെ പൊക്കം കുറഞ്ഞവൻ, കാഴ്ചയ്ക്കു തകരാറുള്ളവൻ, ചൊറിയോ ചുണങ്ങോ ഉള്ളവൻ,
20ഉടഞ്ഞവൃഷണങ്ങൾ ഉള്ളവൻ എന്നിവർ അടുത്തു വരരുത്.
21പുരോഹിതനായ അഹറോന്റെ സന്തതികളിൽ അംഗവൈകല്യമുള്ള ഒരുവനും കർത്താവിനു ദഹനബലിയർപ്പിക്കാൻ അടുത്തു വരരുത്.
22എന്നാൽ, ദൈവത്തിന്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം.
23അവൻ ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗൻ അവിടെ വരരുത്. കാരണം, കർത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.
24അഹറോനോടും പുത്രൻമാരോടും ഇസ്രായേൽജനത്തോടും മോശ ഇക്കാര്യം പറഞ്ഞു.