Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജോഷ്വ 7

അധ്യായങ്ങൾ

ആഖാൻെറ പാപം

1തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയിൽനിന്ന് ഒന്നും എടുക്കരുതെന്ന് കർത്താവു നൽകിയ കൽപന ഇസ്രായേൽജനം ലംഘിച്ചു. യൂദാ ഗോത്രത്തിൽപ്പെട്ടസേരായുടെ മകൻ സബ്ദിയുടെ പൗത്രനും കാർമിയുടെ പുത്രനുമായ ആഖാൻ നിഷിദ്ധ വസ്തുക്കളിൽ ചിലതെടുത്തു. തൻമൂലം കർത്താവിന്റെ കോപം ഇസ്രായേൽ ജനത്തിനെതിരേ ജ്വലിച്ചു.
2ബഥേലിനു കിഴക്ക് ബേഥാവനു സമീപത്തുള്ള ആയ്പട്ടണത്തിലേക്ക് ജറീക്കോയിൽനിന്ന് ജോഷ്വ ആളുകളെ അയച്ചു പറഞ്ഞു: നിങ്ങൾ പോയി അവിടം രഹസ്യമായി നിരീക്ഷിക്കുവിൻ.
3അവർ അങ്ങനെ ചെയ്തു. അവർ തിരികെ വന്ന് ജോഷ്വയോടു പറഞ്ഞു. എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല; രണ്ടായിരമോ മൂവായിരമോ പേർ പോയി ആയിയെ ആക്രമിക്കട്ടെ. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ട തില്ല; കാരണം അവർ കുറച്ചുപേർ മാത്രമേയുള്ളു.
4അങ്ങനെ അവരിൽ നിന്ന് ഏകദേശം മൂവായിരം പേർ പോയി; എന്നാൽ അവർ ആയ്പട്ടണക്കാരുടെ മുൻപിൽ തോറ്റ് ഓടി.
5ആയ്നിവാസികൾ മുപ്പത്താറോളം പേരെ വധിച്ചു. അവർ അവരെ നഗരകവാടം മുതൽ ഷബാറിംവരെ പിന്തുടരുകയും താഴോട്ട് ഇറങ്ങുമ്പോൾ വധിക്കുകയും ചെയ്തു.
6ജനം ഭയചകിതരായി. ജോഷ്വ വസ്ത്രംകീറി. അവനും ഇസ്രായേലിലെ ശ്രേഷ്ഠൻമാരും ശിരസ്സിൽ പൊടിവാരിയിട്ടു സായാഹ്നംവരെ കർത്താവിന്റെ വാഗ്ദാനപേടകത്തിനു മുൻപിൽ സാഷ്ടാംഗം വീണുകിടന്നു.
7ജോഷ്വ പ്രാർഥിച്ചു: ദൈവമായ കർത്താവേ, അമോര്യരുടെ കരങ്ങളിൽ ഏൽപിച്ചു നശിപ്പിക്കുന്നതിന് അങ്ങ് ഈ ജനത്തെ എന്തിനു ജോർദാനിക്കരെ കൊണ്ടുവന്നു? അക്കരെ താമസിച്ചാൽ മതിയായിരുന്നു.
8കർത്താവേ, ഇസ്രായേൽക്കാർ ശത്രുക്കളോടു തോറ്റു പിൻവാങ്ങിയ ഈ അവസരത്തിൽ ഞാൻ എന്തുപറയേണ്ടു?
9കാനാന്യരും അവിടെയുള്ള മറ്റുള്ളവരും ഇതു കേൾക്കും. അവർ ഞങ്ങളെ വളയുകയും ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുകയും ചെയ്യുമ്പോൾ അങ്ങയുടെ നാമത്തിന്റെ മഹത്വം കാക്കാൻ എന്തുചെയ്യും?
10കർത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എഴുന്നേൽക്കുക; നീ എന്തിന് ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നു?
11ഇസ്രായേൽ പാപം ചെയ്തിരിക്കുന്നു; എന്റെ കൽപന അവർ ലംഘിച്ചു. നിഷിദ്ധവസ്തുക്ക ളിൽ ചിലത് അവർ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു.
12അതിനാൽ, ഇസ്രായേൽ ജനത്തിനു ശത്രുക്കളെ ചെറുത്തുനിൽക്കാൻ സാധിക്കുന്നില്ല; അവരുടെ മുൻപിൽ തോറ്റു പിൻമാറുന്നു. എന്തെന്നാൽ, അവർ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീർന്നിരിക്കുന്നു. നിങ്ങൾ എടുത്തനിഷിദ്ധവസ്തുക്കൾ നശിപ്പിക്കുന്നില്ലെങ്കിൽ ഞാൻ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
13നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ അവരോടു പറയുക. ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കൾ നിങ്ങളുടെയിടയിൽ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാൻ നിങ്ങൾക്കു സാധിക്കുകയില്ല.
14പ്രഭാതത്തിൽ ഗോത്രം ഗോത്രമായി നിങ്ങൾ വരണം. കർത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രം ഓരോ കുലമായും കുലം കുടുംബക്രമത്തിലും അടുത്തുവരണം. കർത്താവു വീണ്ടും ചൂണ്ടിക്കാണിക്കുന്ന കുടുംബത്തിൽനിന്ന് ഓരോരുത്തരായി മുന്നോട്ടുവരണം.
15നിഷിദ്ധവസ്തുക്കളോടുകൂടി പിടിക്കപ്പെടുന്നവനെ അവന്റെ സകല വസ്തുക്കളോടുംകൂടെ അഗ്നിക്കിരയാക്കണം. എന്തെന്നാൽ, അവൻ കർത്താവിന്റെ ഉടമ്പടി ലംഘിച്ച് ഇസ്രായേലിൽ മ്ലേച്ഛതപ്രവർത്തിച്ചിരിക്കുന്നു.
16ജോഷ്വ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേലിനെ ഗോത്രമുറയ്ക്കു വരുത്തി. അതിൽനിന്നു യൂദാഗോത്രത്തെ മാറ്റിനിർത്തി.
17അവൻ യൂദായുടെ കുലങ്ങളെ വരുത്തി അതിൽനിന്നു സേരാകുലത്തെ മാറ്റിനിർത്തി. പിന്നീട് അവൻ സേരാകുലത്തിലെ ഓരോ കുടുംബത്തെയും വരുത്തി അതിൽനിന്നു സബ്ദികുടുംബത്തെ വേർതിരിച്ചു.
18വീണ്ടും സബ്ദി കുടുംബത്തിൽനിന്ന് ഓരോരുത്തരെയും വരുത്തി. യൂദാഗോത്രത്തിലെ സേരായുടെ മകൻ സബ്ദിയുടെ പൗത്രനും കാർമിയുടെ പുത്രനുമായ ആഖാനെ മാറ്റിനിർത്തി. ജോഷ്വ ആഖാനോടു പറഞ്ഞു:
19എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ മഹത്വപ്പെടുത്തി അവിടുത്തെ സ്തുതിക്കുക. നീ എന്തുചെയ്തെന്ന് എന്നോടുപറയുക. എന്നിൽനിന്ന് ഒന്നും മറച്ചുവയ്ക്കരുത്.
20ആഖാൻമറുപടി പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കർത്താവിനെതിരേ ഞാൻ പാപം ചെയ്തിരിക്കുന്നു. ഞാൻ ചെയ്തതിതാണ്:
21കൊള്ളവസ്തുക്കളുടെകൂടെ ഷീനാറിൽനിന്നുള്ള അതിവിശിഷ്ടമായ ഒരു മേലങ്കിയും ഇരുനൂറു ഷെക്കൽ വെള്ളിയും അൻപതു ഷെക്കൽ തൂക്ക മുള്ള ഒരു സ്വർണക്കട്ടിയും ഞാൻ കണ്ടു. മോഹംതോന്നി ഞാൻ അവ എടുത്തു. വെ ള്ളി ഏറ്റവും അടിയിലായി, അവയെല്ലാം എന്റെ കൂടാരത്തിനുള്ളിൽ കുഴിച്ചിടുകയും ചെയ്തു.
22ഉടനെ ജോഷ്വ ദൂതൻമാരെ അയച്ചു: അവർ കൂടാരത്തിലേക്ക് ഓടി. വെള്ളി ഏറ്റവും അടിയിലായി, അവയെല്ലാം ഒളിച്ചു വച്ചിരിക്കുന്നത് അവർ കണ്ടു.
23അവർ കൂടാരത്തിൽ നിന്ന് അവയെടുത്ത് ജോഷ്വയുടെയും ഇസ്രായേൽ ജനത്തിന്റെയും മുൻപാകെ കൊണ്ടുവന്നു; അവർ അതു കർത്താവിന്റെ മുൻപിൽ നിരത്തിവച്ചു.
24ജോഷ്വയും ഇസ്രായേൽജനവും സേരായുടെ മകനായ ആഖാനെയും അവന്റെ പുത്രീപുത്രൻമാരെയും വെള്ളി, മേലങ്കി, സ്വർണക്കട്ടി എന്നിവയും, കാള, കഴുത, ആട്, കൂടാരം എന്നിങ്ങനെ അവനുള്ള സമസ്ത വസ്തുക്കളെയും ആഖോർ താഴ്വരയിലേക്കു കൊണ്ടുപോയി.
25അവിടെ എത്തിയപ്പോൾ ജോഷ്വ പറഞ്ഞു: നീ എന്തുകൊണ്ടാണ് ഞങ്ങളുടെമേൽ കഷ്ടതകൾ വരുത്തിവച്ചത്? നിന്റെ മേലും ഇന്നു കർത്താവ് കഷ്ടതകൾ വരുത്തും. അപ്പോൾ ഇസ്രായേൽജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകൾ അഗ്നിക്കിരയാക്കി.
26അവർ അവന്റെ മേൽ ഒരു വലിയ കൽക്കൂമ്പാരം ഉണ്ടാക്കി. അത് ഇന്നും അവിടെ ഉണ്ട്. അങ്ങനെ കർത്താവിന്റെ ഉജ്ജ്വലകോപം ശമിച്ചു. ഇന്നും ആ സ്ഥലം ആഖോറിന്റെ താഴ്വര എന്ന് അറിയപ്പെടുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്