ജോഷ്വ 3
അധ്യായങ്ങൾ
ജോർദാൻ കടക്കുന്നു
1ജോഷ്വ അതിരാവിലെ എഴുന്നേറ്റു സകല ഇസ്രായേല്യരോടുംകൂടെ ഷിത്തിമിൽനിന്നു പുറപ്പെട്ടു ജോർദാൻ നദിക്കരികെ എത്തി.
2മറുകര കടക്കാൻ സൗകര്യം പാർത്ത് അവിടെ കൂടാരമടിച്ചു.
3മൂന്നു ദിവസം കഴിഞ്ഞ് പ്രമാണികൾ പാളയത്തിലൂടെ നടന്ന് ജനത്തോടു കൽപിച്ചു: ലേവ്യ പുരോഹിതൻമാർ നിങ്ങളുടെ ദൈവമായ കർത്താവിന്റെ വാഗ്ദാനപേടകം സംവഹിക്കുന്നതു കാണുമ്പോൾ നിങ്ങൾ അവരെ അനുഗമിക്കുവിൻ.
4ഈ വഴിയിലൂടെ ഇതിനു മുൻപു നിങ്ങൾ പോയിട്ടില്ലാത്തതിനാൽ, പോകേണ്ട വഴി അവർ കാണിച്ചു തരും. എന്നാൽ, നിങ്ങൾക്കും വാഗ്ദാനപേടകത്തിനും ഇടയ്ക്കു രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കണം. അതിനെ സമീപിക്കരുത്.
5ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അദ്ഭുതങ്ങൾ പ്രവർത്തിക്കും.
6വാഗ്ദാന പേടകമെടുത്ത് ജനങ്ങൾക്കു മുമ്പേ നടക്കുവിൻ എന്ന് അവൻ പുരോഹിതൻമാരോടു പറഞ്ഞു: അവർ അപ്രകാരം ചെയ്തു.
7കർത്താവ് ജോഷ്വയോടു പറഞ്ഞു: ഞാൻ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് അവർ അറിയുന്നതിന് ഇന്നു നിന്നെ ഞാൻ ഇസ്രായേൽ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാൻ പോകുന്നു.
8ജോർദാനിലെ വെള്ളത്തിനരികിലെത്തുമ്പോൾ അവിടെ നിശ്ചലരായി നിൽക്കണമെന്ന് വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതൻമാരോടു നീ കൽപിക്കണം.
9ജോഷ്വ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങൾ അടുത്തുവന്നു ദൈവമായ കർത്താവിന്റെ വാക്കു കേൾക്കുവിൻ.
10അവൻ തുടർന്നു: ജീവിക്കുന്ന ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ടെന്നും കാനാന്യർ, ഹിത്യർ, ഹിവ്യർ, പെരീസ്യർ, ഗിർഗാഷ്യർ, അമോര്യർ, ജബൂസ്യർ എന്നിവരെ നിങ്ങളുടെ മുമ്പിൽനിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാൽ നിങ്ങൾ അറിയണം.
11ഭൂമി മുഴുവൻെറയും നാഥനായ കർത്താവിന്റെ വാഗ്ദാനപേടകം നിങ്ങൾക്കു മുമ്പേ ജോർദാനിലേക്കു പോകുന്നതു കണ്ടാലും.
12ഇസ്രായേൽ ഗോത്രങ്ങളിൽനിന്ന്, ഗോത്രത്തിന് ഒന്നുവീതം, പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുവിൻ.
13ഭൂമി മുഴുവൻെറയും നാഥനായ കർത്താവിന്റെ പേടകം വഹിക്കുന്ന പുരോഹിതൻമാരുടെ ഉള്ളങ്കാൽ ജോർദാനിലെ ജലത്തെ സ്പർശിക്കുമ്പോൾ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളിൽനിന്നുവരുന്ന വെള്ളം ചിറപോലെകെട്ടിനിൽക്കുകയും ചെയ്യും.
14തങ്ങൾക്കു മുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പോകുന്ന പുരോഹിതൻമാരുടെകൂടെ ജനം ജോർദാൻനദി കടക്കുന്നതിനു കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു.
15വാഗ്ദാനപേടകം വഹിച്ചിരുന്നവർ ജോർദാൻ നദീതീരത്തെത്തി. പേടകം വഹിച്ചിരുന്ന പുരോഹിതൻമാരുടെ പാദങ്ങൾ ജലത്തെ സ്പർശിച്ചു - കൊയ്ത്തുകാലം മുഴുവൻ ജോർദാൻ കരകവിഞ്ഞൊഴുകുക പതിവാണ്.
16വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ് ശേഷം വാർന്നുപോയി. ജനം ജറീക്കോയ്ക്കു നേരേ മറുകര കടന്നു.
17ഇസ്രായേൽജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോൾ കർത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട് പുരോഹിതൻമാർ ജോർദാന്റെ മധ്യത്തിൽ വരണ്ട നിലത്തുനിന്നു. സർവരും ജോർദാൻ കടക്കുന്നതുവരെ അവർ അവിടെ നിന്നു.