1 സാമുവൽ 16
അധ്യായങ്ങൾ
ദാവീദിൻെറ അഭിഷേകം
1കർത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തിൽനിന്ന് സാവൂളിനെ ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോർത്ത് നീ എത്രനാൾ വിലപിക്കും? കുഴലിൽ തൈലംനിറച്ചു പുറപ്പെടുക. ഞാൻ നിന്നെ ബേത്ലെഹെംകാരനായ ജസ്സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു.
2സാമുവൽ ചോദിച്ചു: ഞാൻ എങ്ങനെ പോകും? സാവൂൾ ഇതു കേട്ടാൽ എന്നെ കൊന്നുകളയും. കർത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കർത്താവിനു ബലിയർപ്പിക്കാൻ വന്നിരിക്കുകയാണെന്നു പറയുക.
3ജസ്സെയെയും ബലിയർപ്പണത്തിനു ക്ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ കാണിച്ചുതരാം. ഞാൻ പറയുന്നവനെ എനിക്കായി നീ അഭിഷേകംചെയ്യണം.
4കർത്താവ് കൽപിച്ചതുപോലെ സാമുവൽ പ്രവർത്തിച്ചു. അവൻ ബേത്ലെഹെമിലെത്തി. നഗരത്തിലെ ശ്രേഷ്ഠൻമാർ ഭയപരവശരായി അവനെ കാണാൻ വന്നു. അവർ ചോദിച്ചു: അങ്ങയുടെ വരവ് ശുഭസൂചകമോ?
5അതേ, അവൻ പറഞ്ഞു, ഞാൻ കർത്താവിനു ബലിയർപ്പിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് ബലിയർപ്പണത്തിന് എന്നോടൊത്തു വരുവിൻ. അനന്തരം, അവൻ ജസ്സെയെയും പുത്രൻമാരെയും ശുദ്ധീകരിച്ച് ബലിയർപ്പണത്തിനു ക്ഷണിച്ചു.
6അവൻ വന്നപ്പോൾ സാമുവൽ ഏലിയാബിനെ ശ്രദ്ധിച്ചു. കർത്താവിന്റെ അഭിഷിക്തനാണ് മുൻപിൽ നിൽക്കുന്നതെന്ന് അവനു തോന്നി.
7എന്നാൽ, കർത്താവ് സാമുവലിനോടു കൽപിച്ചു: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാൻ തിരസ്കരിച്ചതാണ്. മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു; കർത്താവാകട്ടെ ഹൃദയഭാവത്തിലും.
8ജസ്സെ അബിനാദാബിനെ സാമുവലിന്റെ മുൻപിൽ വരുത്തി. ഇവനെയും കർത്താവ് തിരഞ്ഞെടുത്തിട്ടില്ല എന്ന് സാമുവൽ പറഞ്ഞു.
9പിന്നെ ജസ്സെ ഷമ്മായെ വരുത്തി. കർത്താവ് തിരഞ്ഞെടുത്തവനല്ല ഇവനും എന്ന് അവൻ പറഞ്ഞു.
10ജസ്സെ തൻെറ ഏഴു പുത്രൻമാരെ സാമുവലിന്റെ മുൻപിൽ കൊണ്ടുവന്നു. അവൻ ജസ്സെയോടു പറഞ്ഞു: ഇവരെയാരെയും കർത്താവ് തിരഞ്ഞെടുത്തിട്ടില്ല.
11നിന്റെ പുത്രൻമാർ എല്ലാവരുമായോ എന്ന് സാമുവൽ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവൻ ആടുകളെ മേയിക്കാൻപോയിരിക്കുകയാണ്. അവൻ പറഞ്ഞു. അവനെ ആളയച്ചു വരുത്താൻ സാമുവൽ ആവശ്യപ്പെട്ടു. അവൻ വന്നിട്ടേ ഞങ്ങൾ ഭക്ഷണം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജസ്സെ അവനെ ആളയച്ചു വരുത്തി.
12പവിഴനിറവും മനോഹര നയനങ്ങളുമുള്ള അവൻ സുന്ദരനായിരുന്നു. കർത്താവ് കൽപിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവൻ അവൻ തന്നെ. സാമുവൽ അവനെ സഹോദരൻമാരുടെ മുൻപിൽവച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു.
13അന്നുമുതൽ കർത്താവിന്റെ ആത്മാവ് ദാവീദിന്റെ മേൽ ശക്തമായി ആ വസിച്ചു. സാമുവൽ റാമായിലേക്കു പോയി.
ദാവീദ് സാവൂളിനോടൊന്നിച്ച്
14കർത്താവിന്റെ ആത്മാവ് സാവൂളിനെ വിട്ടുപോയി. അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അവനെ പീഡിപ്പിച്ചു.
15സാവൂളിന്റെ ഭൃത്യൻമാർ അവനോടു പറഞ്ഞു: ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു.
16ആകയാൽ, കിന്നരം വായനയിൽ നിപുണനായ ഒരുവനെ അനേ്വഷിക്കാൻ അങ്ങ് അടിയങ്ങൾക്കു കൽപന തരണം. ദുരാത്മാവ്, അങ്ങയിൽ ആവസിക്കുമ്പോൾ അവൻ കിന്നരം വായിച്ച് അങ്ങേക്ക് ആശ്വാസം നൽകും.
17കിന്നരവായനയിൽ നിപുണനായ ഒരുവനെ തേടിപ്പിടിക്കാൻ സാവൂൾ ഭൃത്യൻമാരോടു കൽപിച്ചു.
18ബേത്ലെഹെംകാരനായ ജസ്സെയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട് എന്ന് ഭൃത്യരിൽ ഒരുവൻ പറഞ്ഞു. അവൻ കിന്നരവായനയിൽ നിപുണനും പരാക്രമിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും, കോമളനുമാണ്; കർത്താവ് അവനോടുകൂടെയുണ്ട്.
19സാവൂൾ ജസ്സെയുടെ അടുത്ത് ദൂതൻമാരെവിട്ട് ആട്ടിടയനായ നിന്റെ മകൻ ദാവീദിനെ എന്റെയടുക്കൽ അയയ്ക്കുക എന്ന് അറിയിച്ചു.
20ജസ്സെ ഒരു കഴുതയുടെ പുറത്ത്, കുറെഅപ്പം, ഒരു പാത്രം വീഞ്ഞ്, ഒരാട്ടിൻകുട്ടി എന്നിവ കയറ്റി തൻെറ മകൻ ദാവീദു വശം സാവൂളിനു കൊടുത്തയച്ചു.
21ദാവീദ് സാവൂളിന്റെ അടുക്കലെത്തി സേവനമാരംഭിച്ചു. സാവൂളിന് അവനെ വളരെയധികം ഇഷ്ടപ്പെട്ടു. ദാവീദ് അവന്റെ ആയുധവാഹകനായിത്തീർന്നു.
22സാവൂൾ ജസ്സെയുടെയടുക്കൽ ആളയച്ച് ദാവീദിനെ എനിക്കിഷ്ടപ്പെട്ടു, അവൻ ഇവിടെ നിൽക്കട്ടെ എന്ന് അറിയിച്ചു.
23ദൈവം അയച്ച ദുരാത്മാവ് സാവൂളിൽ പ്രവേശിക്കുമ്പോഴൊക്കെ ദാവീദ് കിന്നരം വായിക്കും. അതുവഴി അവന് ആശ്വാസവും സുഖവും ലഭിക്കുകയും ദുരാത്മാവ് അവനെ വിട്ടുമാറുകയും ചെയ്തിരുന്നു.