Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 സാമുവൽ 15

അധ്യായങ്ങൾ

സാവൂൾ കൽപന ലംഘിക്കുന്നു

1സാമുവൽ സാവൂളിനോടു പറഞ്ഞു: തൻെറ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാൻ കർത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാൽ കർത്താവിന്റെ വചനം കേട്ടുകൊള്ളുക.
2സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോരുമ്പോൾ വഴിയിൽവച്ച് അവരെ എതിർത്തതിന് ഞാൻ അമലേക്യരെ ശിക്ഷിക്കും.
3ആകയാൽ, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവർക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷൻമാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെയും കൊന്നുകളയുക.
4സാവൂൾ ജനത്തെ വിളിച്ചുകൂട്ടി തെലായിമിൽ വച്ച് അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടു ലക്ഷം കാലാൾപ്പടയും, യൂദാഗോത്രക്കാരായ പതിനായിരം പേരും ഉണ്ടായിരുന്നു.
5അനന്തരം, സാവൂൾ അമലേക്യരുടെ നഗരത്തിൽച്ചെന്ന് ഒരു താഴ്വ രയിൽ പതിയിരുന്നു.
6കേന്യരോട് അവൻ പറഞ്ഞു: ഞാൻ നിങ്ങളെ അമലേക്യരോടൊപ്പം നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെയിടയിൽ നിന്നു മാറിപ്പൊയ്ക്കൊള്ളുവിൻ. ഇസ്രായേൽ ഈജിപ്തിൽനിന്നു പോരുമ്പോൾ നിങ്ങൾ അവരോടു കാരുണ്യം കാണിച്ചല്ലോ. അങ്ങനെ കേന്യർ അമലേക്യരുടെയിടയിൽനിന്നു മാറിത്താമസിച്ചു.
7സാവൂൾ ഹവില മുതൽ ഈജിപ്തിനു കിഴക്ക് ഷൂർവരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.
8അമലേക്യരുടെ രാജാവായ അഗാഗിനെ അവൻ ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി.
9എന്നാൽ, സാവൂളും ജനവും അഗാഗിനെയും, ആടുമാടുകൾ, തടിച്ച മൃഗങ്ങൾ, കുഞ്ഞാടുകൾ എന്നിവയിൽ ഏറ്റവും നല്ലവയെയും - ഉത്തമമായവയൊക്കെയും - നശിപ്പിക്കാതെ സൂക്ഷിച്ചു. നിന്ദ്യവും നിസ്സാരവുമായവയെ അവർ നശിപ്പിച്ചു.
10കർത്താവ് സാമുവലിനോട് അരുളിച്ചെയ്തു:
11സാവൂളിനെ രാജാവാക്കിയതിൽ ഞാൻ ഖേദിക്കുന്നു. അവൻ എന്നിൽനിന്ന് അകലുകയും എന്റെ കൽപനകൾ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു. സാമുവൽ കോപാകുലനായി; രാത്രി മുഴുവൻ കർത്താവിനോടു കരഞ്ഞപേക്ഷിച്ചു.
12സാവൂളിനെ പ്രഭാതത്തിനുമുൻപേ കാണാൻ സാമുവൽ നേരത്തേ എഴുന്നേറ്റു. എന്നാൽ, സാവൂൾ കാർമലിലെത്തി തൻെറ തന്നെ വിജയസ്തംഭം നാട്ടിയിട്ട് ഗിൽഗാലിലേക്ക് മടങ്ങിപ്പോയെന്നു സാമുവലിന് അറിവുകിട്ടി.
13അവൻ സാവൂളിന്റെ അടുത്തെത്തി. സാവൂൾ പറഞ്ഞു: അങ്ങു കർത്താവിനാൽ അനുഗൃഹീതനാകട്ടെ! ഞാൻ കർത്താവിന്റെ കൽപന നിറവേറ്റിയിരിക്കുന്നു.
14സാമുവൽ ചോദിച്ചു: എന്റെ കാതുകളിൽ മുഴങ്ങുന്ന ആടുകളുടെ നിലവിളിയും കാളകളുടെ മുക്രയിടലും എന്താണർഥമാക്കുന്നത്?
15സാവൂൾ പ്രതിവചിച്ചു: ജനം അമലേക്യരിൽനിന്നു കൊണ്ടുവന്നതാണവ. നിന്റെ ദൈവമായ കർത്താവിനു ബലിയർപ്പിക്കാൻ അവർ ആടുകളിലും കാളകളിലും നിന്നു നല്ലതു സൂക്ഷിച്ചു. ശേഷിച്ചവയെ ഞങ്ങൾ നശിപ്പിച്ചുകളഞ്ഞു.
16നിർത്ത്, സാമുവൽ പറഞ്ഞു, കർത്താവ് ഈ രാത്രിയിൽ എന്നോടു പറഞ്ഞതെന്തെന്നു ഞാൻ അറിയിക്കാം. പറഞ്ഞാലും, സാവൂൾ പ്രതിവചിച്ചു.
17സാമുവൽ ചോദിച്ചു: സ്വന്തം ദൃഷ്ടിയിൽ നിസ്സാരനെങ്കിലും ഇസ്രായേൽ ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി കർത്താവ് നിന്നെ അഭിഷേകംചെയ്തു.
18പിന്നീടു കർത്താവ് ഒരു ദൗത്യമേൽപിച്ചുകൊണ്ട്, പോയി പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവർ നശിക്കുന്നതുവരെ അവരോടു പോരാടുക എന്നു നിന്നോടു പറഞ്ഞു.
19എന്തുകൊണ്ടാണ്, നീ കർത്താവിനെ അനുസരിക്കാതിരുന്നത്? കവർച്ചവസ്തുക്കളുടെമേൽ ചാടിവീണ് കർത്താവിന് അനിഷ്ടമായതു ചെയ്തതെന്തിനാണ്? സാവൂൾ പറഞ്ഞു:
20ഞാൻ കർത്താവിന്റെ വാക്ക് അനുസരിച്ചു. കർത്താവ് എന്നെ ഏൽപിച്ച ദൗത്യം ഞാൻ നിറവേറ്റി. അമലേക്യരാജാവായ അഗാഗിനെ ഞാൻ പിടിച്ചുകൊണ്ടുവന്നു. അമലേക്യരെയെല്ലാം നശിപ്പിച്ചു.
21എന്നാൽ, നശിപ്പിക്കപ്പെടേണ്ട കൊള്ളവസ്തുക്കളിൽ ഏറ്റവും നല്ല ആടുമാടുകളെ നിന്റെ ദൈവമായ കർത്താവിനു ബലിയർപ്പിക്കാൻ ജനം ഗിൽഗാലിൽകൊണ്ടുവന്നു.
22സാമുവൽ പറഞ്ഞു: തൻെറ കൽപന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അർപ്പിക്കുന്നതോ കർത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം; മു ട്ടാടുകളുടെ മേദസ്സിനെക്കാൾ ഉത്കൃ ഷ്ടം.
23മാത്സര്യം മന്ത്രവാദംപോലെ പാപമാണ്; മർക്കടമുഷ്ടി വിഗ്രഹാരാധനപോലെയും. കർത്താവിന്റെ വചനം നീ തിര സ്കരിച്ചതിനാൽ, അവിടുന്ന് രാജത്വത്തിൽ നിന്ന് നിന്നെയും തിരസ്കരിച്ചിരിക്കുന്നു.
24സാവൂൾ പറഞ്ഞു: ഞാൻ പാപം ചെയ്തു പോയി. ജനത്തെ ഭയപ്പെട്ട് അവരുടെ വാക്കു ഞാൻ അനുസരിച്ചു. കർത്താവിന്റെ കൽപനകളെയും അങ്ങയുടെ വാക്കുകളെയും ലംഘിച്ച് ഞാൻ തെറ്റു ചെയ്തു.
25അതിനാൽ, എന്റെ പാപം ക്ഷമിക്കണമെന്നും കർത്താവിനെ ആരാധിക്കുന്നതിന് അങ്ങ് എന്നോടുകൂടെ വരണമെന്നും ഇപ്പോൾ ഞാൻ അപേക്ഷിക്കുന്നു.
26സാമുവൽ പറഞ്ഞു. ഞാൻ നിന്നോടൊത്തു വരില്ല. നീ കർത്താവിന്റെ വചനം തിരസ്കരിച്ചതിനാൽ, ഇസ്രായേലിന്റെ രാജാവായിരിക്കുന്നതിൽനിന്നു നിന്നെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു.
27സാമുവൽ മടങ്ങിപ്പോകാൻ തിരിഞ്ഞപ്പോൾ സാവൂൾ അവന്റെ മേലങ്കിയുടെ വിളുമ്പിൽ പിടിച്ചുനിർത്തി, അതു കീറിപ്പോയി.
28സാമുവൽ പറഞ്ഞു: ഇന്നു കർത്താവ് ഇസ്രായേലിന്റെ രാജത്വം നിന്നിൽനിന്നു വേർപെടുത്തി നിന്നെക്കാൾ ഉത്തമനായ ഒരു അയൽക്കാരനു കൊടുത്തിരിക്കുന്നു.
29ഇസ്രായേലിന്റെ മഹത്വമായവൻ കള്ളം പറയുകയോ അനുതപിക്കുകയോ ഇല്ല; അനുത പിക്കാൻ അവിടുന്നു മനുഷ്യനല്ലല്ലോ. സാവൂൾ പറഞ്ഞു:
30ഞാൻ പാപം ചെയ്തുപോയി. എങ്കിലും, ഇപ്പോൾ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയും മുൻപിൽ എന്നെ ബഹുമാനിച്ച് അങ്ങയുടെ ദൈവമായ കർത്താവിനെ ആരാധിക്കാൻ എന്നോടൊത്തു വരണമേ!
31സാമുവൽ അവനോടുകൂടെ പോയി. സാവൂൾ കർത്താവിനെ ആരാധിച്ചു.
32അനന്തരം, സാമുവൽ കൽപിച്ചു: അമലേക്യരുടെ രാജാവായ അഗാഗിനെ ഇവിടെ എന്റെയടുക്കൽ കൊണ്ടുവരുക. അഗാഗ് സന്തുഷ്ടനായി, അവന്റെ യടുക്കൽ വന്നു; മരണം ഒഴിഞ്ഞുപോയല്ലോ എന്നാശ്വസിച്ചു.
33സാമുവൽ പറഞ്ഞു: നിന്റെ വാൾ സ്ത്രീകളെ സന്താനരഹിതരാക്കിയതുപോലെ, നിന്റെ അമ്മയും സന്താനരഹിതയാവട്ടെ. അനന്തരം, സാമുവൽ ഗിൽഗാലിൽ കർത്താവിന്റെ മുൻപിൽവച്ച് അഗാഗിനെ തുണ്ടം തുണ്ടമാക്കി.
34പിന്നീട് അവൻ റാമായിലേക്കു പോയി; സാവൂൾ ഗിബെയായിലുള്ള തൻെറ വീട്ടിലേക്കും.
35സാമുവൽ പിന്നീടൊരിക്കലും സാവൂളിനെ കണ്ടില്ല. അവനെ ഓർത്ത് സാമുവൽ ദുഃഖിച്ചു. സാവൂളിനെ ഇസ്രായേലിന്റെ രാജാവാക്കിയതിൽ കർത്താവ് ഖേദിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്