1 സാമുവൽ 13
അധ്യായങ്ങൾ
സാവൂൾ തിരസ്കൃതനാകുന്നു
2സാവൂൾ ഇസ്രായേലിൽനിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേർ അവനോടൊത്തു മിക്മാഷിലും ബഥേൽ മലനാട്ടിലും നിന്നു; ആയിരം പേർ ജോനാഥാനോടുകൂടെ ബഞ്ച മിൻെറ ഗിബെയാദേശത്തും ആയിരുന്നു.ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്ക് അയച്ചു.
3ഗേബായിലുള്ള ഫിലിസ്ത്യരുടെ കാവൽസൈന്യത്തെ ജോനാഥാൻ പരാജയപ്പെടുത്തി. ഫിലിസ്ത്യർ അതറിഞ്ഞു.ഹെബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞ് സാവൂൾ രാജ്യമൊട്ടുക്കു കാഹളം മുഴക്കി.
4സാവൂൾ ഫിലിസ്ത്യരുടെ കാവൽഭടൻമാരെ പരാജയപ്പെടുത്തിയെന്നും ഫിലിസ്ത്യർ തങ്ങളെ വെറുക്കുന്നുവെന്നും ഇസ്രായേല്യർ അറിഞ്ഞു. അതിനാൽ, അവർ ഗിൽഗാലിൽ സാവൂളിന്റെ അടുക്കൽ വന്നുകൂടി.
5ഫിലിസ്ത്യർ ഇസ്രായേലിനോടുയുദ്ധംചെയ്യാൻ സൈന്യത്തെ ഒരുമിച്ചുകൂട്ടി - മുപ്പതിനായിരം രഥങ്ങൾ, ആറായിരം കുതിരപ്പടയാളികൾ, കടൽത്തീരത്തെ മണൽത്തരിപോലെ എണ്ണ മറ്റ കാലാൾപ്പട. അവർ ബത്താവനു കിഴക്കുള്ള മിക്മാഷിൽ കൂടാരമടിച്ചു.
6അപകടസ്ഥിതിയിലാണെന്നു മനസ്സിലായപ്പോൾ ഇസ്രായേല്യർ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലും ഒളിച്ചു.
7ചിലർ ജോർദാൻനദി കടന്ന് ഗാദിലും ഗിലയാദിലും എത്തി. സാവൂൾ ഗിൽഗാലിൽത്തന്നെ ഉണ്ടായിരുന്നു. അനുയായികളാകട്ടെ ഭയചകിതരുമായിരുന്നു.
8സാവൂൾ സാമുവലിന്റെ നിർദേശമനുസരിച്ച് ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാൽ, അവൻ ഗിൽഗാലിൽ വന്നില്ല. അതിനാൽ, ജനം സാവൂളിനെ വിട്ടുപിരിയാൻ തുടങ്ങി.
9സാവൂൾ പറഞ്ഞു: ദഹനബ ലിക്കും സമാധാനബലിക്കുമുള്ള വസ്തുക്കൾ എന്റെ യടുത്തു കൊണ്ടുവരുവിൻ. എന്നിട്ട് അവൻ തന്നെ ദഹനബലിയർപ്പിച്ചു.
10ദഹനബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ സാമുവൽ വന്നെത്തി. അവനെ അഭിവാദനംചെയ്തു സ്വീകരിക്കാൻ സാവൂൾ പുറത്തേക്കുചെന്നു.
11നീ എന്താണു ചെയ്തത്? സാമുവൽ ചോദിച്ചു. സാവൂൾ പറഞ്ഞു: ജനങ്ങൾ എന്നെ വിട്ടു ചിതറിപ്പോകുന്നതും നിശ്ചിതദിവസമായിട്ടും അങ്ങു വരാതിരിക്കുന്നതും ഫിലിസ്ത്യർ മിക്മാഷിൽ ഒരുമിച്ചുകൂടുന്നതും ഞാൻ കണ്ടു.
12ഗിൽഗാലിൽവച്ച് ഫിലിസ്ത്യർ എന്നെ ആക്രമിക്കുന്നുവെന്നും കർത്താവിന്റെ സഹായം ഞാൻ അപേക്ഷിച്ചിട്ടില്ലല്ലോ എന്നും ഞാൻ ഓർത്തു. അതിനാൽ, ദഹനബലിയർപ്പിക്കാൻ ഞാൻ നിർബന്ധിതനായി.
13സാമുവൽ പറഞ്ഞു: നീ വിഡ്ഢിത്തമാണ് ചെയ്തത്. നിന്റെ ദൈവമായ കർത്താവിന്റെ കൽപന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കിൽ, അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലിൽ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
14എന്നാൽ, നിന്റെ ഭരണം ഇനി ദീർഘിക്കുകയില്ല. കർത്താവിന്റെ കൽപനകൾ നീ അനുസരിക്കായ്കയാൽ, തൻെറ ഹിതാനുവർത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായിരിക്കാൻ അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു.
15സാമുവൽ ഗിൽഗാലിൽനിന്ന് ബഞ്ചമിന്റെ ഗിബെയായിലേക്കു പോയി. അറുനൂറോളം പേർ മാത്രമേസാവൂളിനോടുകൂടെ അവശേഷിച്ചിരുന്നുള്ളു.
16സാവൂളും പുത്രൻ ജോനാഥാനും ആ ജനങ്ങളും ബഞ്ചമിന്റെ ഗേബാദേശത്തു പാളയമടിച്ചു. ഫിലിസ്ത്യർ മിക്മാഷിലും കൂടാരമടിച്ചു.
17ഫിലിസ്ത്യരുടെ പാളയത്തിൽനിന്ന് മൂന്ന് സംഘങ്ങൾ കവർച്ചയ്ക്കു പുറപ്പെട്ടു. ഒരു സംഘം ഷുവാൽദേശത്തെ ഓഫ്രായിലേക്കു തിരിച്ചു.
18മറ്റൊന്ന് ബത്ഹൊറോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കഭിമുഖമായിക്കിടക്കുന്നസെബോയിം താഴ്വരയ്ക്കു മുകളിലുള്ള അതിർത്തിയിലേക്കും പോയി.
19അക്കാലത്ത് ഇസ്രായേലിലൊരിടത്തും കൊല്ലൻമാർ ഇല്ലായിരുന്നു. ഹെബ്രായർ വാളും കുന്തവും ഉണ്ടാക്കാതിരിക്കാൻ ഫിലിസ്ത്യർ മുൻകരുതലെടുത്തിരുന്നു.
20ഇസ്രായേല്യർക്ക് തങ്ങളുടെ കൊഴു, തൂമ്പാ, കോടാലി, അരിവാൾ എന്നിവ മൂർച്ചവരുത്തുന്നതിന് ഫിലിസ്ത്യരുടെയടുക്കൽ പോകേണ്ടിയിരുന്നു.
21കൊഴുവിനും തൂമ്പായ്ക്കും മൂന്നിൽ രണ്ടു ഷെക്കലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ഷെക്കലും ആയിരുന്നു നിരക്ക്.
22യുദ്ധദിവസം സാവൂളിനും പുത്രൻ ജോനാഥാനുമൊഴികേ മറ്റാർക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല.
23ഫിലിസ്ത്യരുടെ കാവൽസേന മിക്മാഷ്ചുരത്തിലേക്ക് നീങ്ങി.
അടിക്കുറിപ്പുകൾ
- 3ഈ വാക്യത്തിൻെറ ഹീബ്രുമൂലം അപൂർണമാണ്.