Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ന്യായാധിപന്മാർ 9

അധ്യായങ്ങൾ

അബിമെലക്ക്

1ജറുബ്ബാലിന്റെ പുത്രനായ അബിമെലക്ക് ഷെക്കെമിൽച്ചെന്ന് തൻെറ അമ്മയുടെ ബന്ധുക്കളോടും വംശക്കാരോടും പറഞ്ഞു:
2നിങ്ങൾ ഷെക്കെംപൗരൻമാരോട് രഹസ്യമായി ചോദിക്കുവിൻ: ജറൂബ്ബാലിന്റെ എഴുപത് പുത്രൻമാരുംകൂടി നിങ്ങളെ ഭരിക്കുന്നതോ ഒരാൾ മാത്രം നിങ്ങളെ ഭരിക്കുന്നതോ ഏതാണ് നിങ്ങൾക്ക് നല്ലത്? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആണെന്നും ഓർത്തുകൊള്ളുവിൻ.
3അവന്റെ അമ്മയുടെ ബന്ധുക്കൾ അബിമെലക്കിനുവേണ്ടി ഇക്കാര്യം ഷെക്കെംനിവാസികളോട് രഹസ്യമായി പറഞ്ഞു: അവരുടെഹൃദയം അബിമെലക്കിങ്കലേക്കു ചാഞ്ഞു. അവൻ നമ്മുടെ സഹോദരനാണല്ലോ എന്ന് അവർ പറഞ്ഞു.
4ബാൽബെറീത്തിൻെറ ക്ഷേത്രത്തിൽ നിന്ന് എഴുപതു വെള്ളിനാണയം എടുത്ത് അവർ അബിമെലക്കിന് കൊടുത്തു.
5അവൻ കുറെചട്ടമ്പികളെ തൻെറ അനുയായികളാക്കി. അവൻ ഓഫ്രായിൽ തൻെറ പിതൃഭവനത്തിലേക്കു പോയി. സ്വന്തം സഹോദരൻമാരും ജറുബ്ബാലിന്റെ മക്കളുമായ എഴുപതുപേരെയും ഒരേകല്ലിൽവച്ച് കൊന്നു. എന്നാൽ, ജറുബ്ബാലിന്റെ ഇളയ പുത്രൻ യോത്താം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപെട്ടു.
6ഷെക്കെമിലെയും ബത്മില്ലോയിലെയും എല്ലാ പൗരൻമാരും ഒന്നിച്ചുകൂടി.ഷെക്കെമിലെ സ്തംഭത്തോടു ചേർന്നുള്ള ഓക്കുമരത്തിൻെറ സമീപം വച്ച് അബിമെലക്കിനെ രാജാവായി വാഴിച്ചു.
7യോത്താം ഇതറിഞ്ഞു ഗരിസിംമലയുടെ മുകളിൽ കയറിനിന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ഷെക്കെം നിവാസികളേ, ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കേണ്ടതിന് ഞാൻ പറയുന്നത് ശ്രദ്ധിക്കുവിൻ.
8ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കൊരു രാജാവിനെ അഭിഷേകം ചെയ്യാൻ തീരുമാനിച്ചു. ഞങ്ങളുടെമേൽ വാഴുകയെന്ന് അവർ ഒലിവുമരത്തോടു പറഞ്ഞു.
9ഒലിവുമരം അവരോടു പറഞ്ഞു: ദേവൻമാരെയും മനുഷ്യരെയും ഒന്നുപോലെ ബഹുമാന്യരാക്കുന്ന എന്റെ എണ്ണ മറന്ന് വൃക്ഷങ്ങളുടെമേൽ വാഴുവാൻ ഞാൻ പോകണമെന്നോ?
10വൃക്ഷങ്ങൾ അത്തിമരത്തോടു പറഞ്ഞു:
11നീ വന്ന് ഞങ്ങളെ ഭരിക്കുക. അത്തിമരം അവരോട് പറഞ്ഞു: രുചിയേറിയ എന്റെ പഴം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ വാഴുവാൻ പോകണമെന്നോ?
12അപ്പോൾ അവ മുന്തിരിയോടു പറഞ്ഞു: നീ വന്ന് ഞങ്ങളുടെമേൽ വാഴുക.
13എന്നാൽ, മുന്തിരി പറഞ്ഞു: ദേവൻമാരെയും മനുഷ്യരെയും സന്തോഷിപ്പിക്കുന്ന എന്റെ വീഞ്ഞ് ഉപേക്ഷിച്ച് വൃക്ഷങ്ങളുടെമേൽ വാഴുവാൻ ഞാൻ വരണമെന്നോ?
14അപ്പോൾ, വൃക്ഷങ്ങളെല്ലാം ഒന്നുചേർന്ന് മുൾപ്പടർപ്പിനോടു പറഞ്ഞു: ഞങ്ങളുടെമേൽ വാഴുക. മുൾപ്പടർപ്പ് പറഞ്ഞു:
15നിങ്ങളെന്നെ നല്ല മനസ്സോടെയാണ് അഭിഷേകംചെയ്യുന്നതെങ്കിൽ എന്റെ തണലിൽ അഭയംതേടുവിൻ. അല്ലാത്തപക്ഷം മുൾപ്പടർപ്പിൽനിന്നു തീ ഇറങ്ങി ലെബനോനിലെ ദേവദാരുക്കളെ നശിപ്പിക്കട്ടെ!
16നിങ്ങൾ പരമാർഥഹൃദയത്തോടെയാണോ അബിമെലക്കിനെ രാജാവാക്കുന്നത്? ജറുബ്ബാലിനോടും ഭവനത്തോടും അവന്റെ പ്രവൃത്തികൾ അർഹിക്കുന്ന വിധമാണോ നിങ്ങൾ പെരുമാറുന്നത്?
17എന്റെ പിതാവ് നിങ്ങൾക്കുവേണ്ടി പോരാടി; ജീവനെ തൃണവദ്ഗണിച്ച് മിദിയാൻകാരുടെകൈയിൽനിന്നു നിങ്ങളെ വീണ്ടെടുത്തു.
18ഇപ്പോൾ നിങ്ങൾ എന്റെ പിതാവിന്റെ കുടുംബത്തിനെതിരേ കരമുയർത്തിയിരിക്കുന്നു; അവന്റെ എഴുപതു പുത്രൻമാരേ ഒരേകല്ലിൽ വച്ചു നിങ്ങൾ വധിച്ചു. എന്നിട്ട്, എന്റെ പിതാവിന് ദാസിയിൽ ജനിച്ച അബിമെലക്കിനെ, നിങ്ങളുടെ ബന്ധുവായതുകൊണ്ട്, ഷെക്കെമിൽ രാജാവായി വാഴിക്കുകയും ചെയ്തിരിക്കുന്നു.
19നിങ്ങൾ പരമാർഥഹൃദയത്തോടെയാണ് ജറുബ്ബാലിനോടും കുടുംബത്തോടും പ്രവർത്തിച്ചതെങ്കിൽ, അബിമെലക്കിൽ സന്തോഷിക്കുവിൻ; അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.
20അല്ലാത്തപക്ഷം, അബിമെലക്കിൽ നിന്ന് തീ ഇറങ്ങി ഷെക്കെമിലെയും ബത്ത്മില്ലോയിലെയും ജനങ്ങളെ വിഴുങ്ങട്ടെ; ഷെക്കെമിൽനിന്നും ബത്ത്മില്ലോയിൽനിന്നും തീ ഇറങ്ങി അബിമെലക്കിനേയും വിഴുങ്ങട്ടെ.
21യോത്താം സഹോദര നായ അബിമെലക്കിനെ ഭയന്ന് പലായനംചെയ്തു; ബേറിൽചെന്ന് താമസിച്ചു.
22അബിമെലക്ക് മൂന്നു വർഷം ഇസ്രായേൽ ഭരിച്ചു.
23അബിമെലക്കിനും ഷെക്കെം നിവാസികൾക്കും ഇടയ്ക്ക് ദൈവം ഒരു ദുരാത്മാവിനെ അയച്ചു; ഷെക്കെംനിവാസികൾ അബിമെലക്കിനെ വഞ്ചിച്ചു.
24അങ്ങനെ ജറുബ്ബാലിന്റെ എഴുപതു മക്കളോടുചെയ്ത അക്രമത്തിന് പ്രതികാരം ഉണ്ടായി; അവരുടെ രക്തം ഘാതകനായ അബിമെലക്കിന്റെയും കൂട്ടുനിന്ന ഷെക്കെംകാരുടെയും മേൽ പതിച്ചു.
25ഷെക്കെംകാർ മലമുകളിൽ അവനെതിരേ ആളുകളെ പതിയിരുത്തി; ആ വഴിയെ കടന്നുപോയ എല്ലാവരെയും അവർ കൊള്ളയടിച്ചു. ഇത് അബിമെലക്ക് അറിഞ്ഞു.
26ഏബദിൻെറ പുത്രനായ ഗാൽ തൻെറ ബന്ധുക്കളുമായി ഷെക്കെമിലേക്കു നീങ്ങി; ഷെക്കെം നിവാസികൾ അവനിൽ വിശ്വാസമർപ്പിച്ചു.
27അവർ വയലിൽനിന്നു മുന്തിരി ശേഖരിച്ച് ചവിട്ടിപ്പിഴിഞ്ഞ് ഉത്സവം ആഘോഷിച്ചു; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽച്ചെന്ന് തിന്നുകുടിച്ച് അബിമെലക്കി നെ ശപിച്ചു.
28ഏബദിൻെറ പുത്രൻ ഗാൽ ചോദിച്ചു: ആരാണ് ഈഅബിമെലക്ക്? അവനെ സേവിക്കേണ്ടതിന് ഷെക്കെംകാരായ നാം ആര്? ജറുബ്ബാലിന്റെ പുത്രനും അവന്റെ കിങ്കരനായ സെബൂളും ഷെക്കെമിൻെറ പിതാവായ ഹാമോറിൻെറ ആളുകളെ സേവിച്ചില്ലേ?
29ഈ ജനം എന്റെ കീഴിലായിരുന്നെങ്കിൽ ഞാൻ അബിമെലക്കിനെ വക വരുത്തുമായിരുന്നു. ഞാൻ അവനോട് നിന്റെ സൈന്യശക്തി വലുതാക്കി ഇറങ്ങിവരൂ എന്നു പറയുമായിരുന്നു.
30ഗാൽ പറഞ്ഞതു കേട്ടപ്പോൾ നഗരാധിപനായ സെബൂളിന് കോപം ജ്വലിച്ചു.
31അവൻ അറുമായിൽ അബിമെലക്കിന്റെ അടുത്തേക്ക് ദൂതൻമാരെ അയച്ച് ഇങ്ങനെ അറിയിച്ചു: ഗാലും അവന്റെ ആളുകളും ഷെക്കെമിൽ വന്നിരിക്കുന്നു; നിനക്ക് എതിരേ അവർ നഗരവാസികളെ ഇളക്കുന്നു. അതുകൊണ്ട് നീസൈന്യത്തോടു കൂടെ പുറപ്പെട്ട്,
32രാത്രി വയലിൽ പതിയിരിക്കുക.
33അതിരാവിലെ സൂര്യൻ ഉദിച്ചുയരുമ്പോൾ എഴുന്നേറ്റ് പട്ടണത്തിൽ പ്രവേശിച്ച് ആക്രമിക്കുക. ഗാലും സൈന്യവും എതിർക്കുമ്പോൾ അവസരത്തിനൊത്തു പ്രവർത്തിക്കുക.
34അബിമെലക്കും സൈന്യവും രാത്രിയിൽ എഴുന്നേറ്റ് ഷെക്കെമിനെതിരായി നാലുഗണങ്ങളായി പതിയിരുന്നു.
35ഗാൽ പുറത്തുവന്നു നഗരകവാടത്തിൻെറ മുൻപിൽ നിലയുറപ്പിച്ചു. അബിമെലക്കും സൈന്യവും ഒളിയിടങ്ങളിൽ നിന്നെഴുന്നേറ്റു.
36ഗാൽ അവരെ കണ്ടപ്പോൾ സെബൂളിനോടു പറഞ്ഞു: അതാ, മലമുകളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു. സെബൂൾ അവനോട് പറഞ്ഞു: മലയുടെ നിഴൽകണ്ട് മനുഷ്യരാണെന്ന് നിനക്ക് തോന്നുകയാണ്.
37ഗാൽ വീണ്ടും അവനോടു പറഞ്ഞു: അതാ ദേശത്തിന്റെ മധ്യത്തിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു. ഒരു കൂട്ടം ആളുകൾ ശകുനക്കാരുടെ ഓക്കുമരത്തിൻെറ ഭാഗത്തുനിന്നു വരുന്നു.
38സെ ബൂൾ ചോദിച്ചു: നിന്റെ പൊങ്ങച്ചം ഇപ്പോൾ എവിടെ? നാം സേവിക്കാൻ അബിമെലക്ക് ആരെന്ന് നീയല്ലേ ചോദിച്ചത്? നീ അധിക്ഷേപിച്ച ജനമല്ലേ ഇത്? നീ തന്നെ പോയി അവരോട് പൊരുതുക.
39ഗാൽ, ഷെക്കെംനിവാസികളുടെ നേതാവായി അബിമെലക്കിനോടുപോരാടി.
40അബിമെലക്ക് അവനെ പിന്തുടർന്നു; അവൻ പലായനം ചെയ്തു;
41പട്ടണകവാടംവരെ അനേകർ മുറിവേറ്റു വീണു. അബിമെലക്ക് അറൂമായിൽ താമസമാക്കി. സെബൂൾ ഗാലിനെയും അവന്റെ ബന്ധുക്കളെയും ഷെക്കെമിൽ താമസിക്കാൻ സമ്മതിക്കാതെ അവിടെനിന്നു തുരത്തി.
42അടുത്തദിവസം ജനങ്ങൾ വയലിലേക്കു പോയി; അബിമെലക്ക് അതറിഞ്ഞു.
43അവൻ സേനയെ മൂന്നുഗണമായി തിരിച്ചു വയലിൽ പതിയിരുത്തി. പട്ടണങ്ങളിൽനിന്ന് ആളുകൾ നടന്നുവരുന്നത് അവൻ കണ്ടു.
44അവൻ അവരെ എതിർത്തുകൊന്നു. അബിമെലക്കും അവനോടു കൂടെ ഉണ്ടായിരുന്ന ഒരു ഗണവും ഓടി നഗരകവാടത്തിൽ ചെന്നുനിന്നു. മറ്റേ രണ്ടു ഗണങ്ങൾ വയലിൽ നിന്നിരുന്നവരുടെ അടുത്തേക്ക് പാഞ്ഞുചെന്ന് അവരെ കൊന്നു.
45അബിമെലക്ക് ആദിവസം മുഴുവൻ പട്ടണത്തിനെതിരേയുദ്ധംചെയ്ത് അതു കൈയടക്കി. അവിടെ പാർത്തിരുന്നവരെ കൊന്നു; പട്ടണം ഇടിച്ചുനിരത്തി, ഉപ്പു വിതറി.
46ഷെക്കെമിലെ ഗോപുരവാസികൾ ഇതു കേട്ടപ്പോൾ എൽബെറീത്ത് ക്ഷേത്രത്തിന്റെ കോട്ടയിൽ കടന്നു.
47ഷെക്കെംഗോപുരവാസികൾ മുഴുവൻ തടിച്ചുകൂടിയിരിക്കുന്നു എന്ന് അബിമെലക്കിന് അറിവുകിട്ടി.
48സൽമോൻമലയിലേക്ക് അബിമെലക്ക് പടയാളികളുമായിപ്പോയി. അവൻ കോടാലികൊണ്ട് ഒരുകെട്ട് വിറക് വെട്ടിയെടുത്തു. അത് തോളിൽ എടുത്ത്, കൂടെയുള്ളവരോട് ഞാൻ ചെയ്തതുപോലെവേഗം നിങ്ങളും ചെയ്യുവിൻ എന്നുപറഞ്ഞു.
49അവർ ഓരോ കെട്ട് വിറകു വെട്ടി അബിമെലക്കിന്റെ പിന്നാലെ ചെന്ന് കോട്ടയോട് ചേർത്തിട്ടു തീവച്ചു. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ ആയിരത്തോളം വരുന്ന ഷെക്കെം ഗോപുരനിവാസികളെല്ലാം കൊല്ലപ്പെട്ടു.
50പിന്നീട്, അബിമെലക്ക് തെബെസിലേക്ക് ചെന്ന് പാളയമടിച്ച് അതു പിടിച്ചടക്കി.
51പട്ടണത്തിനുള്ളിൽ ഒരു ബലിഷ്ഠഗോപുരമുണ്ടായിരുന്നു. അവിടത്തെ സ്ത്രീപുരുഷൻമാരെല്ലാം ഓടിച്ചെന്ന് അതിനകത്തു കടന്നു വാതിലടച്ചിട്ട് ഗോപുരത്തിൻെറ മുകൾത്തട്ടിലേക്കു കയറി.
52അബിമെലക്ക്ഗോപുരത്തിനടുത്തെത്തി അതിനെതിരേയുദ്ധം ചെയ്തു. ഗോപുരം അഗ്നിക്കിരയാക്കാൻ അതിന്റെ വാതിൽക്കൽ എത്തി.
53അപ്പോൾ ഒരുവൾ തിരികല്ലിൻപിള്ള എറിഞ്ഞ് അബിമെലക്കിന്റെ തലയോട് ഉടച്ചു.
54ഉടനെ അവൻ തൻെറ ആയുധവാഹകനായയുവാവിനെ ബദ്ധപ്പെട്ടു വിളിച്ചു. ഒരു സ്ത്രീ എന്നെ കൊന്നു എന്ന് എന്നെക്കുറിച്ച് പറയാതിരിക്കാൻ നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്നു പറഞ്ഞു. അവൻ വാൾ ഊരി വെട്ടി; അബിമെലക്ക് മരിച്ചു.
55അവൻ മരിച്ചെന്നു കണ്ടപ്പോൾ ഇസ്രായേൽജനം തങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി, തൻെറ എഴുപതു സഹോദരൻമാരെ കൊന്നു
56പിതാവിനോടുചെയ്ത ദ്രോഹത്തിന് അബിമെലക്കിന് ദൈവം തക്ക ശിക്ഷ കൊടുത്തു. ഷെക്കെം നിവാസികളുടെ ദുഷ്ടതയ്ക്കുദൈവം അവരെ ശിക്ഷിച്ചു;
57ജറുബ്ബാലിന്റെ പുത്രനായ യോത്താമിൻെറ ശാപം അവരുടെമേൽ പതിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്