2 കോറിന്തോസ് 4
അധ്യായങ്ങൾ
മൺപാത്രത്തിലെ നിധി
1ദൈവകൃപയാൽ ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയിൽ ഞങ്ങൾ ഭഗ്നാശ രല്ല.
2ലജ്ജാകരങ്ങളായരഹസ്യനടപടികൾ ഞങ്ങൾ വർജിച്ചിരിക്കുന്നു. ഞങ്ങൾ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമർപ്പിക്കുന്നു.
3ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കിൽ അതു നാശത്തിലേക്കു പോകുന്നവർക്കു മാത്രമാണ്.
4ഈ ലോകത്തിൻെറ ദേവൻ അവിശ്വാസികളായ അവരുടെ മന സ്സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിൻെറ മഹത്വമേറിയ സുവിശേഷത്തിൻെറ പ്രകാശം അവർക്കു ദൃശ്യമല്ല.
5ഞങ്ങൾ ഉദ്ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്തുവിനെ കർത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസൻമാരായും ആണ്.
6അന്ധകാരത്തിൽനിന്നു പ്രകാശം ഉദിക്കട്ടെ എന്ന് അരുളിച്ചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിൻെറ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജ സ്സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങൾക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
7എന്നാൽ, പരമമായ ശക്തി ദൈവത്തിൻേറതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്.
8ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല.
9പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും ന ശിപ്പിക്കപ്പെടുന്നില്ല.
10 യേശുവിൻെറ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.
11ഞങ്ങളുടെ മർത്യശരീരത്തിൽ യേശുവിൻെറ ജീവൻ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുവിനെ പ്രതി സദാ മരണത്തിന് ഏൽപിക്കപ്പെടുന്നു.
12തന്നിമിത്തം, ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു.
13ഞാൻ വിശ്വസിച്ചു; അതിനാൽ ഞാൻ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസ ചൈതന്യംതന്നെ ഞങ്ങൾക്കുള്ളതുകൊണ്ട് ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
14കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിർപ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയിൽ കൊണ്ടുവരുമെന്നും ഞങ്ങൾ അറിയുന്നു. ഇതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്.
15അങ്ങനെ കൂടുതൽ കൂടുതൽ ആളുകളിൽ കൃപ സമൃദ്ധമാകുന്നതുവഴി ദൈവ മഹത്വത്തിനു കൂടുതൽ കൃതജ്ഞത അർപ്പിക്കപ്പെടുന്നു.
അനശ്വരതയിലുള്ള പ്രത്യാശ
16ഞങ്ങൾ ഭഗ്നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യൻ അനുദിനം നവീകരിക്കപ്പെടുന്നു.
17ഞങ്ങളുടെ ക്ലേശങ്ങൾ നിസ്സാരവും ക്ഷണിക വുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും.
18ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങൾ നശ്വരങ്ങളാണ്, അദൃശ്യങ്ങൾ അനശ്വരങ്ങളും.