2 കോറിന്തോസ് 2
അധ്യായങ്ങൾ
1ദുഃഖമുളവാക്കുന്ന മറ്റൊരു സന്ദർശനം വേണ്ടാ എന്നു ഞാൻ തീർച്ചയാക്കി.
2ഞാൻ നിങ്ങളെ ദുഃഖിപ്പിക്കുന്നെങ്കിൽ, ഞാൻ ദുഃഖിപ്പിച്ചവരല്ലാതെ മറ്റാരാണ് എന്നെ സന്തോഷിപ്പിക്കുവാനുള്ളത്?
3ഞാൻ വരുമ്പോൾ എനിക്കു സന്തോഷം നൽകേണ്ടവർ എന്നെ ദുഃഖിപ്പിക്കാതിരിക്കാൻവേണ്ടി മാത്രമാണ് ഞാൻ എഴുതിയത്. എന്റെ സന്തോഷം നിങ്ങളോരോരുത്തരുടെയും സന്തോഷമായിരിക്കുമെന്നു നിങ്ങളെപ്പറ്റി എനിക്ക് ഉറപ്പുണ്ടായിരുന്നു.
4വലിയ ദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടി ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുവാൻ വേണ്ടിയല്ല; മറിച്ച്, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ സ്നേഹം അറിയിക്കാൻ വേണ്ടിയാണ്.
അപരാധിക്കു മാപ്പ്
5ദുഃഖമുളവാക്കിയവൻ എന്നെയല്ല ദുഃഖിപ്പിച്ചത്; ഒരു പരിധിവരെ - ഞാൻ മയപ്പെടുത്തിപ്പറയുകയാണ് - നിങ്ങളെല്ലാവരെയുമാണ്.
6അങ്ങനെയുള്ളവന് ഭൂരിപക്ഷംപേർ നൽകുന്ന ഈ ശിക്ഷ ധാരാളം മതി.
7അതുകൊണ്ട്, അവൻ അഗാധദുഃഖത്തിൽ നിപതിക്കാതിരിക്കുന്നതിനു നിങ്ങൾ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്യണം.
8നിങ്ങൾക്ക് അവനോടുള്ള സ്നേഹത്തെക്കുറിച്ച് അവന് ഉറപ്പുവരുത്തണമെന്നു ഞാൻ അഭ്യർഥിക്കുന്നു.
9എല്ലാകാര്യങ്ങളിലും നിങ്ങൾ അനുസരണയുള്ള വരാണോ എന്നു പരീക്ഷിച്ചറിയുന്നതിനുവേണ്ടിയാണ് ഞാൻ എഴുതിയത്.
10നിങ്ങൾ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാൻ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കിൽ, അതു ക്രിസ്തുവിൻെറ നാമത്തിൽ നിങ്ങൾക്കുവേണ്ടിയാണ്.
11ഇതു സാത്താൻ നമ്മെ കബളിപ്പിക്കാതിരിക്കേണ്ടതിനാണ്. അവന്റെ തന്ത്രങ്ങളെപ്പറ്റി നമ്മൾ അജ്ഞ രല്ലല്ലോ.
ആകുലതയും ആശ്വാസവും
12ക്രിസ്തുവിൻെറ സുവിശേഷം പ്രസംഗിക്കാൻ ഞാൻ ത്രോവാസിൽ ചെന്നപ്പോൾ കർത്താവിൽ എനിക്കായി ഒരു വാതിൽ തുറക്കപ്പെട്ടു.
13എന്നാൽ, എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണായ് കയാൽ എന്റെ മനസ്സിന് ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. അതിനാൽ, ഞാൻ അവിടെയുള്ളവരോടുയാത്ര പറഞ്ഞിട്ട് മക്കെദോനിയായിലേക്കു പോയി.
14ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങൾവഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തുതി!
15എന്തുകൊണ്ടെന്നാൽ, രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിൻെറ പരിമളമാണ്.
16ഒരുവനു മരണത്തിൽനിന്നു മരണത്തിലേക്കുള്ള സൗരഭ്യവും അപരനു ജീവനിൽനിന്നു ജീവനിലേക്കുള്ള സൗരഭ്യവും. ഇവയ്ക്കെല്ലാം കെ ല്പുള്ളവൻ ആരാണ്?
17ദൈവവചനത്തിൽ മായംചേർത്തു കച്ചവടം ചെയ്യുന്ന അനേക രുണ്ട്. അവരെപ്പോലെയല്ല ഞങ്ങൾ. മറിച്ച്, ദൈവസന്നിധിയിൽ വിശ്വസ്തരും ദൈവത്താൽ നിയോഗിക്കപ്പെട്ടവരുമെന്ന നിലയിൽ ക്രിസ്തുവിൽ ഞങ്ങൾ സംസാരിക്കുന്നു.