നെഹെമിയാ 13
അധ്യായങ്ങൾ
നെഹെമിയായുടെ നവീകരണങ്ങൾ
1ആദിവസം ജനം കേൾക്കേ മോശയുടെ നിയമഗ്രന്ഥത്തിൽനിന്ന് അവർ വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: അമ്മോന്യരെയും മൊവാബ്യരെയും ദൈവത്തിന്റെ സഭയിൽ പ്രവേശിപ്പിക്കരുത്.
2ഇസ്രായേൽ ജനത്തെ അപ്പവും വെള്ളവും കൊടുത്തു സ്വീകരിക്കുന്നതിനു പകരം അവരെ ശപിക്കാൻ ബാലാമിനെ കൂലിക്കെടുത്തവരാണ് അവർ. എന്നാൽ, ദൈവം ആ ശാപത്തെ അനുഗ്രഹമായി മാറ്റി.
3നിയമം വായിച്ചുകേട്ട ജനം അന്യജനതകളെ ഇസ്രായേലിൽ നിന്ന് അകറ്റി.
4എന്നാൽ, ഇതിനുമുൻപ് പുരോഹിതനും തോബിയായുടെ സുഹൃത്തും ദേവാലയമുറികളുടെ ചുമതലക്കാരനുമായ എലിയാഷിബ് തോബിയായ്ക്കുവേണ്ടി ഒരു വലിയ മുറി സജ്ജമാക്കി.
5അതിലാണ് ധാന്യബലിക്കുള്ള വസ്തുക്കളും കുന്തുരുക്കവും പാത്രങ്ങളും ലേവ്യർ, ഗായകർ, കാവൽക്കാർ എന്നിവർക്കു കൽപനപ്രകാരം നൽകിയിരുന്ന ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതൻമാർക്കുള്ള സംഭാവനകളും മുൻപു സൂക്ഷിച്ചിരുന്നത്.
6ഈ സമയത്തു ഞാൻ ജറുസലെമിൽ ഉണ്ടായിരുന്നില്ല. ബാബിലോൺ രാജാവായ അർത്താക്സെർക്സസിൻെറ മുപ്പത്തിരണ്ടാം ഭരണ വർഷത്തിൽ ഞാൻ രാജാവിനെ കാണാൻ പോയിരിക്കുകയായിരുന്നു.
7കുറച്ചുകാലം കഴിഞ്ഞു ഞാൻ രാജാവിനോടു വിടവാങ്ങി, ജറുസലെമിൽ തിരിച്ചെത്തി. എലിയാഷിബ്, ദേവാലയാങ്കണത്തിൽ തോബിയായ്ക്കുവേണ്ടി ഒരു മുറി സജ്ജമാക്കുക എന്ന ഹീനകൃത്യം ചെയ്തിരിക്കുന്നതു ഞാൻ കണ്ടു.
8കോപിഷ്ഠനായ ഞാൻ തോബിയായുടെ ഗൃഹോപകരണങ്ങൾ പുറത്തെറിഞ്ഞു.
9മുറിയുടെ ശുദ്ധീകരണകർമം നിർവഹിക്കാൻ ഞാൻ ആജ്ഞാപിച്ചു. ദേവാലയത്തിലെ പാത്രങ്ങളും ധാന്യബലിക്കുള്ള വസ്തുക്കളും കുന്തുരുക്കവും അതിൽ തിരിച്ചുകൊണ്ടുവന്നു വച്ചു.
10ലേവ്യരുടെ ഓഹരി മുടങ്ങിയെന്നും ശുശ്രൂഷ ചെയ്തിരുന്ന ലേവ്യരും ഗായകൻമാരും താന്താങ്ങളുടെ വയലുകളിലേക്കു പോയെന്നും ഞാൻ അറിഞ്ഞു.
11ദേവാലയത്തെ പരിത്യജിച്ചത് എന്തിന് എന്നു ചോദിച്ച് ഞാൻ ചുമതലപ്പെട്ടവരെ ശാസിച്ചു. ലേവ്യരെയും ഗായകരെയും ഞാൻ പൂർവസ്ഥാനങ്ങളിലാക്കി.
12 യൂദാജനം ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം കലവറയിൽ കൊണ്ടുവന്നു.
13സംഭരണശാലകളുടെ സൂക്ഷിപ്പുകാരായി പുരോഹിതൻ ഷെലെമിയായെയും നിയമജ്ഞൻ സാദോക്കിനെയും ലേവ്യനായ പെദായായെയും അവർക്കു സഹായത്തിന് സക്കൂറിന്റെ മകനും മത്താനിയായുടെ പൗത്രനുമായ ഹനാനെയും ഞാൻ നിയമിച്ചു. അവർ വിശ്വസ്തരായി പരിഗണിക്കപ്പെട്ടിരുന്നു. തങ്ങളുടെ സഹോദരൻമാർക്ക് അവരുടെ ഓഹരി നൽകുകയായിരുന്നു അവരുടെ ചുമതല.
14എന്റെ ദൈവമേ, ഈ പ്രവൃത്തിമൂലം എന്നെ സ്മരിക്കണമേ! എന്റെ ദൈവത്തിന്റെ ആലയത്തിനും അങ്ങയുടെ ശുശ്രൂഷയ്ക്കുംവേണ്ടി ഞാൻ ചെയ്തിട്ടുള്ള സൽകൃത്യങ്ങൾ അങ്ങ് മറക്കരുതേ!
15അക്കാലത്ത് യൂദാജനം സാബത്തിൽ, മുന്തിരിച്ചക്ക് ആട്ടുന്നതും ധാന്യക്കറ്റ കഴുതപ്പുറത്തു കയറ്റുന്നതും ജറുസലെമിലേക്കു വീഞ്ഞ്, മുന്തിരി, അത്തിപ്പഴം എന്നിവയും മറ്റു ചുമടുകളും കൊണ്ടുവരുന്നതും ഞാൻ കണ്ടു. അവ വിൽക്കുന്നവരെ ഞാൻ ശാസിച്ചു.
16ടയിറിൽനിന്നു വന്ന് ജറുസലെമിൽ വസിച്ചിരുന്ന ആളുകൾ സാബത്തിൽ യൂദായിലെയും ജറുസലെമിലെയും ജനത്തിനുവേണ്ടി മത്സ്യവും മറ്റു സാധനങ്ങളും കൊണ്ടുവന്നു വിറ്റിരുന്നു.
17 യൂദായിലെ പ്രമുഖൻമാരെ ഞാൻ കുറ്റപ്പെടുത്തി: സാബത്തുദിനത്തെ അശുദ്ധമാക്കി, എത്ര വലിയ തിൻമയാണ് നിങ്ങൾ ചെയ്യുന്നത്?
18നിങ്ങളുടെ പിതാക്കൻമാർ ഇങ്ങനെ ചെയ്തതുകൊണ്ടല്ലേ നമ്മുടെദൈവം നമുക്കും നമ്മുടെ നഗരത്തിനും ഈ ദുരിതം വരുത്തിയത്? എന്നിട്ടും സാബത്ത് അശുദ്ധമാക്കി നിങ്ങൾ ഇസ്രായേലിന്റെ മേൽ പൂർവോപരി ക്രോധം വിളിച്ചുവരുത്തുന്നു.
19സാബത്തിനുമുൻപ് ഇരുട്ടു വ്യാപിക്കാൻ തുടങ്ങുമ്പോൾ ജറുസലെമിൻെറ കവാടങ്ങൾ അടയ്ക്കണമെന്നും സാബത്തു കഴിയുന്നതുവരെ തുറക്കരുതെന്നും ഞാൻ നിർദേശിച്ചു. സാബത്തുദിവസം കവാടങ്ങളിലൂടെ ചുമടു കൊണ്ടുവരാതിരിക്കാൻ ദാസൻമാരെ ഞാൻ കാവൽ നിർത്തി.
20കച്ചവടക്കാർക്കും എല്ലാവിധ വ്യാപാരികൾക്കും ജറുസലെമിനു വെളിയിൽ ഒന്നുരണ്ടു പ്രാവശ്യം താമസിക്കേണ്ടിവന്നു.
21അപ്പോൾ, ഞാനവരെ ശാസിച്ചു. നിങ്ങൾ എന്താണു മതിലിനു മുൻപിൽ താമസിക്കുന്നത്? ഇതു തുടർന്നാൽ എനിക്കു ബലം പ്രയോഗിക്കേണ്ടിവരും. പിന്നീട് അവർ സാബത്തിൽ വന്നിട്ടില്ല.
22സാബത്തുദിവസം വിശുദ്ധമായി ആചരിക്കേണ്ടതിനു തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും കവാടങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യാൻ ലേവ്യരോടു ഞാൻ കൽപിച്ചു. എന്റെ ദൈവമേ, ഇതും എനിക്ക് അനുകൂലമായി ഓർക്കണമേ! അങ്ങയുടെ അനശ്വരസ്നേഹത്തിന്റെ മഹ ത്വത്തിനൊത്ത് എന്നെ രക്ഷിക്കണമേ!
23ഇക്കാലത്ത് അഷ്ദോദ്, അമ്മോൻ, മൊവാബ് എന്നീ ദേശങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്ത യഹൂദരെ ഞാൻ കണ്ടു.
24അവരുടെ സന്താനങ്ങളിൽ പകുതിപ്പേരും അഷ്ദോദ് ഭാഷയാണ് സംസാരിച്ചിരുന്നത്. യൂദായുടെ ഭാഷ സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല. താന്താങ്ങളുടെ ഭാഷമാത്രമേ അവർ അറിഞ്ഞിരുന്നുള്ളു.
25ഞാൻ അവരോടു തർക്കിക്കുകയും അവരെ ശപിക്കുകയും ചിലരെ പ്രഹരിക്കുകയുംചെയ്തു. അവരുടെ തലമുടി ഞാൻ വലിച്ചുപറിച്ചു. അവരെക്കൊണ്ടു ദൈവനാമത്തിൽ ശപഥം ചെയ്യിച്ചുകൊണ്ടു ഞാൻ പറഞ്ഞു: നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രൻമാർക്കു നൽകുകയോ അവരുടെ പുത്രിമാരെ നിങ്ങളോ നിങ്ങളുടെ പുത്രൻമാരോ സ്വീകരിക്കുകയോ അരുത്.
26ഇസ്രായേൽരാജാവായ സോളമൻ ഇത്തരം സ്ത്രീകൾ നിമിത്തം പാപംചെയ്തില്ലേ? അവനെപ്പോലൊരു രാജാവ് ജനതകൾക്കിടയിൽ ഇല്ലായിരുന്നു. ദൈവം അവനെ സ്നേഹിച്ചു. അവിടുന്ന് അവനെ ഇസ്രായേ ലിൻെറ മുഴുവൻ രാജാവാക്കി. എന്നാൽ, വിദേശീയ സ്ത്രീകൾ അവനെക്കൊണ്ടുപോലും പാപം ചെയ്യിച്ചു.
27നിങ്ങളെ പിൻതുടർന്ന് ഞങ്ങളും ഈ വലിയ തിൻമകൾ ചെയ്യണമോ? വിദേശീയ സ്ത്രീകളെ വിവാഹംചെയ്ത് നമ്മുടെ ദൈവത്തോടു വഞ്ചന കാണിക്കണമോ?
28പ്രധാനപുരോഹിതൻ എലിയാഷിബിൻെറ പുത്രൻയഹോയാദായുടെ മക്കളിൽ ഒരുവൻ ഹൊറോണ്യനായ സൻബലത്താത്തിൻെറ മകളെ വിവാഹം കഴിച്ചിരുന്നു. അവനെ ഞാൻ എന്റെ മുൻപിൽ നിന്ന് ആട്ടിപ്പായിച്ചു.
29എന്റെ ദൈവമേ, അവർ പൗരോഹിത്യത്തെയും പൗരോഹിത്യ വാഗ്ദാനത്തെയും ലേവ്യരെയും അവഹേളിച്ചത് അവർക്കെതിരേ ഓർക്കണമേ!
30അങ്ങനെ വിദേശീയമായ എല്ലാറ്റിലും നിന്നു ഞാൻ അവരെ ശുദ്ധീകരിച്ചു. പുരോഹിതൻമാരുടെയും ലേവ്യരുടെയും കർത്തവ്യങ്ങൾക്കു വ്യവസ്ഥയുണ്ടാക്കി.
31നിശ്ചിത സമയങ്ങളിൽ വിറകും ആദ്യഫലങ്ങളും അർപ്പിക്കുന്നതിനു വ്യവസ്ഥ ഏർപ്പെടുത്തി. എന്റെ ദൈവമേ, എന്നെ എന്നും ഓർമിക്കണമേ!