ഹെബ്രായർ 9
അധ്യായങ്ങൾ
ബലി, പഴയതും പുതിയതും
1ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു.
2ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു.
3രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു.
4അതിൽ സ്വർണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വർണ കലശ വും അഹറോന്റെ തളിർത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതിൽ സൂക്ഷിച്ചിരുന്നു.
5പേടകത്തിനു മീതെ കൃപാസനത്തിൻമേൽ നിഴൽ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകൾ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോൾ വിവരിച്ചു പറയാനാവില്ല.
6ഇവയെല്ലാം സജ്ജീകരിച്ചതിനുശേഷം, പുരോഹിതൻമാർ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തിൽ പ്രവേശിച്ചു ശുശ്രൂഷ നിർവഹിച്ചിരുന്നു.
7രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതൻമാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകൾക്കുവേണ്ടിയും അർപ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കൽ പ്രവേശിക്കുന്നു.
8ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനിൽക്കുന്നിടത്തോളം കാലം, ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാൽ വ്യക്തമാക്കുന്നു.
9അർപ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാൻ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമർപ്പിക്കപ്പെടുന്നത്.
10നവീകരണകാലം വരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങൾ, പല വിധ ക്ഷാളനങ്ങൾ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ.
11എന്നാൽ, വരാനിരിക്കുന്ന നൻമകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതൽ മഹനീയവും പൂർണവും മനുഷ്യനിർമിതമല്ലാത്തതും സൃഷ്ടവസ്തുക്കളിൽപ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലിൽ അവൻ പ്രവേശിച്ചു.
12അവൻ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്.
13കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു.
14എങ്കിൽ, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമർപ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാൻ നമ്മുടെ അന്തഃകരണത്തെനിർജീവ പ്രവൃത്തികളിൽനിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!
15വിളിക്കപ്പെട്ടവർ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവൻ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉട മ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവർക്ക് അവൻ സ്വന്തം മരണത്താൽ രക്ഷയായിത്തീർന്നു.
16മരണപത്രത്തിന്റെ കാര്യത്തിൽ, അത് എഴുതിയവന്റെ മരണം സ്ഥിരീകരിക്കപ്പെടണം.
17മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവൻ ജീവിച്ചിരിക്കെ അ തിന് ഒരു സാധുതയുമില്ലല്ലോ.
18അതിനാൽ, രക്തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്.
19മോശ നിയമത്തിലെ ഓരോ കൽപനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോൾ അവൻ പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം ജലത്തിൽ കലർത്തി ചെ മന്ന ആട്ടിൻരോമവും ഹിസോപ്പുചെടിയും ഉപയോഗിച്ചു പുസ്തകത്തിൻമേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു
20പറഞ്ഞു: ഇതുദൈവം നിങ്ങളോടു കൽപിച്ചിരിക്കുന്ന ഉട മ്പടിയുടെ രക്തമാണ്.
21അപ്രകാരം തന്നെ കൂടാരത്തിൻമേലും ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങളിൻമേലും ആ രക്തം അവൻ തളിച്ചു.
22നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല.
23സ്വർഗീയ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വർഗീയ കാര്യങ്ങളാകട്ടെ കൂടുതൽ ശ്രേഷ്ഠമായ ബലികളാലും.
24മനുഷ്യനിർമിതവും സാക്ഷാൽ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ നിൽക്കാൻ സ്വർഗത്തിലേക്കുതന്നെയാണ് യേശു പ്രവേശിച്ചത്.
25അത്, പ്രധാനപുരോഹിതൻ തൻേറതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോ റും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമർപ്പിക്കാനായിരുന്നില്ല.
26ആയിരുന്നെങ്കിൽ ലോകാരംഭംമുതൽ പലപ്രാവശ്യം അവൻ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്റെ പൂർണതയിൽ തന്നെത്തന്നെ ബലിയർപ്പിച്ചുകൊണ്ട് പാപത്തെനശിപ്പിക്കാൻ ഇപ്പോൾ ഇതാ, അവൻ ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
27മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം;
28അ തിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങൾ ഉൻമൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അർപ്പിക്കപ്പെട്ടു. അവൻ വീണ്ടും വരും-പാപപരിഹാരാർഥ മല്ല, തന്നെ ആകാംക്ഷാപൂർവം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.