ഹെബ്രായർ 13
അധ്യായങ്ങൾ
ഉപദേശങ്ങൾ
1സഹോദര സ്നേഹം നിലനിൽക്കട്ടെ.
2ആതിഥ്യമര്യാദമറക്കരുത്. അതുവഴി, ദൈവദൂതൻമാരെ അറിയാതെ സത്കരിച്ചവരുണ്ട്.
3തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ പെ രുമാറുവിൻ. നിങ്ങൾക്കും ഒരു ശരീരമുള്ളതുകൊണ്ടു പീഡിപ്പിക്കപ്പെടുന്നവരോടു പരിഗണനകാണിക്കുവിൻ.
4എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം, അസൻമാർഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും.
5നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിൽനിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ. ഞാൻ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
6അതിനാൽ നമുക്ക് ആത്മധൈര്യത്തോടെ പറയാം: കർത്താവാണ് എന്റെ സഹായകൻ; ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
7നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കൻമാരെ ഓർക്കുവിൻ. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ.
8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആൾതന്നെയാണ്.
9വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങൾ നിങ്ങളെ വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല കൃപാവരത്താൽ ഹൃദയത്തെ ശക്തമാക്കുന്നതാണ് ഉചിതം; ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നവർക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല.
10നമുക്കൊരു ബലിപീഠമുണ്ട്. അതിൽനിന്നു ഭക്ഷിക്കാൻ കൂടാരത്തിൽ ശുശ്രൂഷചെയ്യുന്നവർക്ക് അവകാശമില്ല.
11കാരണം, പ്രധാന പുരോഹിതൻ പാപപരിഹാരത്തിനു ബലിപീഠത്തിങ്കലേക്കു കൊണ്ടുപോകുന്ന രക്തം എടുത്ത മൃഗങ്ങളുടെ ശരീരം ദഹിപ്പിക്കപ്പെടുന്നതു പാളയത്തിനു പുറത്തുവ ച്ചാണ്.
12സ്വന്തം രക്തത്തിലൂടെ ജനത്തെ വിശുദ്ധീകരിക്കാൻ ക്രിസ്തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു;
13അവനുവേണ്ടി അവമാനം സഹിച്ചുകൊണ്ട് നമുക്കു പാളയത്തിനു പുറത്തിറങ്ങി അവന്റെ അടുത്തേക്കു പോകാം.
14എന്തെന്നാൽ, ഇവിടെ നമുക്കു നിലനിൽക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അനേ്വഷിക്കുന്നത്.
15അവനിലൂടെ നമുക്ക് എല്ലായ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങൾ-അർപ്പിക്കാം.
16നൻമചെയ്യുന്നതിലും നിങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികൾ ദൈവത്തിനു പ്രീതികരമാണ്.
17നിങ്ങളുടെ നേതാക്കൻമാരെ അനുസരിക്കുകയും അവർക്കു വിധേയരായിരിക്കുകയും ചെയ്യുവിൻ. കണക്കേൽപിക്കാൻ കടപ്പെട്ട മനുഷ്യരെപ്പോലെ അവർ നിങ്ങളുടെ ആത്മാക്കളുടെ മേൽനോട്ടം വഹിക്കുന്നു. അങ്ങനെ അവർ സന്തോഷപൂർവം, സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കിൽ അതു നിങ്ങൾക്കു പ്രയോജനരഹിതമായിരിക്കും.
18ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുവിൻ. എല്ലാകാര്യത്തിലും മാന്യമായി പെരുമാറുന്നതിന് ആഗ്രഹിക്കുന്ന ഒരു നല്ല മനസ്സാക്ഷിയാണു ഞങ്ങളുടേതെന്ന ബോധ്യം ഞങ്ങൾക്കുണ്ട്.
19ഞാൻ എത്രയും വേഗം നിങ്ങളുടെ അടുത്തു തിരിച്ചുവരുന്നതിനു നിങ്ങൾ ഏറെശുഷ്കാന്തിയോടെ പ്രാർഥിക്കണമെന്നു ഞാനപേക്ഷിക്കുന്നു.
ആശംസകൾ
20ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കർത്താവായ യേശുവിനെ, മരിച്ചവരിൽ നിന്നുയിർപ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താൽ
21എല്ലാ നൻമകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മിൽ പ്രവർത്തിക്കുന്ന അവിടുത്തെഹിതം അവിടുത്തേക്ക് അഭികാമ്യമായതു നിറവേ റ്റാൻ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നും എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേൻ.
22എന്റെ സഹോദരരേ, ഞാൻ നിങ്ങൾക്കു ചുരുക്കമായി എഴുതിയിരിക്കുന്ന ഈ ആശ്വാസവചനങ്ങൾ ക്ഷമയോടെ സ്വീകരിക്കണമെന്നു ഞാൻ നിങ്ങളോടഭ്യർഥിക്കുന്നു.
23നമ്മുടെ സഹോദരൻ തിമോത്തേയോസ് മോചിപ്പിക്കപ്പെട്ടുവെന്നു നിങ്ങൾ അറിഞ്ഞാലും. അവൻ വേഗം വന്നാൽ അവനോടൊപ്പം ഞാൻ നിങ്ങളെ കണ്ടുകൊള്ളാം.
24നിങ്ങളുടെ നേതാക്കൻമാർക്കും എല്ലാ വിശുദ്ധർക്കും വന്ദനം പറയുവിൻ. ഇറ്റലിയിൽനിന്നു വന്നവർ നിങ്ങൾക്കു വന്ദനം പറയുന്നു.
25ദൈവത്തിന്റെ കൃപാവരം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.