ബാറൂക്ക് 5
അധ്യായങ്ങൾ
1ജറുസലെം, നീ ദുഃഖത്തിൻെറയും പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തിൽ നിന്നുള്ള മഹത്വത്തിൻെറ സൗന്ദര്യം എന്നേക്കുമായി അണിയുക.
2ദൈവത്തിൽ നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായവന്റെ മഹത്വത്തിൻെറ കിരീടം ശിരസ്സിൽ അണിയുക.
3ആകാശത്തിനു കീഴിൽ എല്ലായിടത്തും ദൈവം നിന്റെ തേജ സ്സു വെളിപ്പെടുത്തും.
4നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്ന് ദൈവം എന്നേക്കുമായി നിന്നെ പേര് വിളിക്കും.
5ജറുസലെം, ഉണരുക; ഉയരത്തിൽ നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവൻെറ കൽപനയനുസരിച്ച്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട നിന്റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതിൽ അവർ ആനന്ദിക്കുന്നു.
6ശത്രുക്കൾ അവരെ നിന്നിൽ നിന്നു വേർപെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാൽദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തിൽ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും.
7ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചു നിരത്താനും താഴ്വ രകൾ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കൽപിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേൽ ദൈവത്തിന്റെ മഹത്വത്തിൽ സുരക്ഷിതരായി നടക്കും.
8ദൈവത്തിന്റെ കൽപനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി.
9തന്നിൽനിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ടു ദൈവം സന്തോഷപൂർവം ഇസ്രായേലിനെ തൻെറ മഹത്വത്തിൻെറ പ്രകാശത്തിൽ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവർക്ക് അകമ്പടി സേവിക്കും.