Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ബാറൂക്ക് 1

അധ്യായങ്ങൾ

ബാബിലോണിലെ സമ്മേളനം

1നേരിയായുടെ പുത്രൻ ബാറൂക്ക് ബാബിലോണിൽ വച്ച് എഴുതിയ ഗ്രന്ഥത്തിൻെറ ഉള്ളടക്കം. നേരിയാ മാസെയായുടെയും മാസെയാ സെദെക്കിയായുടെയും സെദെക്കിയാ ഹസാദിയായുടെയും ഹസാദിയാ ഹിൽക്കിയായുടെയും പുത്രനാണ്.
2അഞ്ചാം വർഷം, മാസത്തിൻെറ ഏഴാം ദിവസം കൽദായർ ജറുസലെം പിടിച്ചടക്കി അഗ്നിക്കിരയാക്കിയപ്പോഴാണ് ഇത് എഴുതിയത്.
3 യൂദാരാജാവായയഹോയാക്കിമിൻെറ പുത്രൻയക്കോനിയായും ഈ ഗ്രന്ഥം വായിച്ചു കേൾക്കാൻ എത്തിയ ജനവും കേൾക്കേ ബാറൂക്ക് ഇതു വായിച്ചു.
4പ്രഭുക്കൻമാരും രാജകുമാരൻമാരും ശ്രേഷ്ഠൻമാരും ഉൾപ്പെടെ, ബാബിലോണിൽ സൂദ്നദിയുടെ തീരത്ത് വസിച്ചിരുന്ന വലിയവരും ചെറിയവരുമായ എല്ലാ ജനവും കേൾക്കേ ഇതു വായിച്ചു.
5അപ്പോൾ അവർ വിലപിക്കുകയും ഉപവസിക്കുകയും കർത്താവിനോടു പ്രാർഥിക്കുകയും ചെയ്തു.
6ഓരോരുത്തരും കഴിവനുസരിച്ചു കൊടുത്ത പണം അവർ ശേഖരിച്ചു.
7അവർ അതു ഷല്ലൂമിൻെറ മകനായ ഹിൽക്കിയായുടെ മകനും പ്രധാനപുരോഹിതനുമായയഹോയാക്കിമിനും അവനോടൊത്ത് ജറുസലെമിലുണ്ടായിരുന്ന പുരോഹിതൻമാർക്കും ജനങ്ങൾക്കുമായി അയച്ചുകൊടുത്തു.
8അതേസമയം ബാറൂക്ക് സീവാൻമാസം പത്താം ദിവസം യൂദാദേശത്തേക്ക് തിരികെ കൊണ്ടുപോകാനായി ദേവാലയത്തിൽ നിന്നു കൊള്ള ചെയ്യപ്പെട്ട പാത്രങ്ങൾ എടുത്തു. യൂദാരാജാവായ ജോസിയായുടെ മകൻ സെദെക്കിയാ നിർമിച്ച വെള്ളിപ്പാത്രങ്ങളായിരുന്നു അവ.
9ബാബിലോൺ രാജാവായ നബുക്കദ്നേസർയക്കോണിയായെയും, രാജകുമാരൻമാരെയും, ലോഹപ്പണിക്കാരെയും, കുലീനരെയും, ദേശത്തെ ജനങ്ങളെയും ജറുസലെമിൽ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയതിനുശേഷമാണ് ഈ പാത്രങ്ങൾ സെദെക്കിയാ നിർമിച്ചത്.
10അവർ പറഞ്ഞു: ഇതോടൊപ്പം ഞങ്ങൾ നിങ്ങൾക്കു പണവും അയയ്ക്കുന്നു. ഈ പണം കൊണ്ടു ദഹനബലിക്കും പാപപരിഹാരബലിക്കും ധാന്യബലിക്കും വസ്തുക്കളും സുഗന്ധദ്രവ്യവും വാങ്ങി നമ്മുടെ ദൈവമായ കർത്താവിന്റെ ബലിപീഠത്തിൽ അർപ്പിക്കണം.
11ബാബിലോൺരാജാവായ നബുക്കദ്നേസറിൻെറയും, അവന്റെ പുത്രൻ ബൽഷാസറിൻെറയും ആയുസ്സിനുവേണ്ടിയും അവരുടെ ഐഹികജീവിതം സ്വർഗീയ ജീവിതംപോലെയാകുന്നതിനുവേണ്ടിയും പ്രാർഥിക്കുവിൻ.
12ബാബിലോൺ രാജാവായ നബുക്കദ്നേസറിൻെറയും അവന്റെ മകൻ ബൽഷാസറിൻെറയും സംരക്ഷണത്തിൽ ജീവിച്ച്, അവരെ ദീർഘ കാലം സേവിക്കുന്നതിനും അവരുടെ സംപ്രീതി നേടുന്നതിനുമായി കർത്താവ് ഞങ്ങൾക്കു ശക്തിയും കണ്ണുകൾക്കു പ്രകാശവും നൽകും.
13ഞങ്ങളുടെ ദൈവമായ കർത്താവിനെതിരേ ഞങ്ങൾ പാപം ചെയ്തു. അവിടുത്തെ കോപവും ക്രോധവും ഞങ്ങളിൽ നിന്നു വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് ഞങ്ങൾക്കുവേണ്ടി അവിടുത്തോടു പ്രാർഥിക്കുവിൻ.
14ഉത്സവദിവസങ്ങളിലും നിർദിഷ്ട കാലങ്ങളിലും കർത്താവിന്റെ ആലയത്തിൽ വച്ച് നിങ്ങൾ ഏറ്റു പറയുന്നതിനുവേണ്ടി ഞങ്ങൾ അയച്ചുതരുന്ന ഈ പുസ്തകം വായിക്കണം.

തെറ്റുകൾ ഏററുപറയുന്നു

15നിങ്ങൾ പറയണം: നീതി നമ്മുടെ ദൈവമായ കർത്താവിൻേറതാണ്.
16 യൂദായിലെ ജനവും ജറുസലെം നിവാസികളും നമ്മുടെ രാജാക്കൻമാരും പ്രഭുക്കൻമാരും പുരോഹിതൻമാരും പിതാക്കൻമാരും ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്.
17എന്തെന്നാൽ, കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്തു.
18ഞങ്ങൾ അവിടുത്തെ അനുസരിച്ചില്ല. ഞങ്ങളുടെദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടുന്ന് നൽകിയ കൽപനകൾ അനുസരിക്കുകയോ ചെയ്തില്ല.
19ഈജിപ്തുദേശത്തുനിന്നു ഞങ്ങളുടെ പിതാക്കൻമാരെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ കർത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ സ്വരം ശ്രവിക്കുന്നതിൽ ഉദാസീനരും ആണ്.
20തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന് അവകാശികളാക്കാൻ വേണ്ടി ഞങ്ങളുടെ പിതാക്കൻമാരെ ഈജിപ്തുദേശത്തുനിന്നുകൊണ്ടുവന്ന നാളിൽ തൻെറ ദാസനായമോശവഴി കർത്താവ് അരുളിച്ചെയ്ത ശാപങ്ങളും അനർഥങ്ങളും ഇന്നും ഞങ്ങളുടെമേൽ ഉണ്ട്.
21ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങളുടെ അടുത്തേക്ക് അയച്ച പ്രവാചകൻമാർ അറിയിച്ച അവിടുത്തെ വചനം ഞങ്ങൾ ശ്രവിച്ചില്ല. എന്നാൽ, അന്യദേവൻമാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കർത്താവിന്റെ ദൃഷ്ടിയിൽ തിൻമയായതു പ്രവർത്തിച്ചും ഞങ്ങൾ തന്നിഷ്ടംപോലെ നടന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്