ബാറൂക്ക് 2
അധ്യായങ്ങൾ
1അതിനാൽ ഞങ്ങൾക്കെതിരേ - ഇസ്രായേലിൽന്യായപാലനം നടത്തിയന്യായാധിപൻമാർക്കും രാജാക്കൻമാർക്കും പ്രഭുക്കൻമാർക്കും ഇസ്രായേലിലെയും യൂദായിലെയും ജനത്തിനും എതിരേ- കർത്താവ് അരുളിച്ചെയ്ത വാക്കുകൾ അവിടുന്ന് നിറവേറ്റി.
2മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതിന് അനുസൃതമായി ജറുസലേമിനോട് അവിടുന്ന് പ്രവർത്തിച്ചതുപോലെ ആകാശത്തിനു കീഴിൽ മറ്റെങ്ങും സംഭവിച്ചിട്ടില്ല;
3ഒരുവൻ തൻെറ പുത്രന്റെയും മറ്റൊരുവൻ തൻെറ പുത്രിയുടെയും മാംസം ഭക്ഷിക്കുമെന്നു ഞങ്ങളെക്കുറിച്ച് അതിൽ എഴുതിയിരുന്നു.
4ചുറ്റുമുള്ള രാജ്യങ്ങൾക്ക് അവിടുന്നു ഞങ്ങളെ അധീനരാക്കുകയും സമീപവാസികളായ ജനതകളുടെയിടയിൽ ഞങ്ങളെ ചിതറിക്കുകയും ചെയ്തു. ഞങ്ങൾ അവരുടെ പരിഹാസത്തിനും നിന്ദയ്ക്കും പാത്രമായി.
5ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കാതെ ഞങ്ങൾ അവിടുത്തേക്കെതിരായി പാപം ചെയ്തതിനാൽ ഉന്നതി പ്രാപിക്കാതെ നിലംപറ്റി.
6നീതി ഞങ്ങളുടെ ദൈവമായ കർത്താവിനുള്ളതാണ്. എന്നാൽ ഞങ്ങൾ ഞങ്ങളുടെ പിതാക്കൻമാരെപ്പോലെ ഈ നാൾവരെ ലജ്ജിതരാണ്.
7ഞങ്ങളുടെമേൽ വരുത്തുമെന്നു കർത്താവ് അരുളിച്ചെയ്ത അനർഥങ്ങൾ ഞങ്ങൾക്കു സംഭവിച്ചിരിക്കുന്നു.
8എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ ദുഷ്ടഹൃദയത്തിൻെറ വിചാരങ്ങളിൽനിന്നു പിൻതിരിഞ്ഞു കർത്താവിന്റെ പ്രീതിക്കായിയാചിച്ചില്ല.
9കർത്താവ് അനർഥങ്ങൾ ഒരുക്കി ഞങ്ങളുടെമേൽ വരുത്തി. ഞങ്ങളോടു ചെയ്യാൻ അവിടുന്നു കൽപ്പിച്ച എല്ലാ കാര്യങ്ങളിലും അവിടുന്നു നീതിമാനാണ്.
10എന്നിട്ടും ഞങ്ങൾ അവിടുത്തെ സ്വരം ശ്രവിക്കുകയോ അവിടുന്ന് ഞങ്ങൾക്കു തന്ന ചട്ടങ്ങൾ അനുസരിക്കാൻ കൂട്ടാക്കുകയോ ചെയ്തില്ല.
മോചനത്തിനുവേണ്ടി പ്രാർഥന
11ഇസ്രായേലിന്റെ ദൈവമായ കർത്താവേ, അങ്ങ് കരുത്തുറ്റ കരത്താലും അദ്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയ ഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്നു മോചിപ്പിക്കുകയും, അങ്ങനെ അങ്ങേക്ക് ഇന്നും നിലനിൽക്കുന്ന ഒരു നാമം നേടുകയും ചെയ്തു.
12ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു; ഞങ്ങൾ അധർമം പ്രവർത്തിച്ചു; അങ്ങയുടെ കൽപനകൾ ലംഘിച്ചു.
13അങ്ങ് ഞങ്ങളെ ജനതകളുടെയിടയിൽ ചിതറിച്ചു, ഞങ്ങൾ കുറച്ചുപേർ മാത്രമേ അവശേഷിച്ചിട്ടുള്ളു. അങ്ങയുടെ കോപം പിൻവലിക്കണമേ.
14കർത്താവേ, ഞങ്ങളുടെ പ്രാർഥനകളുംയാചനകളും ശ്രവിക്കണമേ. അങ്ങയെ പ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെ കൊണ്ടുപോയവർക്ക് ഞങ്ങളോടു പ്രീതി തോന്നാൻ ഇടയാക്കണമേ.
15അങ്ങനെ അവിടുന്ന് ഞങ്ങളുടെ ദൈവമായ കർത്താവാണെന്നു ഭൂമി മുഴുവൻ അറിയട്ടെ. എന്തെന്നാൽ, ഇസ്രായേലും അവന്റെ സന്തതികളും അവിടുത്തെനാമത്തിലാണ് അറിയപ്പെടുന്നത്.
16കർത്താവേ, അങ്ങയുടെ വിശുദ്ധ വാസസ്ഥലത്തു നിന്നു ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളോടു കാരുണ്യം കാണിക്കുകയും ചെയ്യണമേ. കർത്താവേ, ചെവിചായിച്ച് കേൾക്കണമേ.
17കർത്താവേ, കണ്ണുതുറന്നു കാണണമേ. ശരീരത്തിൽ നിന്നുപ്രാണൻ വേർപെട്ട് മരിച്ചു പാതാളത്തിൽ കിടക്കുന്നവർ കർത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല.
18എന്നാൽ കർത്താവേ, വലിയ ദുഃഖമനുഭവിക്കുന്നവനും, ക്ഷീണിച്ചു കുനിഞ്ഞു നടക്കുന്നവനും, വിശന്നുപൊരിഞ്ഞു കണ്ണു മങ്ങിയവനും അങ്ങയെ മഹത്വപ്പെടുത്തും; അങ്ങയുടെ നീതി പ്രഘോഷിക്കും.
19ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളുടെ പിതാക്കൻമാരുടെയോ, രാജാക്കൻമാരുടെയോ നീതിയാലല്ല ഞങ്ങൾ അങ്ങയുടെ കാരുണ്യംയാചിക്കുന്നത്.
20അങ്ങയുടെ ദാസൻമാരായ പ്രവാചകൻമാർ വഴി മുൻകൂട്ടി അറിയിച്ചതുപോലെ അവിടുന്ന് ഞങ്ങളുടെമേൽ ഉഗ്രകോപം വർഷിച്ചിരിക്കുന്നു.
21അവർ പറഞ്ഞു, കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ കഴുത്തുകുനിച്ച് ബാബിലോൺ രാജാവിനെ സേവിച്ചാൽ നിങ്ങളുടെ പിതാക്കൻമാർക്കു ഞാൻ നൽകിയ ദേശത്തു നിങ്ങൾ വസിക്കും.
22എന്നാൽ, നിങ്ങൾ കർത്താവിന്റെ വാക്കു ശ്രവിക്കാതെയും ബാബിലോൺ രാജാവിനെ സേവിക്കാതെയുമിരുന്നാൽ,
23 യൂദാനഗരങ്ങളിൽ നിന്നും ജറുസലെമിൻെറ പരിസരങ്ങളിൽ നിന്നും ആഹ്ലാദത്തിന്റെയും ഉല്ലാസത്തിന്റെയും ആരവ വും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാൻ ഇല്ലാതാക്കും. ആരെയും അവശേഷിപ്പിക്കാതെ ദേശം മുഴുവൻ ഞാൻ വിജനമാക്കും.
24ബാബിലോൺ രാജാവിനെ സേവിക്കുക എന്ന അങ്ങയുടെ കൽപന ഞങ്ങൾ അനുസരിച്ചില്ല. അതിനാൽ, ഞങ്ങളുടെ പിതാക്കൻമാരുടെയും രാജാക്കൻമാരുടെയും അസ്ഥികൾ അവരുടെ ശവക്കുഴിയിൽ നിന്നു പുറത്തെടുക്കുമെന്ന് അങ്ങയുടെ ദാസൻമാരായ പ്രവാചകൻമാർ വഴി അരുളിച്ചെയ്തത് അങ്ങ് നിറവേറ്റി.
25ഇതാ, അവ പകലിന്റെ ചൂടും, രാത്രിയുടെ മഞ്ഞും ഏറ്റുകിടക്കുന്നു. അവർ ക്ഷാമവും വാളും പകർച്ചവ്യാധിയും കൊണ്ടുള്ള കഠിനയാതനകളാൽ നശിച്ചു.
26അങ്ങയുടെ നാമത്തിൽ അറിയപ്പെടുന്ന ആലയം ഇസ്രായേൽ ഭവനത്തിൻെറയുംയൂദാഭവനത്തിൻെറയും ദുഷ്ട തയാൽ അങ്ങ് ഇന്നത്തെനിലയിലാക്കി.
വാഗ്ദാനങ്ങൾ അനുസ്മരിക്കുന്നു
27ഞങ്ങളുടെ ദൈവമായ കർത്താവേ, എന്നിട്ടും അങ്ങ് അനന്തമായ കാരുണ്യവും ആർദ്രതയും ഞങ്ങളോടു കാണിച്ചു.
28എന്തെന്നാൽ, ഇസ്രായേൽ ജനത്തിന്റെ മുൻ പിൽവച്ച് അങ്ങയുടെ നിയമം രേഖപ്പെടുത്താൻ അങ്ങയുടെ ദാസനായ മോശയോടു കൽപിച്ച ദിവസം അവൻ വഴി അങ്ങ് ഇപ്രകാരം അരുളിച്ചെയ്തു:
29നിങ്ങൾ എന്റെ സ്വരം ശ്രവിക്കുന്നില്ലെങ്കിൽ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കുന്ന അസംഖ്യമായ ഈ ജനതയിൽ ഒരു ചെറിയ ഗണം മാത്രമേ അവശേഷിക്കൂ.
30ദുശ്ശാഠ്യക്കാരായ അവർ എന്നെ അനുസരിക്കുകയില്ലെന്ന് എനിക്കറിയാം. എന്നാൽ, പ്രവാസദേശത്ത് അവർക്കു മനഃപരിവർത്തനമുണ്ടാകും.
31ഞാനാണ് അവരുടെദൈവമായ കർത്താവെന്ന് അവർ അറിയും. അനുസരിക്കുന്ന ഹൃദയവും ശ്രവിക്കുന്ന ചെവികളും ഞാൻ അവർക്കു നൽകും.
32അടിമത്തത്തിന്റെ നാട്ടിൽവച്ച് അവർ എന്നെ പുകഴ്ത്തുകയും എന്റെ നാമത്തെ അനുസ്മരിക്കുകയുംചെയ്യും.
33ദുശ്ശാഠ്യത്തിൽനിന്നും ദുഷ്പ്രവൃത്തിയിൽനിന്നും അവർ പിൻതിരിയും. എന്തെന്നാൽ, കർത്താവിന്റെ മുൻപിൽ പാപംചെയ്ത പിതാക്കൻമാരുടെ ഗതി അവർ ഓർക്കും.
34അവരുടെ പിതാക്കൻമാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്തക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും, അവർ അവിടെ വാഴും. ഞാൻ അവരെ വർധിപ്പിക്കും. അവരുടെ എണ്ണം കുറയുകയില്ല.
35ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കാൻ ഞാൻ അവരുമായി ഒരു ശാശ്വത ഉട മ്പടി ഉണ്ടാക്കും. ഞാൻ അവർക്കു നൽകിയിരിക്കുന്ന ദേശത്തുനിന്ന് ഇനിമേൽ അവരെ ബഹിഷ്കരിക്കുകയില്ല.