2 സാമുവൽ 24
അധ്യായങ്ങൾ
ദാവീദ് ജനസംഖ്യയെടുക്കുന്നു
1കർത്താവ് വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്ടപ്പെടുത്താൻ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ എണ്ണമെടുക്കുക എന്ന് കർത്താവ് അവനോടു കൽപിച്ചു.
2രാജാവ് യോവാബിനോടും സൈന്യത്തലവൻമാരോടും പറഞ്ഞു: ദാൻമുതൽബേർഷെബാവരെയുള്ള ഇസ്രായേൽ ഗോത്രങ്ങളിലെ ജനത്തെ എണ്ണുക. എനിക്കു സംഖ്യ അറിയണം.
3എന്നാൽ, യോവാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ ദൈവമായ കർത്താവ് ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടി വർധിപ്പിക്കട്ടെ! അതു കാണാൻ അങ്ങേക്ക് ഇടവരട്ടെ! പക്ഷേ, അങ്ങേക്ക് ഇതിലിത്ര താത്പര്യം എന്താണ്?
4യോവാബും പടനായകൻമാരും രാജകൽപനയ്ക്കു വഴങ്ങി. ഇസ്രായേൽജനത്തെ എണ്ണാൻ അവർ രാജസന്നിധിയിൽനിന്നുപുറപ്പെട്ടു.
5അവർജോർദാൻ കടന്ന് താഴ്വരയുടെ മധ്യത്തിലുള്ള അരോവറിൽനിന്ന് ആരംഭിച്ച് ഗാദിലേക്കുംയാസറിലേക്കും പോയി.
6അവർ ഗിലെയാദിലും ഹിത്യരുടെ ദേശമായ കാദെഷിലും എത്തി. പിന്നെ ദാനിലേക്കും, അവിടെനിന്ന് സീദോനിലേക്കും പോയി.
7കോട്ടകെട്ടിയ ടയിർപ്പട്ടണത്തിലും ഹിവ്യരുടെയും കാനാന്യരുടെയും എല്ലാ പട്ടണങ്ങളിലും അവസാനം യൂദായുടെ നെഗെബിലുള്ള ബേർഷെബായിലും അവർ എത്തി.
8അവർ ദേശമെല്ലാം സഞ്ചരിച്ച് ഒൻപതു മാസവും ഇരുപതു ദിവ സവും കഴിഞ്ഞു ജറുസലെമിലെത്തി.
9യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു.സൈന്യസേവനത്തിനു പറ്റിയവർ ഇസ്രായേലിൽ എട്ടു ലക്ഷവും യൂദായിൽ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു.
10ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. ദാവീദ് കർത്താവിനോടു പറഞ്ഞു: ഞാൻ കൊടുംപാപം ചെയ്തിരിക്കുന്നു. കർത്താവേ, അങ്ങയുടെ ദാസൻെറ പാപം പൊറുക്കണമേ! ഞാൻ വലിയ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു.
11ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ അവന്റെ ദീർഘദർശിയായ ഗാദ്പ്രവാചകനോടു കർത്താവ് അരുളിച്ചെയ്തു:
12നീ ചെന്ന് ദാവീദിനോടു പറയുക. കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ മൂന്നു കാര്യങ്ങൾ. അതിലൊന്നു തിരഞ്ഞെടുത്തുകൊള്ളുക. അതു ഞാൻ നിന്നോടു ചെയ്യും.
13ഗാദ്, ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: നിന്റെ രാജ്യത്ത് മൂന്നുവർഷം ക്ഷാമമുണ്ടാകുകയോ, നീ ശത്രുക്കളിൽനിന്നു മൂന്നു മാസം ഒളിവിൽ പാർക്കുകയോ നിന്റെ രാജ്യത്ത് മൂന്നു ദിവസം പകർച്ചവ്യാധി ഉണ്ടാവുകയോ ഏതു വേണം? എന്നെ അയച്ചവനു ഞാൻ മറുപടി കൊടുക്കേണ്ടതിന് നീ ആലോചിച്ച് ഉത്തരം നൽകുക.
14ദാവീദ് ഗാദിനോടു പറഞ്ഞു: ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. കർത്താവിന്റെ കരംതന്നെ നമ്മുടെമേൽ പതിച്ചുകൊള്ളട്ടെ; എന്തെന്നാൽ, അവിടുന്നു അതിദയാലുവാണല്ലോ. എന്നാൽ, ഞാൻ മനുഷ്യരുടെ പിടിയിലകപ്പെടാതിരിക്കട്ടെ!
15അങ്ങനെ അന്നു പ്രഭാതംമുതൽ നിശ്ചിതസമയംവരെ കർത്താവ് ഒരു പകർച്ചവ്യാധി അയച്ചു. ദാൻമുതൽ ബേർഷെബാ വരെ ജനത്തിൽ എഴുപതിനായിരംപേർ മരിച്ചു.
16കർത്താവിന്റെ ദൂതൻ ജറുസലെം നശിപ്പിക്കാൻ കൈനീട്ടിയപ്പോൾ കർത്താവ് ആ തിൻമയെപ്പറ്റി അനുതപിച്ചു. സംഹാരദൂതനോട് അവിടുന്നു കൽപിച്ചു: മതി, കൈ പിൻവലിക്കുക. കർത്താവിന്റെ ദൂതൻ ജബൂസ്യനായ അരവ്നായുടെ മെതിക്കളത്തിനടുത്തായിരുന്നു.
17സംഹാരദൂതനെ കണ്ടിട്ട് ദാവീദ് കർത്താവിനോട് അപേക്ഷിച്ചു: ഞാനല്ലേ കുറ്റക്കാരൻ? തെറ്റുചെയ്തത് ഞാനല്ലേ? ഈ പാവപ്പെട്ട ജനം എന്തു ദോഷം ചെയ്തു? എന്നെയും എന്റെ പിതൃഭവനത്തെയും ശിക്ഷിച്ചാലും.
18അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽച്ചെന്നു പറഞ്ഞു: ജബൂസ്യനായ അരവ് നായുടെ മെതിക്കളത്തിൽ ചെന്ന് കർത്താവിനൊരു ബലിപീഠം പണിയുക.
19ദാവീദ് കർത്താവിന്റെ കൽപനയുസരിച്ച് ഗാദ് പറഞ്ഞപ്രകാരം ചെന്നു.
20അരവ്നാ തല ഉയർത്തി നോക്കിയപ്പോൾ രാജാവും ഭൃത്യൻമാരും തൻെറ അടുത്തേക്കു വരുന്നതു കണ്ടു, അവൻ ചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു.
21അവൻ ചോദിച്ചു: പ്രഭോ, ഇങ്ങോട്ട് എഴുന്നള്ളിയതെന്തിന്? ദാവീദ് പറഞ്ഞു: മഹാമാരി ജനത്തിൽനിന്നകലേണ്ടതിന് കർത്താവിന് ഒരു ബലിപീഠം പണിയാൻ നിന്റെ മെതിക്കളം വാങ്ങുവാൻ തന്നെ.
22അരവ്നാ ദാവീദിനോടു പറഞ്ഞു:യജമാനനേ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബലിയർപ്പിച്ചാലും. ബലിപീഠത്തിലർപ്പിക്കേണ്ടതിന് ഇതാ കാളകൾ, വിറകിന് ഇതാ മെതിവണ്ടികളും നുകങ്ങളും.
23രാജാവേ, അരവ്നാ ഇതെല്ലാം രാജാവിനു തരുന്നു. അവൻ തുടർന്നു: അങ്ങയുടെ ദൈവമായ കർത്താവ് അങ്ങിൽ സംപ്രീതനാകട്ടെ!
24ദാവീദ് അരവ്നായോടു പറഞ്ഞു: ഇല്ല, വിലയ്ക്കു മാത്രമേ ഞാനിതു വാങ്ങു. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കർത്താവിനു ഞാൻ അർപ്പിക്കുകയില്ല. അങ്ങനെ ദാവീദ് അൻപതു ഷെക്കൽ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി.
25അവിടെ ബലിപീഠം പണിത് ദാവീദ് കർത്താവിനു ദഹനബലികളും സമാധാന ബലികളും അർപ്പിച്ചു. കർത്താവ് ദാവീദിന്റെ പ്രാർഥന കേട്ടു; ഇസ്രായേലിൽ നിന്നു മഹാമാരി വിട്ടുപോയി.