2 സാമുവൽ 13
അധ്യായങ്ങൾ
അമ്നോനും താമാറും
1ദാവീദിന്റെ മകൻ അബ്സലോമിനു സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. താമാർ എന്നായിരുന്നു അവളുടെ പേര്. ദാവീദിന്റെ മറ്റൊരു മകനായ അമ് നോൻ അവളെ കാംക്ഷിച്ചു.
2കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്നു കരുതിയ അമ്നോൻ അവളെപ്രതി രോഗാതുരനായിത്തീർന്നു.
3അമ്നോന് യോനാദാബ് എന്നൊരു സ്നേഹിതൻ ഉണ്ടായിരുന്നു. ദാവീദിന്റെ സഹോദരൻ ഷിമെയായുടെ മകനായ അവൻ വലിയ സൂത്രശാലിയായിരുന്നു.
4അവൻ അമ്നോനോടു ചോദിച്ചു: അല്ലയോ രാജകുമാരാ, നീ ഓരോ ദിവസവും ദുഃഖാർത്തനായി കാണപ്പെടുന്നതെന്ത്? എന്റെ സഹോദരൻ അബ്സലോമിന്റെ സഹോദരി താമാറിനെ ഞാൻ സ്നേഹിക്കുന്നു. അമ്നോൻമറുപടി പറഞ്ഞു.
5യോനാദാബ് ഉപദേശിച്ചു: രോഗം നടിച്ചു കിടക്കുക. നിന്റെ പിതാവ് നിന്നെ കാണാൻവരുമ്പോൾ, എന്റെ സഹോദരി താമാർ വന്ന് എനിക്കു ഭക്ഷണം തരട്ടെ. അവളുടെ കൈയിൽനിന്നു ഞാൻ വാങ്ങി ഭക്ഷിക്കേണ്ടതിന് ഞാൻ കാൺകെ അവൾ തന്നെ ഭക്ഷണമൊരുക്കട്ടെയെന്ന് അവനോടു പറയുക.
6അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു. രാജാവ് കാണാൻ വന്നപ്പോൾ അവൻ രാജാവിനോടു പറഞ്ഞു: എന്റെ സഹോദരി താമാർ വന്ന് എന്റെ മുൻപിൽവച്ചു തന്നെ അപ്പം ഉണ്ടാക്കി, അവൾതന്നെ എനിക്കു വിളമ്പിത്തരട്ടെ.
7അപ്പോൾ ദാവീദ് കൊട്ടാരത്തിൽ താമാറിൻെറ യടുക്കൽ ആളയച്ചു പറഞ്ഞു: നിന്റെ സഹോദരൻ അമ്നോൻെറ വീട്ടിൽചെന്ന് അവനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.
8അങ്ങനെ താമാർ തൻെറ സഹോദരൻ അമ്നോൻെറ വീട്ടിൽചെന്നു. അവൻ കിടക്കുകയായിരുന്നു. അവൾ മാവുകുഴച്ച് അവൻ കാൺകെ അട ചുട്ടു.
9അവൾ അതു വറചട്ടിയിൽ നിന്നെടുത്ത് അവനു കൊടുത്തു. എന്നാൽ അവൻ ഭക്ഷിച്ചില്ല. എല്ലാവരെയും ഇവിടെനിന്നു പുറത്താക്കുക. അമ് നോൻ ആവശ്യപ്പെട്ടു. അങ്ങനെ എല്ലാവരും പുറത്തുപോയി.
10അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: നിന്റെ കൈയിൽ നിന്നുതന്നെ ഞാൻ ഭക്ഷിക്കേണ്ടതിന് ഭക്ഷണം ഉൾമുറിയിലേക്കു കൊണ്ടുവരുക.
11താമാർ അടയെടുത്ത് തൻെറ സഹോദര നായ അമ്നോൻെറ മുറിയിൽച്ചെന്നു. അവൾ അതും കൊണ്ട് അടുത്തുചെന്നപ്പോൾ അവൻ അവളെ കടന്നുപിടിച്ച്, സഹോദരീ എന്റെ കൂടെ കിടക്കുക എന്നു പറഞ്ഞു.
12ഇല്ല, സഹോദരാ, എന്നെ അപമാനിക്കരുതേ! ഇസ്രായേലിൽ ഇതു നിഷിദ്ധമല്ലേ? വഷളത്തം പ്രവർത്തിക്കരുത്.
13മറ്റുള്ളവരുടെ മുൻപിൽ ഞാൻ എങ്ങനെ തല ഉയർത്തി നടക്കും? ഇസ്രായേലിൽ നിനക്കും ദുഷ് കീർത്തി വരുമല്ലോ. ദയവായി രാജാവിനോടപേക്ഷിക്കുക. അവൻ എന്നെ നിനക്കു വിവാഹം ചെയ്തുതരും.
14അവൾ കേണപേക്ഷിച്ചു. അവളുടെ അപേക്ഷ അവൻ ശ്രദ്ധിച്ചില്ല. ബലംപ്രയോഗിച്ച് അവളുമായി ശയിച്ചു.
15പിന്നെ അമ്നോൻ അവളെ അത്യധികം വെറുത്തു. അവളെ സ്നേഹിച്ചതിനെക്കാൾ തീവ്രമായി ഇപ്പോൾ അവൻ അവളെ ദേ്വഷിച്ചു. എഴുന്നേറ്റു പോവുക, അമ്നോൻ അവളോടു പറഞ്ഞു.
16ഇല്ല, സഹോദരാ; നീ എന്നോടു ചെയ്ത തെറ്റിനെക്കാൾ ഭയങ്കരമാണ് എന്നെ പറഞ്ഞുവിടുന്നത്, അവൾ പറഞ്ഞു. എങ്കിലും അവൻ അതു ശ്രദ്ധിച്ചില്ല.
17തൻെറ ദാസനെ വിളിച്ച് അവൻ പറഞ്ഞു: ഇവളെ എന്റെ മുൻപിൽനിന്നു പുറത്താക്കി വാതിലടയ്ക്കുക.
18താമാർ ധരിച്ചിരുന്നത് അവിവാഹിതകളായരാജകുമാരിമാർ ധരിക്കാറുള്ള നീണ്ട കൈയുള്ള അങ്കിയായിരുന്നു. ഭൃത്യൻ അവളെ പുറത്താക്കി വാതിൽ അടച്ചു.
19താമാർ തലയിൽ ചാരം വിതറി, താൻ ധരിച്ചിരുന്ന നീണ്ട അങ്കി വലിച്ചുകീറി, തലയിൽ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടുപോയി.
20സഹോദരനായ അ ബ്സലോം അവളോടു പറഞ്ഞു: നിന്റെ സഹോദരൻ അമ്നോൻ നിന്റെ കൂടെയായിരുന്നുവോ? ആകട്ടെ സഹോദരീ, സമാധാനമായിരിക്കുക, അവൻ നിന്റെ സഹോദരനാണല്ലോ. നീ ദുഃഖിക്കരുത്. അങ്ങനെ താമാർ സഹോദരനായ അബ്സലോമിന്റെ ഭവനത്തിൽ ദുഃഖിതയും ഏകാകിനിയുമായിക്കഴിഞ്ഞു.
21ദാവീദ് രാജാവ് ഇതുകേട്ടപ്പോൾ അത്യന്തം കോപിച്ചു.
22അബ്സലോമാകട്ടെ അമ്നോനോടു ഗുണമോ ദോഷമോ പറഞ്ഞില്ല. തൻെറ സഹോദരി താമാറിനെ മാനഭംഗപ്പെടുത്തിയതിനാൽ അവനെ വെറുത്തു.
അബ്സലോമിൻെറ പ്രതികാരം
23രണ്ടു വർഷം കഴിഞ്ഞ് അബ്സലോമിനു എഫ്രായിം പട്ടണത്തിനടുത്തു ബാൽഹസോറിൽ വച്ച് ആടുകളെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു. രാജകുമാരൻമാരെയെല്ലാം അവൻ ക്ഷണിച്ചു.
24അബ്സലോം രാജസന്നിധിയിൽചെന്നു പറഞ്ഞു: തിരുമേനീ, എന്റെ ആടുകളുടെ രോമം കത്രിക്കുകയാണ്. അങ്ങ് സേവകരുമൊത്ത് വിരുന്നാഘോഷങ്ങളിൽ സംബന്ധിക്കണം.
25ഇല്ല, മകനേ, ഞങ്ങളെല്ലാവരും വന്നാൽ നിനക്കു ബുദ്ധിമുട്ടായിത്തീരും, രാജാവ് മറുപടി പറഞ്ഞു. അബ്സലോം നിർബന്ധിച്ചെങ്കിലും രാജാവു പോകാതെ അവനു മംഗളം നേർന്നു.
26അപ്പോൾ അബ്സലോം പറഞ്ഞു: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ വരാൻ അനുവദിക്കണമേ!
27അവൻ പോരുന്നത് എന്തിന്? രാജാവ്ചോദിച്ചു. എന്നാൽ, അബ്സലോം നിർബന്ധിച്ചപ്പോൾ അമ്നോനും മറ്റു രാജകുമാരൻമാരും പോകാൻ രാജാവ് അനുവദിച്ചു.
28അബ്സലോം ദാസൻമാർക്കു നിർദേശം നൽകി. അമ്നോൻ വീഞ്ഞുകുടിച്ചു മത്തനാകുമ്പോൾ, അവനെ വെട്ടുക എന്നു ഞാൻ പറയുമ്പോൾ, അവനെ കൊന്നു കളയണം. ഭയപ്പെടേണ്ടാ, ഞാനല്ലേ നിങ്ങളോടു കൽപിക്കുന്നത്? അബ്സലോം കൽപിച്ചതുപോലെ ഭൃത്യൻമാർ അമ്നോനെ കൊന്നു.
29രാജകുമാരൻമാർ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി.
30അവർ കൊട്ടാരത്തിലെത്തുന്നതിനു മുമ്പുതന്നെ അബ്സലോം അവരെയെല്ലാംകൊന്നു; ആരും ശേഷിച്ചിട്ടില്ല എന്നൊരു വാർത്ത ദാവീദിന്റെ ചെവിയിലെത്തി.
31രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി തറയിൽ കിടന്നു. കൂടെയുണ്ടായിരുന്ന ഭൃത്യൻമാരും വസ്ത്രം കീറി.
32എന്നാൽ, ദാവീദിന്റെ സഹോദരൻ ഷിമെയായുടെ മകൻ യോനാദാബ് പറഞ്ഞു: രാജാവേ, അങ്ങയുടെ എല്ലാ പുത്രൻമാരെയും കൊന്നു എന്നു ധരിക്കരുത്, അമ്നോൻമാത്രമേ മരിച്ചിട്ടുള്ളു. തൻെറ സഹോദരി താമാറിനെ അമ്നോൻ അപമാനിച്ചപ്പോൾ മുതൽ ഇതു ചെയ്യാൻ അബ്സലോം ഉറച്ചിരുന്നെന്നു വ്യക്തം.
33അതുകൊണ്ട്, അങ്ങയുടെ പുത്രൻമാരെല്ലാം കൊല്ലപ്പെട്ടു എന്ന വാർത്ത വിശ്വസിക്കരുത്.
34അമ്നോൻമാത്രമേ മരിച്ചിട്ടുള്ളു. അബ്സലോം ഓടിപ്പോയി. ഇതിനിടെ വലിയൊരു ജനക്കൂട്ടം ഹെറോണായിമിൽ നിന്നുള്ള പാതവഴി മലയിറങ്ങിവരുന്നതു കാവൽഭടൻമാരിൽ ഒരുവൻ കണ്ടു. അവൻ രാജാവിനെ അറിയിച്ചു.
35അപ്പോൾ യോനാദാബ് രാജാവിനോടു പറഞ്ഞു: അതാ, ഞാൻ പറഞ്ഞതുപോലെതന്നെ രാജകുമാരൻമാർ വരുന്നു.
36അവൻ ഇതു പറഞ്ഞുതീർന്നയുടനെ രാജകുമാരൻമാർ അടുത്തെത്തി ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യൻമാരും അതീവ ദുഃഖത്തോടെ കരഞ്ഞു.
37അബ്സലോം ഓടി അമ്മീഹൂദിന്റെ മകൻ ഗഷൂർരാജാവായ തൽമായിയുടെയടുക്കൽച്ചെന്നു. തൻെറ മകൻ അമ്നോനെയോർത്ത് ദാവീദ് വളരെക്കാലം ദുഃഖിച്ചു.
38ഗഷൂറിലേക്ക് ഓടിപ്പോയ അബ്സലോം അവിടെ മൂന്നു വർഷം താമസിച്ചു. അമ്നോൻെറ മരണത്തിലുള്ള ദുഃഖം ശമിച്ചപ്പോൾ അബ്സലോമിനെ കാണാൻ ദാവീദ് അതിയായി ആഗ്രഹിച്ചു.