2 സാമുവൽ 10
അധ്യായങ്ങൾ
അമ്മോന്യരെയും സിറിയാക്കാരെയും തോൽപിക്കുന്നു
1അമ്മോന്യരുടെ രാജാവ് മരിച്ചു. അവന്റെ മകൻ ഹാനൂൻ രാജാവായി.
2അപ്പോൾ ദാവീദ് പറഞ്ഞു: നാഹാഷ് എന്നോടു കാണിച്ചതുപോലെ അവന്റെ മകൻ ഹാനൂനോടു ഞാനും ദയ കാണിക്കും. പിതാവിന്റെ മരണത്തിൽ അനുശോചനമറിയിക്കാൻ ദാവീദ് ഒരു സംഘം ദൂതൻമാരെ ഹാനൂൻെറ അടുത്തേക്കയച്ചു.
3അവർ അമ്മോന്യരുടെദേശത്ത് എത്തി. എന്നാൽ അമ്മോന്യപ്രഭുക്കൻമാർ രാജാവായ ഹാനൂനോടു പറഞ്ഞു: നിന്നെ ആശ്വസിപ്പിക്കാൻ ദാവീദ് ദൂതൻമാരെ അയച്ചത് നിന്റെ പിതാവിനോടുള്ള ബഹുമാനം കൊണ്ടാണെന്നു നീ വിശ്വസിക്കുന്നുവോ? അവർ ഒറ്റുകാരാണ്. നഗരം നശിപ്പിക്കാനുള്ള മാർഗം അറിയാനാണ് അവൻ അവരെ അയച്ചിരിക്കുന്നത്.
4ഹാനൂൻ ദാവീദിന്റെ ഭൃത്യൻമാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്യിച്ചും വസ്ത്രം നടുവിൽ നിതംബംവരെ കീറിയും വിട്ടയച്ചു.
5ദാവീദ് അതുകേട്ട് അത്യന്തം അപമാനിതരായ അവരോട് ആളയച്ച് പറഞ്ഞു: താടി വളരുംവരെ ജറീക്കോയിൽ താമസിക്കുവിൻ. പിന്നെ മടങ്ങിപ്പോകുവിൻ.
6ദാവീദിന്റെ ശത്രുത സമ്പാദിച്ചുവെന്ന് ഗ്രഹിച്ചപ്പോൾ അമ്മോന്യർ ബത്റെഹോബിലെയും സോബായിലെയും സിറിയാക്കാരിൽനിന്ന് ഇരുപതിനായിരം കാലാൾപ്പടയെയും ആയിരംപേരോടുകൂടെ മാഖാരാജാവിനെയും തോബിൽനിന്നു പന്തീരായിരംപേരെയും കൂലിക്കെടുത്തു.
7അതുകേട്ട് ദാവീദ് യോവാബിനെ സകല വീരപടയാളികളുമായി അ യച്ചു.
8അമ്മോന്യർ നഗരവാതിൽക്കൽ അണിനിരന്നു. സോബായിലെയും റഹോബിലെയും സിറിയാക്കാരും തോബിലെയും മാഖായിലെയും പടയാളികളും വെളിമ്പ്രദേശത്തു നിലയുറപ്പിച്ചു.
9ശത്രുസൈന്യം മുൻപിലും പിൻപിലും നിലയുറപ്പിച്ചിരിക്കുന്നെന്നു കണ്ടപ്പോൾ യോവാബ് ഇസ്രായേലിന്റെ അതിധീരരായ ഒരുകൂട്ടം പടയാളികളെ തിരഞ്ഞെടുത്ത് സിറിയാക്കാർക്കെതിരേ അണിനിരത്തി.
10ശേഷിച്ച സൈന്യത്തെ തൻെറ സഹോദരൻ അബിഷായിയുടെ ചുമതലയിലേൽപിച്ചു. അബിഷായി അവരെ അമ്മോന്യർക്കെതിരേ അണിനിരത്തി. യോവാബ് അബിഷായിയോടു പറഞ്ഞു:
11സിറിയാക്കാർ എന്നെ തോൽപിക്കുമെന്നു കണ്ടാൽ, നീ വന്ന് എന്നെ സഹായിക്കുക; അമ്മോന്യർ നിന്നെ തോൽപിക്കുമെന്നുകണ്ടാൽ, ഞാൻ വന്ന് നിന്നെ സഹായിക്കാം. ധൈര്യമായിരിക്കുക.
12നമ്മുടെ ജനത്തിനുവേണ്ടിയും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കുവേണ്ടിയും നമുക്കു ധീരമായി പോരാടാം. ദൈവേഷ്ടംപോലെ ഭവിക്കട്ടെ!
13അങ്ങനെ യോവാബും കൂടെയുള്ള സൈന്യവും സിറിയാക്കാരോടുയുദ്ധം ചെയ്യാനടുത്തു.
14അവർ പലായനം ചെയ്തു. സിറിയാക്കാർ തോറ്റോടുന്നതു കണ്ടപ്പോൾ അമ്മോന്യരും അബിഷായിയുടെ മുൻപിൽനിന്നോടി നഗരത്തിൽ കടന്നു. യോവാബ് അമ്മോന്യരോടുള്ളയുദ്ധം അവസാനിപ്പിച്ചു ജറുസലെമിലേക്കു മടങ്ങിപ്പോന്നു.
15ഇസ്രായേൽ തങ്ങളെ തോൽപിച്ചെന്നു കണ്ടപ്പോൾ സിറിയാക്കാർ ഒരുമിച്ചുകൂടി.
16ഹദദേസർ ആളയച്ച്യൂഫ്രട്ടീസ് നദിക്കപ്പുറത്തുള്ള സിറിയാക്കാരെ വരുത്തി. ഹദദേസറിൻെറ സൈന്യാധിപനായ ഷോബക്കിൻെറ നേതൃത്വത്തിൽ അവർ ഹേലാമിലേക്കു വന്നു.
17ദാവീദ് അതറിഞ്ഞ് ഇസ്രായേലിനെ മുഴുവൻ ഒരുമിച്ചുകൂട്ടി ജോർദാൻ കടന്നു ഹേലാമിലെത്തി.
18സിറിയാക്കാർ ദാവീദിനെതിരേ അണിനിരന്നുയുദ്ധംചെയ്തു. സിറിയാക്കാർ ഇസ്രായേലിന്റെ മുൻപിൽതോറ്റോടി. എഴുനൂറു തേരാളികളെയും നാൽപതിനായിരം കുതിരപ്പടയാളികളെയും ദാവീദ് കൊന്നു. അവരുടെ സൈന്യാധിപ നായ ഷോബക്ക് മുറിവേറ്റ് അവിടെവച്ചു മരിച്ചു.
19ഇസ്രായേൽ തങ്ങളെ തോൽപിച്ചുവെന്നു കണ്ടപ്പോൾ ഹദദേസറിൻെറ സാമന്തൻമാർ ഇസ്രായേലുമായി ഉടമ്പടി ചെയ്തു; ആശ്രിതരായി. അതിനുശേഷം അമ്മോന്യരെ സഹായിക്കാൻ സിറിയാക്കാർക്കു ഭയമായി.