Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 മക്കബായർ 6

അധ്യായങ്ങൾ

മതപീഡനം

1ഏറെക്കാലം കഴിയുന്നതിനുമുൻപ് തങ്ങളുടെ പിതാക്കൻമാരുടെ ആചാരങ്ങളിലും ദൈവത്തിന്റെ നിയമങ്ങളിലുംനിന്നു പിന്തിരിയാൻ യഹൂദരെ നിർബന്ധിക്കാൻ രാജാവ് പ്രതിനിധിസഭാംഗമായ ഒരു ആഥൻസുകാരനെ അയച്ചു.
2ജറുസലെംദേവാലയ ത്തെ അശുദ്ധമാക്കി, അതിനെ ഒളിമ്പസിലെ സേവൂസിന്റെ ക്ഷേത്രമെന്നും, ഗരിസിംദേവാലയത്തെ, തദ്ദേശീയരെ അനുകരിച്ച് വിദേശികളുടെ സംരക്ഷകനായ സേവൂസിന്റെ ക്ഷേത്രമെന്നും വിളിക്കാൻ നിർബന്ധിക്കണമെന്നും രാജാവ് അവനോടു നിർദേശിച്ചു.
3തിൻമയുടെ കടന്നാക്രമണം കഠിന വും അത്യന്തം ക്രൂരവുമായിരുന്നു.
4കാരണം, വിജാതീയർ പരിശുദ്ധസ്ഥലങ്ങളിൽ വച്ചു വേശ്യകളുമായി ഉല്ലസിക്കുകയും, മറ്റു സ്ത്രീകളുമായി സംഗമത്തിലേർപ്പെടുകയും ചെയ്തു. അങ്ങനെ അവർ ദേവാലയത്തെ മ്ലേഛ തകൊണ്ടു നിറച്ചു. കൂടാതെ, അനുചിതമായ ബലിവസ്തുക്കൾ അവർ അകത്തു കൊണ്ടുവന്നു.
5മ്ലേച്ഛവും നിഷിദ്ധവുമായ ബലിവസ്തുക്കൾകൊണ്ടു ബലിപീഠം നിറഞ്ഞു.
6സാബത്തും പരമ്പരാഗതമായ ഉത്സവദിനങ്ങളും ആചരിക്കാനോ യഹൂദരെന്നു പരസ്യമായി പറയാൻ പോലുമോ ആർക്കും കഴിയാതെയായി.
7രാജാവിന്റെ ജൻമദിനം മാസംതോറും ആഘോഷിക്കുമ്പോൾ ബലിയർപ്പണത്തിൽ പങ്കെടുത്ത് ബലിവസ്തുക്കൾ ഭക്ഷിക്കാൻ യഹൂദർ കഠിനമായി നിർബന്ധിക്കപ്പെട്ടു. ദിയോനീസസിൻെറ ഉത്സ വത്തിൽ ആ ദേവനെ ബഹുമാനിക്കാൻ വേണ്ടി ദലചക്രമണിഞ്ഞ് പ്രദക്ഷിണത്തിൽ പങ്കെടുക്കാനും അവർ നിർബന്ധിതരായി.
8സമീപഗ്രീക്കുനഗരങ്ങളും യഹൂദരോട് അതേനയം അനുവർത്തിക്കണമെന്നും അവരെ ബലിയർപ്പണങ്ങളിൽ പങ്കെടുപ്പിക്കണമെന്നും ടോളമിയുടെ നിർദേശമനുസരിച്ച് ഒരു കൽപന പ്രസിദ്ധീകൃതമായി.
9ഗ്രീക്ക് ആ ചാരങ്ങൾ സ്വീകരിക്കാത്തവരെ വധിക്കണമെന്നും ആ കൽപനയിൽ ഉണ്ടായിരുന്നു. അവർക്കു സംഭവിച്ച ദുരിതം ഇതു വ്യക്തമാക്കുന്നു.
10ഉദാഹരണത്തിന്, തങ്ങളുടെ കുട്ടികളെ പരിച്ഛേദനം ചെയ്ത രണ്ടു സ്ത്രീകൾ പിടിക്കപ്പെട്ടു. ശിശുക്കളെ കഴുത്തിൽ കെട്ടിത്തൂക്കി അവരെ പരസ്യമായി നഗരത്തിലൂടെ നടത്തി; അവസാനം മതിലിൽനിന്നു തലകുത്തനെ താഴോട്ടെറിഞ്ഞു.
11രഹസ്യമായി സാബത്ത് ആചരിക്കാൻ അടുത്തുള്ള ഗുഹകളിൽ ചിലർ ഒരുമിച്ചുകൂടി. അവരെ ആരോ ഫിലിപ്പിന് ഒറ്റിക്കൊടുക്കുകയും തത് ഫലമായി കൂട്ടത്തോടെ ദഹിപ്പിക്കപ്പെടുകയും ചെയ്തു. ഭക്തിയും വിശുദ്ധദിനത്തോടുള്ള ആദരവും നിമിത്തം എതിർത്തുനിൽക്കാൻ അവർ ഒരുമ്പെട്ടില്ല.
12ഈ ഗ്രന്ഥം വായിക്കുന്നവർ, വിപത്തുകളിൽ ഭഗ്നാശരാകരുതെന്നും ഇത്തരം അനർഥങ്ങൾ നാശത്തിനല്ല, നമ്മുടെ ജനതയുടെ ശിക്ഷണത്തിനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നതെന്നു മനസ്സിലാക്കണമെന്നും ഞാൻ അഭ്യർഥിക്കുന്നു.
13അധർമികളെ ദീർഘകാലത്തേക്കു തന്നിഷ്ടത്തിനുവിടാതെ തത്ക്ഷണം ശിക്ഷിക്കുന്നതുയഥാർഥത്തിൽ വലിയ കാരുണ്യത്തിൻെറ ലക്ഷണമാണ്.
14ഇതര ജനതകളെ ശിക്ഷിക്കുന്ന കാര്യത്തിൽ, അവർ തങ്ങളുടെ പാപങ്ങളുടെ തികവിലെത്തുന്നതുവരെ കർത്താവ് ക്ഷമയോടെ കാത്തിരിക്കുന്നു. എന്നാൽ, നമ്മോട് അവിടുന്ന് ഇപ്രകാരമല്ല വർത്തിക്കുന്നത്.
15നമ്മൾ പാപപാരമ്യത്തിൽ എത്തി പ്രതികാരത്തിനു പാത്രമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
16അവിടുന്ന് തൻെറ കാരുണ്യം ഒരിക്കലും നമ്മിൽനിന്നു പിൻവലിക്കുന്നില്ല. വിപത്തുകൾകൊണ്ടു നമുക്കു ശിക്ഷണം നൽകുന്നെങ്കിലും അവിടുന്ന് സ്വജനത്തെ കൈവിടുന്നില്ല.
17ഞങ്ങൾ ഈ പറഞ്ഞത് ഓർമയിലിരിക്കട്ടെ. കഥ ചുരുക്കേണ്ടതുണ്ട്.

എലെയാസറിൻെറ രക്തസാക്ഷിത്വം

18ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞ നും കുലീനഭാവത്തോടുകൂടിയവനും വയോധികനുമായ എലെയാസറിൻെറ വായ് പന്നിമാംസം തീറ്റാൻ അവർ ബലം പ്രയോഗിച്ചു തുറന്നു.
19അവമാനിതനായി ജീവിക്കുന്നതിനെക്കാൾ അഭിമാനത്തോടെ മരിക്കാൻ നിശ്ചയിച്ച അവൻ അതു തുപ്പിക്കളഞ്ഞുകൊണ്ടു പീഡനം വരിച്ചു.
20ജീവനോടുള്ള സ്വാഭാവിക സ്നേഹംപോലും മറന്ന്, നിഷിദ്ധവസ്തുക്കൾ രുചിക്കാൻപോലും വിസമ്മ തിക്കുന്ന ധീരൻമാർ ഇങ്ങനെയാണു ചെയ്യേണ്ടത്.
21നിഷിദ്ധമായ ആ ബലിയുടെ ഭാരവാഹികൾ, അവനോടുള്ള ദീർഘകാല പരിചയംകൊണ്ട് അവനു ഭക്ഷിക്കാൻ അ നുവാദമുള്ള മാംസം കൊണ്ടുവന്നിട്ട്, രാജാവ് ആജ്ഞാപിച്ച ബലിവിരുന്നിന്റെ മാംസം എന്ന ഭാവേന അതു ഭക്ഷിക്കാൻ അവനെ രഹസ്യമായി നിർബന്ധിച്ചു.
22അവൻ അങ്ങനെചെയ്ത് മരണത്തിൽനിന്നു രക്ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണ ലഭിക്കുമെന്നും അവർ പ്രതീക്ഷിച്ചു.
23തൻെറ വാർധക്യത്തിൻെറ അന്തസ്സിനും നരച്ച മുടിയുടെ മഹത്വത്തിനും ബാല്യം മുതൽ നയിച്ച ഉത്തമജീവിതത്തിനും വിശുദ്ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം അവൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട്, തന്നെ പാതാളത്തിലേക്ക് അയച്ചുകൊള്ളാൻ അവരോടു പറഞ്ഞു.
24അവൻ തുടർന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേർന്നതല്ല. എലെയാസർ തൊണ്ണൂറാംവയസ്സിൽ മതം മാറിയെന്നു ചെറുപ്പക്കാർ വിചാരിക്കും.
25ഒരു ചെറിയ നിമിഷംകൂടി ജീവിക്കാൻവേണ്ടി എന്റെ ഈ അഭിനയംമൂലം ഞാൻ അവരെ വഴിതെറ്റിക്കുകയും എന്റെ വാർധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയുംചെയ്യും.
26തത്കാലത്തേക്ക് മനുഷ്യശിക്ഷയിൽനിന്ന് എനിക്ക് ഒഴിവാകാമെങ്കിലും, സർവശക്തൻെറ കരങ്ങളിൽനിന്ന്, ജീവിച്ചാലും മരിച്ചാലും രക്ഷപെടാൻ കഴിയുകയില്ല.
27അതിനാൽ, പൗരുഷത്തോടെ ഞാൻ എന്റെ ജീവൻ അർപ്പിക്കുകയാണ്; അതുവഴി ഞാൻ എന്റെ വാർധക്യത്തിനു യോഗ്യനെന്നു തെളിയും.
28സംപൂജ്യവും വിശുദ്ധവുമായ നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്സാലെ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നുള്ളതിന്യുവാക്കൾക്കു മഹത്തായ ഒരു മാതൃകയായിരിക്കും അത്. ഇതു പറഞ്ഞിട്ട് അവൻ പീഡനയന്ത്രത്തിന്റെ അടുത്തേക്കു ചെന്നു.
29അൽപംമുൻപു തന്നോടു സൻമനസ്സോടെ വർത്തിച്ചവർ ഇപ്പോൾ ദുഷ്ടരായി മാറി. അവരുടെ നോട്ടത്തിൽ അവന്റെ വാക്ക് തനിഭ്രാന്തായിരുന്നു.
30മർദനമേറ്റു മരിക്കാറായപ്പോൾ അവൻ ഞരങ്ങി: മരണത്തിൽനിന്നു രക്ഷപെടാമായിരുന്ന എനിക്ക് ഈ പ്രഹരത്തിൽ ഉത്കടമായ ശരീരവേദനയുണ്ടെങ്കിലും കർത്താവിനോടുള്ള ഭക്തിയാൽ ഇവ സഹിക്കുന്നതിൽ എന്റെ ആത്മാവ് സന്തോഷിക്കുന്നു എന്ന് അവിടുത്തേക്ക്, തൻെറ പരിശുദ്ധജ്ഞാനത്താൽ, വ്യക്തമായി അറിയാം.
31ഇങ്ങനെ അവൻ മരിച്ചു;യുവാക്കൾക്കു മാത്രമല്ല, തൻെറ ജനത്തിനു മുഴുവനും, തൻെറ മരണത്താൽ ശ്രേഷ്ഠതയുടെ മാതൃകയും ധീരതയുടെ സ്മാരകവും നൽകി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്