2 മക്കബായർ 13
അധ്യായങ്ങൾ
മെനെലാവൂസിൻെറ വധം
1അന്തിയോക്കസ്യൂപ്പാത്തോർയൂദയായ്ക്കെതിരേ ഒരു വൻസേനയുമായി വരുന്നെന്ന് നൂറ്റിനാൽപത്തൊൻപതാമാണ്ടു യൂദാസിനും അനുചരൻമാർക്കും അറിവുകിട്ടി.
2അന്തിയോക്കസിന്റെ രക്ഷാകർത്താവും ഭരണച്ചുമതല വഹിക്കുന്നവനുമായ ലിസിയാസും അവനോടൊത്തുണ്ടായിരുന്നു. ഗ്രീക്കുസൈന്യത്തിൽപെട്ട ഒരു ലക്ഷത്തിപതിനായിരം കാലാൾപ്പടയാളികളും അയ്യായിരത്തിമുന്നൂറു കുതിരപ്പടയാളികളും ഇരുപത്തിരണ്ട് ആനകളും കത്തി ഘടിപ്പിച്ച മുന്നൂറു രഥങ്ങളും അവരെ അനുഗമിച്ചിരുന്നു.
3മെനെലാവൂസും അവനോടു ചേർന്ന് അവനെ പ്രോത്സാഹിപ്പിച്ചു. രാജ്യനൻമയിലുള്ള താത്പര്യത്താലല്ല, സ്ഥാനമോഹത്താൽ പ്രേരിതനായിട്ടാണ് അവൻ ഇങ്ങനെ ചെയ്തത്.
4എന്നാൽ, രാജാക്കൻമാരുടെ രാജാവായവൻ ആ നീചനെതിരേ അന്തിയോക്കസിന്റെ ക്രോധം ഉണർത്തി. ഇവനാണ് സകല കുഴപ്പങ്ങൾക്കും കാരണമെന്നു ലിസിയാസ് ധരിപ്പിച്ചതിനെത്തുടർന്നു രാജാവ് അവനെ ബറോയായിൽ കൊണ്ടുപോയി അവിടുത്തെ ആചാരമനുസരിച്ചു വധിക്കാൻ കൽപന നൽകി.
5അവിടെ അൻപതു മുഴം ഉയരമുള്ളതും ചാരം നിറഞ്ഞതുമായ ഒരു ഗോപുരമുണ്ട്. ഏതുവശത്തും നിന്ന് എന്തിനെയും ചാരത്തിലേക്കു കുത്തനെ വീഴ്ത്താവുന്ന ഒരുയാന്ത്രികചക്രം അതിനു ചുറ്റും പിടിപ്പിച്ചിരിക്കുന്നു.
6ദേവാലയധ്വംസകനോ മറ്റു കുറ്റങ്ങൾക്കു കുപ്രസിദ്ധനോ ആയ ആരെയും അവർ അതിൽ തള്ളിയിട്ടു വധിക്കുന്നു.
7ഇപ്രകാരമൊരു മരണത്തിനാണു നിയമലംഘകനായ മെനെലാവൂസ് വിധിക്കപ്പെട്ടത്. ശവസംസ് കാരംപോലും അവനു ലഭിച്ചില്ല.
8ഏതു ബലിപീഠത്തിലെ അഗ്നിയും ചാരവും വിശുദ്ധ മാണോ ആ ബലിപീഠത്തിനെതിരായി പാപം ചെയ്തു കൂട്ടിയ മെനെലാവൂസ് ചാരത്തിൽ കിടന്നു മരിച്ചത് തികച്ചും നീതിയുക്തമാണ്.
യഹൂദർ അന്തിയോക്കസിനെതിരേ
9രാജാവ് കൊടിയ ഗർവോടെ തൻെറ പിതാവിന്റെ കാലത്ത് നടത്തിയതിനെക്കാൾ നീചമായ തിൻമ യഹൂദരോടു ചെയ്യാൻ തുനിഞ്ഞു.
10ഇതു കേട്ട യൂദാസ് ജനത്തോടു തങ്ങളുടെ നിയമവും നാടും വിശുദ്ധദേവാലയവും നഷ്ടപ്പെടാറായിരിക്കുന്ന
11ഈ വിപത്സന്ധിയിൽ തങ്ങളെ സഹായിക്കണമേ എന്നും ജീവൻ വീണ്ടെടുത്തു തുടങ്ങുന്നതങ്ങൾ ദൈവദൂഷകരായ വിജാതീയരുടെ കൈകളിൽ വീഴാൻ അനുവദിക്കരുതേ എന്നും രാപകൽ കർത്താവിനോടു വിളിച്ചപേക്ഷിക്കാൻ ആജ്ഞാപിച്ചു.
12അവർ ഒന്നുചേർന്ന്, ഉപവാസമനുഷ്ഠിച്ചുകൊണ്ട്, കൃപാമയനായ കർത്താവിനോടു മൂന്നുദിവസം തുടർച്ചയായി സാഷ്ടാംഗം വീണു കേണപേക്ഷിച്ചു. അതിനുശേഷം, യൂദാസ്യുദ്ധസന്നദ്ധരായിരിക്കാൻ അവരെ ആഹ്വാനം ചെയ്തു.
13ശ്രേഷ്ഠൻമാരോടു രഹസ്യത്തിൽ ആലോചിച്ചതിനുശേഷം, രാജസൈന്യംയൂദയായിലെത്തി. നഗരം കീഴടക്കുന്നതിനുമുൻപ് പുറത്തേക്കു കടക്കാനും ദൈവ സഹായത്തോടെ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കാനും അവൻ നിശ്ചയിച്ചു.
14അങ്ങനെ തീരുമാനം ലോകസ്രഷ്ടാവിനു വിട്ടുകൊടുത്തുകൊണ്ട്, അവൻ , നിയമത്തിനും ദേവാലയത്തിനും, നഗരത്തിനും രാജ്യത്തിനും പൊതുനൻമയ്ക്കും വേണ്ടി മരണംവരെ അഭിമാനപൂർവം പോരാടാൻ ജനത്തെ ഉപദേശിച്ചിട്ട്, മൊദെയിനു സമീപം പാളയമടിച്ചു.
15ദൈവത്തിന്റെ വിജയം എന്ന അടയാളവാക്ക് അവൻ അവർക്കു നൽകി. തുടർന്ന് അതിധീരൻമാരായയുവസൈനികൻമാരോടുകൂടെ രാത്രിയിൽ രാജമൺഡപം ആക്രമിക്കുകയും രണ്ടായിരംപേരെ പാളയത്തിൽവച്ചുതന്നെ വധിക്കുകയും ചെയ്തു. മുൻനിരയിലെ ആനയെയും പാപ്പാനെയും അവൻ കുത്തിക്കൊന്നു.
16പാളയത്തിലുടനീളം ഭീതിയും അങ്കലാപ്പും പരത്തിയിട്ട് വിജയികളായി അവർ മടങ്ങി.
17 യൂദാസിനു കർത്താവിന്റെ സഹായവും സംരക്ഷണവും ഉണ്ടായിരുന്നതിനാൽ അരുണോദയത്തോടെ ഇതെല്ലാം കഴിഞ്ഞു.
18 യഹൂദരുടെ നിർഭയത്വം അനുഭവിച്ചറിഞ്ഞ് രാജാവ് അവരുടെ ആസ്ഥാനങ്ങൾ ആക്രമിക്കുന്നതിനുയുദ്ധതന്ത്രങ്ങൾ പ്രയോഗിച്ചു.
19അവൻ അവരുടെ ശക്തിദുർഗമായ ബേത്സൂറിൻെറ നേരേ നീങ്ങി; എന്നാൽ, തിരിച്ചോടിക്കപ്പെട്ടു. അവൻ വീണ്ടും ആക്രമിക്കുകയും പരാജയമടയുകയും ചെയ്തു.
20കാവൽസേനയ്ക്ക് ആവശ്യകമായതെല്ലാം യൂദാസ് എത്തിച്ചുകൊടുത്തു.
21എന്നാൽ, യഹൂദസൈന്യത്തിൽപ്പെട്ട റൊദോക്കൂസ് എന്നൊരുവൻ ശത്രുവിനു രഹസ്യവിവരങ്ങൾ ചോർത്തിക്കൊടുത്തു; അവനെ അവർ അനേ്വഷിച്ചുപിടിച്ച് കാരാഗൃഹത്തിലാക്കി.
22രാജാവ് വീണ്ടും ബേത്സൂർ നിവാസികളുമായി കൂടിയാലോചന നടത്തുകയും വാഗ്ദാനങ്ങൾ കൈമാറുകയും അതനുസരിച്ചു പിൻവാങ്ങുകയും ചെയ്തു. വീണ്ടും യൂദാസിനെയും അനുചരൻമാരെയും അവൻ ആക്രമിച്ചു; എന്നാൽ പരാജയപ്പെട്ടു.
23താൻ ഭരണ ച്ചുമതല ഏൽപിച്ചിരുന്ന ഫിലിപ്പ് തത്സമയം അന്തേ്യാക്യായിൽ കലാപം സൃഷ്ടിക്കുന്നുവെന്നു രാജാവ് കേട്ടു; അവൻ പരിഭ്രാന്തിപൂണ്ടു യഹൂദരെ വിളിച്ചുവരുത്തി. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാമെന്നു ശപഥം ചെയ്തു. അവരുമായി ഉടമ്പടി ചെയ്ത് അവൻ ബലിയർപ്പിക്കുകയും ഉദാര മായ സംഭാവനകൊണ്ടു ദേവാലയത്തോടും വിശുദ്ധസ്ഥലത്തോടും ആദരം കാണിക്കുകയും ചെയ്തു.
സമാധാന ഉടമ്പടി
24അവൻ മക്കബേയൂസിനെ അംഗീകരിക്കുകയും ഹഗെമോനിദസിനെ ടോളമായിസ് മുതൽ ഗരാർവരെയുള്ള പ്രദേശത്തെ ഭരണാധിപനായി നിയോഗിക്കുകയും ചെയ്തിട്ടു ടോളമായിസിലേക്കു പോയി.
25അവിടത്തെ ജനം ആ ഉടമ്പടിയുടെ പേരിൽ ക്രുദ്ധരായിരുന്നു. അതിലെ വ്യവസ്ഥകൾ അസാധുവാക്കണമെന്നുവരെ അവർ കോപംപൂണ്ട് ആവശ്യപ്പെട്ടു.
26എന്നാൽ, ലിസിയാസ് പൊതുവേദിയിൽ കയറിനിന്ന് ഉടമ്പടിയിലെ വ്യവസ്ഥകളെ ശക്തമായി പിൻതാങ്ങി; അവരെ ബോധ്യപ്പെടുത്തി ശാന്തരാക്കി, അവരുടെ സൗമനസ്യം നേടി. അനന്തരം, അവൻ അന്തേ്യാക്യായിലേക്കു പുറപ്പെട്ടു. ഇപ്രകാരമായിരുന്നു രാജാവിന്റെ ആക്രമണവും പിൻവാങ്ങലും.