Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

1 മക്കബായർ 5

അധ്യായങ്ങൾ

ഇദുമേയർക്കും അമ്മോന്യർക്കുമെതിരേ

1ബലിപീഠം പണിതെന്നും വിശുദ്ധസ്ഥലം പുനഃപ്രതിഷ്ഠിച്ചെന്നും അറിഞ്ഞപ്പോൾ ചുറ്റുമുള്ള വിജാതീയർ അത്യധികം കുപിതരായി.
2തങ്ങളുടെ ഇടയിൽ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാൻ അവർ ഉറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനും തുടങ്ങി.
3ഇദുമെയായിലുള്ള ഏസാവിന്റെ മക്കളെ യൂദാസ് അക്രബത്തേനെയിൽ വച്ച് ആക്രമിച്ചു. കാരണം, അവൻ ഇസ്രായേലിനെ ആക്രമിക്കാൻ തക്കംനോക്കി കഴിയുകയായിരുന്നു. അവൻ അവർക്കു കനത്ത ആഘാതം ഏൽപിച്ചു; അവരെ അപമാനിത രാക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
4തൻെറ ജനത്തിനു കെണിയൊരുക്കുകയും പെരുവഴികളിൽ അവർക്കെതിരേ ഒളിപ്പോരു നടത്തുകയും ചെയ്തിരുന്ന ബയാൻസന്തതികളുടെ ദുഷ്ടതയും യൂദാസ് ഓർമിച്ചു.
5അവൻ അവരെ അവരുടെ ഗോപുരങ്ങളിൽ അടച്ചു. അവരെ നിശ്ശേഷം നശിപ്പിക്കണമെന്നുറച്ചുകൊണ്ട് അവൻ അവർക്കെതിരേ പാളയമടിച്ചു.ഗോപുരങ്ങളെയും അവയിലുണ്ടായിരുന്നവരെയും അഗ്നിക്കിരയാക്കി.
6പിന്നീട് അവൻ അമ്മോന്യർക്കെതിരേ തിരിഞ്ഞു. തിമോത്തേയോസിൻെറ നേതൃത്വത്തിൽ പ്രബലമായ ഒരു സൈന്യത്തെയും വളരെയധികം ആളുകളെയും അവിടെ അവനു നേരിടേണ്ടിവന്നു.
7ഒട്ടേറെയുദ്ധങ്ങൾ ചെയ്ത് അവൻ അവരെ നിശ്ശേഷം പരാജയപ്പെടുത്തി.
8യാസേറും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കിയതിനുശേഷം അവൻ യൂദായിലേക്കു മടങ്ങി.

ഗിലയാദിലും ഗലീലിയിലുംയുദ്ധം

9ഗിലയാദിലെ വിജാതീയർ തങ്ങളുടെ നാട്ടിൽ വസിച്ചിരുന്ന ഇസ്രായേല്യർക്കെതിരേ സംഘടിച്ച് അവരെ നശിപ്പിക്കാൻമാർഗമാരാഞ്ഞു. എന്നാൽ, അവർ ദത്തേമാകോട്ടയിൽ അഭയം തേടി,
10 യൂദാസിനും സഹോദരൻമാർക്കും ഇപ്രകാരം ഒരു കത്തയച്ചു: ഞങ്ങളുടെ ചുറ്റുമുള്ള വിജാതീയർ ഞങ്ങളെ നശിപ്പിക്കാൻ ഒരുമിച്ചുകൂടിയിരിക്കുന്നു.
11ഞങ്ങൾ അഭയം പ്രാപിച്ചിരിക്കുന്ന കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലാണവർ. തിമോത്തേയോസാണ് അവരുടെ നേതാവ്.
12വന്നു ഞങ്ങളെ രക്ഷിക്കുക. ഞങ്ങളിൽ വളരെപ്പേർ ഇതിനകം മരിച്ചുകഴിഞ്ഞു.
13തോബുദേശത്തുണ്ടായിരുന്ന ഞങ്ങളുടെ സഹോദരർ എല്ലാവരും വധിക്കപ്പെട്ടു. ശത്രുക്കൾ അവരുടെ ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി; സ്വത്തുക്കൾ കൈവശപ്പെടുത്തുകയും ആയിരത്തോളം പേരെ കൊല്ലുകയും ചെയ്തു.
14ഈ കത്തുവായിച്ചുകൊണ്ടിരിക്കുമ്പോൾ ഗലീലിയിൽനിന്നു കീറിയ വസ്ത്രങ്ങളോടുകൂടിയ വേറെ ചില ദൂതൻമാർ വന്ന് സമാനമായൊരു സന്ദേശ മറിയിച്ചു:
15ഞങ്ങളെ സമൂലം നശിപ്പിക്കാൻ ടോളമായിസ്, ടയിർ, സീദോൻ, ഗലീലി എന്നിവിടങ്ങളിൽനിന്ന് ആളുകൾ ഒന്നിച്ചണിനിരന്നിരിക്കുന്നു.
16 യൂദാസും ജനങ്ങളും ഈ വാർത്തകൾ കേട്ടയുടനെ, ദുരിതമനുഭവിക്കുകയും ശത്രുക്കളുടെ ആക്രമണത്തിനിരയാവുകയും ചെയ്യുന്ന സഹോദരർക്കുവേണ്ടി എന്തുചെയ്യണമെന്നു തീരുമാനിക്കാൻ വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി.
17 യൂദാസ് സഹോദരനായ ശിമയോനോടു പറഞ്ഞു: വേണ്ടത്ര ആളുകളെയുംകൂട്ടി ഗലീലിയിൽ ചെന്ന് സഹോദരരെ രക്ഷിക്കുക. ഞാനും സഹോദരൻ ജോനാഥാനും ഗിലയാദിലേക്കു പോകാം.
18സഖറിയായുടെ പുത്രൻ ജോസഫിനെയും നേതാക്കൻമാരിലൊരുവനായ അസറിയായെയും ബാക്കി സേനകളോടുകൂടി യൂദയാ കാക്കാൻ ഏർപ്പെടുത്തി.
19അവൻ അവരോട് ആജ്ഞാപിച്ചു: ഈ ജനങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുവിൻ. എന്നാൽ, ഞങ്ങൾ മടങ്ങിവരുന്നതുവരെ വിജാതീയരോടുയുദ്ധത്തിലേർപ്പെടരുത്.
20അനന്തരം, ശിമയോനോടുകൂടെ ഗലീലിയിലേക്കു പോകാൻമൂവായിരംപേരും യൂദാസിനോടുകൂടെ ഗിലയാദിലേക്ക് എണ്ണായിരംപേരും നിയോഗിക്കപ്പെട്ടു.
21ശിമയോൻ ഗലീലിയിൽ ചെന്ന് വിജാതീയർക്കെതിരേ നിരവധിയുദ്ധങ്ങൾചെയ്ത് അവരെ തോൽപിച്ചു.
22ടോളമായിസിന്റെ കവാടംവരെ അവൻ അവരെ പിന്തുടർന്നു; മൂവായിരത്തോളം പേരെ വധിച്ചു; അവരെ കൊള്ളയടിച്ചു.
23അതിനുശേഷം അവൻ ഗലീലിയിലെയും അർബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടുംകൂടി ആഹ്ലാദപൂർവം യൂദയായിലേക്കു കൊണ്ടുപോയി.
24 യൂദാസ് മക്കബേയൂസും സഹോദരൻ ജോനാഥാനും ജോർദാൻ കടന്ന് മരുഭൂമിയിലൂടെ മൂന്നു ദിവസത്തെയാത്ര പിന്നിട്ടു.
25അവിടെ നബത്തേയർ അവരെ സ്വാഗതം ചെയ്യുകയും ഗിലയാദിലുള്ള സഹോദരർക്കു സംഭവിച്ചവയെല്ലാം അറിയിക്കുകയും ചെയ്തു.
26അവരിൽ അനേകംപേരെ ബൊസ്രാ, ബോസോർ, അലെമാ, കാസ്ഫോ, മാക്കെദ്, കാർനയിം എന്നീ നഗരങ്ങളിൽ ബന്ധനസ്ഥരാക്കിയിരിക്കയാണ്. ഇവ സുശക്തങ്ങളായ പട്ടണങ്ങളാണ്.
27കുറെപ്പേരെ ഗിലയാദിലെ മറ്റു നഗരങ്ങളിലും അടച്ചിട്ടിരിക്കുന്നു. നാളെത്തന്നെ കോട്ടകൾ ആക്രമിക്കുന്നതിനും ഒരുദിവസംകൊണ്ട് ആളുകളെ സമൂലം നശിപ്പിക്കുന്നതിനും ശത്രുക്കൾ ഒരുങ്ങുന്നു.
28 യൂദാസും സൈന്യവും തിടുക്കത്തിൽ അവിടെനിന്നു തിരിച്ച് മരുഭൂമിയിലൂടെയാത്രചെയ്തു ബൊസ്രായിലെത്തി. അവർ നഗരം കീഴടക്കി. പുരുഷൻമാരെയെല്ലാവരെയും വാളിനിരയാക്കി. വസ്തുവകകൾ കൊള്ളയടിച്ചതിനുശേഷം അവൻ നഗരം തീവച്ചു നശിപ്പിച്ചു.
29രാത്രിയായപ്പോൾ അവൻ അവിടെ നിന്നു പുറപ്പെട്ട് ദത്തേമാക്കോട്ടവരെ എത്തി.
30പ്രഭാതത്തിൽ അസംഖ്യം ആളുകൾ കോട്ട പിടിച്ചടക്കാനും അതിലുള്ള യഹൂദരെ ആക്രമിക്കാനും കോവണികളുംയന്ത്രമുട്ടികളുമായി മലയിൽനിന്ന് ഇറങ്ങിവരുന്നതുകണ്ടു.
31യുദ്ധം തുടങ്ങിക്കഴിഞ്ഞെന്നും നഗരത്തിൻെറ വിലാപം വലിയ നിലവിളികളോടും കാഹളധ്വനികളോടുംകൂടി സ്വർഗത്തിലേക്കുയരുന്നു എന്നും യൂദാസ് കണ്ടു.
32അവൻ തൻെറ അണികളോടു പറഞ്ഞു: നിങ്ങളുടെ സഹോദരർക്കുവേണ്ടി ഇന്നു പൊരുതുവിൻ.
33സൈന്യത്തെ മൂന്നു ഗണമായി തിരിച്ചു. അവൻ ശത്രുനിരയുടെ പിന്നിലെത്തി. അവന്റെ സൈന്യഗണങ്ങൾ കാഹളം മുഴക്കുകയും ഉച്ചത്തിൽ പ്രാർഥിക്കുകയും ചെയ്തു.
34മക്കബേയൂസാണു തങ്ങളെ നേരിടാൻ വരുന്നതെന്നറിഞ്ഞ് തിമോത്തേയോസിൻെറ സൈന്യം പിന്തിരിഞ്ഞോടി. യൂദാസ് അവർക്കു കനത്ത ആഘാതം ഏൽപിച്ചു. ഏകദേശം എണ്ണായിരംപേർ അന്നു വധിക്കപ്പെട്ടു.
35പിന്നെ അവൻ അലേമായിലേക്കു തിരിഞ്ഞു. അതിനെയുദ്ധത്തിൽ കീഴ്പെടുത്തി. അവിടെയുണ്ടായിരുന്ന എല്ലാ പുരുഷൻമാരെയും വധിച്ചു. പട്ടണം കൊള്ളയടിച്ചതിനുശേഷം അതു തീവച്ചു നശിപ്പിക്കുകയും ചെയ്തു.
36തുടർന്ന് അവൻ കാസ്ഫോ, മാക്കെദ്, ബോസോർ എന്നിവയും ഗിലയാദിലെ മറ്റുനഗരങ്ങളും പിടിച്ചടക്കി.
37തിമോത്തേയോസ് മറ്റൊരു സൈന്യത്തെ ശേഖരിച്ച് നദിയുടെ മറുകരയിൽ റാഫോണിനെതിരേ പാളയമടിച്ചു.
38അവരുടെ നീക്കങ്ങൾ അറിയുന്നതിനു യൂദാസ് ചാരൻമാരെ അയച്ചു. അവർ മടങ്ങിവന്നു പറഞ്ഞു: നമുക്കു ചുറ്റുമുള്ള സകല വിജാതീയരും അവന്റെ പക്ഷത്തുണ്ട്; അതു വലിയൊരു സൈന്യമാണ്.
39സഹായത്തിന് അറബികളെ അവർ കൂലിക്കെടുത്തിട്ടുണ്ട്. നിന്നോടുയുദ്ധം ചെയ്യാൻ തയ്യാറായി അവർ നദിക്ക് അക്കരെ പാളയമടിച്ചിരിക്കയാണ്. ഇതുകേട്ട യൂദാസ് അവരെ നേരിടാൻ പുറപ്പെട്ടു.
40 യൂദാസും സൈന്യവും നദിക്കു സമീപമെത്തിയപ്പോൾ തിമോത്തേയോസ് തൻെറ സേനാധിപൻമാരോടു പറഞ്ഞു: അവൻ ആദ്യം നദികടന്നു വരുന്നെങ്കിൽ നമുക്ക് അവനെ ചെറുക്കുക സാധ്യമല്ല. അവൻ നമ്മെ തോൽപിക്കുമെന്നതു തീർച്ച തന്നെ.
41മറിച്ച്, ഭയം തോന്നി അവൻ അക്കരെത്തന്നെ പാളയമടിച്ചാൽ നമുക്കു നദികടന്നുചെന്ന് അവനെ തോൽപിക്കാം.
42നദിയുടെ കരയ്ക്ക് എത്തിയപ്പോൾ യൂദാസ് ജനങ്ങളിലെ നിയമജ്ഞൻമാരെ അവിടെ കാവൽനിർത്തി. അവൻ അവരോടു കൽപിച്ചു: ആരെയും പാളയമടിക്കാൻ അനുവദിക്കരുത്. എല്ലാവരുംയുദ്ധത്തിലേർപ്പെടട്ടെ.
43അവൻ ശത്രുക്കൾക്കെതിരേ ആദ്യം നദികടന്നു. സൈന്യം അവനെ അനുഗമിച്ചു. വിജാതീയർ പരാജിതരായി. ആയുധങ്ങളുപേക്ഷിച്ച് അവർ കാർനയിമിലെ ക്ഷേത്രത്തിൽ അഭയംതേടി.
44 യൂദാസ് നഗരം പിടിച്ചടക്കി. ക്ഷേത്രത്തെ അതിലുള്ള എല്ലാവരോടുംകൂടി അഗ്നിക്കിരയാക്കി. അങ്ങനെ കാർനയിം കീഴടക്കപ്പെട്ടു. യൂദാസിനോട് എതിർത്തു നിൽക്കാൻ അവർക്കു കഴിഞ്ഞില്ല.
45 യൂദാദേശത്തേക്കു പോകാൻ വലുപ്പച്ചെറുപ്പഭേദമെന്നിയേ ഗിലയാദിലെ സകല ഇസ്രായേൽക്കാരെയും അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്തുവകകളോടുംകൂടി യൂദാസ് ഒരുമിച്ചുകൂട്ടി. വലിയൊരു സംഘമായിരുന്നു അത്.
46അവർ എഫ്രോണിലെത്തി. അതു മാർഗമധേ്യയുള്ള വലുതും സുശക്തവുമായ ഒരു പട്ടണമായിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് അതിനെ ചുറ്റിപ്പോകുക സാധ്യമായിരുന്നില്ല. അതിലൂടെതന്നെ പോകേണ്ടിയിരുന്നു.
47നഗരവാസികൾ കവാടങ്ങളിൽ കല്ലുകൾവച്ച് അവരെ പ്രതിരോധിച്ചു.
48അപ്പോൾ യൂദാസ് അവർക്ക് ഈ സൗഹൃദസന്ദേശം കൊടുത്തുവിട്ടു: ഞങ്ങൾ നിങ്ങളുടെ ദേശത്തുകൂടെ ഞങ്ങളുടെ നാട്ടിലേക്കു കടന്നു പൊയ്ക്കൊള്ളട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. കാൽനടയായി ഞങ്ങൾ പൊയ്ക്കൊള്ളാം. എന്നാൽ വാതിൽ തുറന്നുകൊടുക്കാൻ അവർ വിസമ്മതിച്ചു.
49അതാതിടങ്ങളിൽ നിലയുറപ്പിക്കാൻ യൂദാസ് സൈന്യത്തിന് ആജ്ഞ നൽകി.
50സൈന്യം നിലയുറപ്പിച്ചു. അന്നു പകലും രാത്രിയും അവർ നഗരത്തിനെതിരെയുദ്ധം ചെയ്തു. നഗരം അവന്റെ പിടിയിലായി.
51പുരുഷൻമാരെയെല്ലാം അവൻ വാളിനിരയാക്കി. നഗരം ഇടിച്ചുനിരത്തി, കൊള്ളയടിച്ചു. മൃതദേഹങ്ങളുടെ മീതേകൂടി അവൻ നഗരം കടന്നു.
52അനന്തരം, അവർ ജോർദാൻ കടന്ന് ബെത്ഷാനിന് എതിരേയുള്ള വിസ്തൃതമായ സമതലത്തിലെത്തി.
53 യൂദാദേശത്ത് എത്തുന്നതുവരെയാത്രയിലുടനീളം യൂദാസ് ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിറകിലായിപ്പോകുന്നവരെ ഒരുമിച്ചുകൂട്ടുകയും ചെയ്തുകൊണ്ടിരുന്നു.
54ആർക്കും ജീവഹാനി സംഭവിക്കാതെ എല്ലാവരും സുരക്ഷിതരായി മടങ്ങിയെത്തി. അതിനാൽ, സന്തോഷത്തോടും ആഹ്ലാദത്തോടുംകൂടി അവർ സീയോൻമലയിലേക്കു പോയി ദഹനബലികളർപ്പിച്ചു.

യാമ്നിയായിൽ തോൽവി

55 യൂദാസും ജോനാഥാനും ഗിലയാദിലും അവരുടെ സഹോദരൻ ശിമയോൻ ടോളമായിസിനെതിരെയുള്ള ഗലീലിയിലുമായിരിക്കുമ്പോൾ
56അവരുടെ ധീരപരാക്രമങ്ങളെയും വീരോചിതമായയുദ്ധത്തെയും കുറിച്ച് സേനാനായകൻമാരായ അസറിയായും സഖറിയായുടെ പുത്രൻ ജോസഫും കേട്ടു.
57അവർ പറഞ്ഞു: നമുക്കും കീർത്തി നേടാം. നമുക്കു ചുറ്റുമുള്ള വിജാതീയരോടുയുദ്ധം ചെയ്യാം.
58അവർ തങ്ങളുടെ സൈന്യനിരകൾക്ക് ആജ്ഞ കൊടുത്തു. അവർയാമ്നിയായ്ക്കെതിരേ നീങ്ങി.
59ഗോർജിയാസും സൈന്യവും അവരെ നേരിടാൻ പട്ടണത്തിനു പുറത്തുവന്നു.
60അവർ ജോസഫിനെയും അസറിയായെയും തുരത്തി. യൂദായുടെ അ തിർത്തികൾവരെ അവരെ ഓടിച്ചു. ഇസ്രായേൽക്കാരിൽ രണ്ടായിരത്തോളം പേർ അന്നു മരിച്ചുവീണു.
61 യൂദാസിനെയും സഹോദരൻമാരെയും അനുസരിക്കാതെ, ധീരകൃത്യം ചെയ്യാൻ മോഹിച്ച സേനാനായകൻമാർ നിമിത്തം ജനത്തിന് ഈ കനത്ത പരാജയം സഹിക്കേണ്ടിവന്നു.
62എന്നാൽ, ഇസ്രായേലിനുമോചനം നേടിക്കൊടുത്തവരുടെ കുടുംബത്തിൽപ്പെട്ടവരായിരുന്നില്ല ഇവർ.
63 യൂദാസും സഹോദരൻമാരും ഇസ്രായേ ലിലും വിജാതീയരുടെ ഇടയിലും അവരുടെ നാമം അറിയപ്പെട്ട എല്ലായിടത്തും സമാദരിക്കപ്പെട്ടു.
64ജനങ്ങൾ അവർക്കു ചുറ്റുംകൂടി അവരെ പുകഴ്ത്തി.
65പിന്നീട് യൂദാസും സഹോദരൻമാരും തെക്കോട്ടു സൈന്യത്തെനയിച്ച് ഏസാവുവംശജരോടുയുദ്ധംചെയ്തു. ഹെബ്രോണും അതിന്റെ ഗ്രാമങ്ങളും അവൻ കീഴ്പെടുത്തി; കോട്ടകൾ തകർത്തു; ചുറ്റുമുള്ള ഗോപുരങ്ങൾ അഗ്നിക്കിരയാക്കി.
66അനന്തരം, ഫിലിസ്ത്യദേശം ആക്രമിക്കാൻ അവൻ മരീസായിലൂടെ കടന്നുപോയി.
67അന്നു തങ്ങളുടെ ധീരത പ്രദർശിപ്പിക്കാൻ ബുദ്ധിശൂന്യമായിയുദ്ധത്തിനു പുറപ്പെട്ട ഏതാനും പുരോഹിതൻമാർ മരിച്ചുവീണു.
68 യൂദാസ് ഫിലിസ്ത്യദേശത്തെ അസോത്തൂസിലേക്കു തിരിച്ചു. അവൻ അവരുടെ ബലിപീഠങ്ങൾ തകർത്തു. ദേവൻമാരുടെ കൊത്തുവിഗ്രഹങ്ങൾ തീയിലിട്ടു ചുട്ടു. നഗരങ്ങൾകൊള്ളയടിച്ചതിനുശേഷം അവൻ യൂദാ ദേശത്തേക്കു മടങ്ങി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്