1 മക്കബായർ 2
അധ്യായങ്ങൾ
മത്താത്തിയാസും പുത്രൻമാരും
1ശിമയോന്റെ പുത്രനായ യോഹന്നാന്റെ പുത്രനും യൊവാറിബ് കുടുംബത്തിൽപ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമിൽനിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.
2അവന് അഞ്ചു പുത്രൻമാരുണ്ടായിരുന്നു. ഗദ്ദി എന്ന യോഹന്നാൻ,
3താസി എന്ന ശിമയോൻ,
4മക്കബേയൂസ് എന്ന യൂദാസ്,
5അവരാൻ എന്ന എലെയാസർ, ആഫൂസ് എന്ന ജോനാഥാൻ.
6 യൂദായിലും ജറുസലെമിലും നടമാടുന്ന ദൈവദൂഷണങ്ങൾ കണ്ട് മത്താത്തിയാസ് വിലപിച്ചു:
7കഷ്ടം! ഞാൻ എന്തിനു ജനിച്ചു! എന്റെ ജനം നശിക്കുന്നതും വിശുദ്ധനഗരം തകരുന്നതും കാണാനോ! ജനങ്ങൾ ശത്രുക്കൾക്ക് അടിയറവയ്ക്കപ്പെടുന്നതും വിശുദ്ധസ്ഥലം പരദേശികൾക്ക് ഏൽപിക്കപ്പെടുന്നതും കണ്ട് വെറുതെയിരിക്കാനോ!
8അവളുടെ ദേവാലയം മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു.
9അവളുടെ വിശിഷ്ടപാത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു. അവളുടെ കുഞ്ഞുങ്ങൾ തെരുവുകളിൽ വച്ചു വധിക്കപ്പെട്ടു.യുവാക്കൾ ശത്രുക്കളുടെ വാളിന് ഇരയായി.
10അവളുടെ കൊട്ടാരങ്ങൾ കൈയടക്കുകയും അവളെ കൊള്ളയടിക്കുകയും ചെയ്യാത്ത ഏതു രാജ്യമുണ്ട്?
11അവളുടെ ആടയാഭരണങ്ങൾ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇനിമേൽ അവൾ സ്വതന്ത്രയല്ല, അടിമയാണ്.
12നമ്മുടെ അഴകും മഹിമയുമായ വിശുദ്ധ സ്ഥലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിജാതീയർ അതിനെ അശുദ്ധമാക്കിയിരിക്കുന്നു.
13നാം ഇനി എന്തിനു ജീവിക്കുന്നു?
14മത്താത്തിയാസും പുത്രൻമാരും വസ്ത്രം കീറി, ചാക്കുടുത്ത്, ഏറെ വിലപിച്ചു.
മത്താത്തിയാസ് എതിർക്കുന്നു
15ജനങ്ങളെ മതത്യാഗത്തിനു നിർബന്ധിച്ചിരുന്ന രാജസേവകർ അവരെക്കൊണ്ടു ബലിയർപ്പണം ചെയ്യിക്കാൻ മൊദെയിൻ നഗരത്തിലെത്തി.
16ഇസ്രായേലിൽനിന്നു വളരെപ്പേർ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രൻമാരും അവിടെ ഒരുമിച്ചുകൂടി.
17രാജസേവകർ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തിൽ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രൻമാരുടെയും സഹോദരൻമാരുടെയും പിന്തുണയും നിനക്കുണ്ട്.
18സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെ മിൽ അവശേഷിച്ചിട്ടുള്ളവരും ചെയ്തതുപോലെ ഇപ്പോൾ രാജശാസനമനുസരിച്ചു പ്രവർത്തിക്കുന്നതിൽ നീ ഒന്നാമനായിരിക്കണം. എങ്കിൽ, നീയും പുത്രൻമാരും രാജാവിന്റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വർണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളുംകൊണ്ട് നീയും പുത്രൻമാരും ബഹുമാനിതരാവുകയും ചെയ്യും.
19എന്നാൽ, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തിൽ പറഞ്ഞു: രാജാവിന്റെ ഭരണത്തിൻ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കൻമാരുടെ മതവിശ്വാസത്തിൽ നിന്നു വ്യതിചലിച്ച് അവന്റെ കൽപനകൾ പാലിക്കാൻ തീരുമാനിക്കുകയുംചെയ്താലും
20ഞാനും എന്റെ പുത്രൻമാരും എന്റെ സഹോദരൻമാരും ഞങ്ങളുടെ പിതാക്കൻമാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും.
21നിയമവും കൽപനകളും ഞങ്ങൾ ഒരുനാളും തിരസ്കരിക്കുകയില്ല.
22രാജ കൽപന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തിൽനിന്നു ഞങ്ങൾ അണുവിട വ്യതിചലിക്കുകയില്ല.
23മത്താത്തിയാസ് ഈ വാക്കുകൾ അവ സാനിപ്പിച്ചപ്പോൾ, എല്ലാവരും നോക്കിനിൽക്കേ, മൊദെയിനിലെ ബലിപീഠത്തിൽ രാജ കൽപനപ്രകാരം ബലിയർപ്പിക്കാൻ ഒരു യഹൂദൻമുന്നോട്ടുവന്നു.
24അതുകണ്ട് മത്താത്തിയാസ് തീക്ഷ്ണതകൊണ്ടു ജ്വലിച്ചു; അവന്റെ ഹൃദയം പ്രക്ഷുബ്ധമായി. ധാർമികരോഷം പൂണ്ട് അവൻ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തിൽവച്ചുതന്നെ വധിച്ചു.
25ബലിയർപ്പിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവൻ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി.
26സാലുവിൻെറ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെ, നിയമത്തെപ്രതിയുള്ള തീക്ഷ്ണതയാൽ അവൻ ജ്വലിച്ചു.
27മത്താത്തിയാസ് സ്വരമുയർത്തി നഗരത്തിൽ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീക്ഷ്ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിൻ!
28അതിനുശേഷം അവനും പുത്രൻമാരും തങ്ങൾക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി.
സാബത്തിൽയുദ്ധം
29നീതിക്കുംന്യായത്തിനുംവേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേർ വനാന്തരങ്ങളിലേക്കു താമസം മാറ്റി;
30അവരോടൊപ്പം പുത്രൻമാരും ഭാര്യമാരും ആടുമാടുകളും ഉണ്ടായിരുന്നു. ദുരിതങ്ങളുടെ ആധിക്യമാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്.
31രാജകൽപന നിരസിച്ചവർ വനാന്തരങ്ങളിലെ ഒളിസ്ഥലങ്ങളിലേക്കുപോയി എന്നു രാജസേവകൻമാർക്കും ദാവീദിന്റെ നഗരമായ ജറുസലെമിലെ ഭടൻമാർക്കും വിവരംകിട്ടി.
32വളരെപ്പേർ അവരെ അനുധാവനം ചെയ്തു. അവരെ മറികടന്ന് അവർക്കെതിരായി പാളയമടിച്ചു. സാബത്തുദിവസം അവരെ ആക്രമിക്കാൻ സന്നാഹങ്ങളൊരുക്കി. അവർ വിളിച്ചു പറഞ്ഞു:
33എതിർപ്പ് അവസാനിപ്പിക്കുവിൻ. പുറത്തുവന്ന് രാജാവു കൽപിക്കുന്നത് അനുസരിക്കുവിൻ. എന്നാൽ നിങ്ങളുടെ ജീവൻ സുരക്ഷിതമായിരിക്കും.
34അവർ പ്രതിവചിച്ചു: ഞങ്ങൾ വരുകയില്ല. രാജശാസനപ്രകാരം പ്രവർത്തിച്ച് ഞങ്ങൾ സാബത്തുദിവസം അശുദ്ധമാക്കുകയില്ല.
35ഉടനെ ശത്രുക്കൾ അവരെ ആക്രമിക്കാൻ പാഞ്ഞടുത്തു.
36എന്നാൽ, അവർ ശത്രുക്കൾക്ക് ഉത്തരം നൽകുകയോ അവർക്കുനേരേ കല്ലെറിയുകയോ തങ്ങളുടെ ഒളിസങ്കേതങ്ങളിൽ പ്രതിരോധം ഏർപ്പെടുത്തുകയോ ചെയ്തില്ല.
37നിഷ്കളങ്കരായിത്തന്നെ ഞങ്ങൾ മരിക്കട്ടെ. അന്യായമാണ് നിങ്ങൾ ഞങ്ങളെകൊല്ലുന്നത് എന്നതിന് ആകാശവും ഭൂമിയും സാക്ഷി - ഇതായിരുന്നു അവരുടെ പ്രതികരണം.
38ശത്രുക്കൾ സാബത്തുദിവസം അവരെ ആക്രമിച്ചു. ആയിരത്തോളമാളുകൾ ഭാര്യമാരോടും കുട്ടികളോടും ആടുമാടുകളോടുമൊപ്പം മരണമടഞ്ഞു.
39ഇതറിഞ്ഞ് മത്താത്തിയാസും സ്നേഹിതരും അവരെയോർത്തു തീവ്രമായി വിലപിച്ചു.
40അവർ പരസ്പരം പറഞ്ഞു: നമ്മുടെ സഹോദരരെ അനുകരിച്ചു ജീവനും പ്രമാണങ്ങൾക്കുംവേണ്ടി നമ്മളും വിജാതീയർക്കെതിരേയുദ്ധം ചെയ്യാതിരുന്നാൽ, അവർ വേഗം നമ്മെ ഭൂമുഖത്തുനിന്നു നിർമാർജനം ചെയ്യും.
41അന്ന് അവർ ഇങ്ങനെ തീരുമാനിച്ചു: സാബത്തുദിവസം നമ്മെ ആക്രമിക്കാൻ വരുന്നവരോടു നാംയുദ്ധം ചെയ്യണം; നമ്മുടെ സഹോദരർ ഒളിസങ്കേതങ്ങളിൽ മരിച്ചു വീണതുപോലെ നമുക്കു സംഭവിക്കാൻ ഇടയാകരുത്.
42ഇസ്രായേലിലെ ധീരയോദ്ധാക്കളായ ഹസിദേയരുടെ ഒരു സമൂഹം അവരോടു ചേർന്നു. നിയമത്തിനുവേണ്ടി സ്വമനസാ തങ്ങളെത്തന്നെ സമർപ്പിച്ചവരായിരുന്നു അവർ.
43ക്ലേശങ്ങളിൽ നിന്നു രക്ഷനേടാൻവേണ്ടി പലായനം ചെയ്തവരും അവരോടു ചേർന്ന് അവരുടെ ശക്തി വർദ്ധിപ്പിച്ചു.
44അവർ ഒരു സൈന്യം സംഘടിപ്പിച്ച് പാപികളെയും നിയമനിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്ത്തി. രക്ഷപെട്ടവർ വിജാതീയരുടെ അടുക്കൽ അഭയംതേടി.
45മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങൾ തകർത്തു.
46ഇസ്രായേ ലിൻെറ അതിർത്തികൾക്കുള്ളിൽ അപരിച് ഛേദിതരായി കണ്ട ബാലൻമാരെ അവർ ബലമായി പരിച്ഛേദനം ചെയ്തു.
47ധിക്കാരികളെ അവർ വേട്ടയാടി. അവരുടെ ഉദ്യമം ഫലമണിഞ്ഞു.
48വിജാതീയരുടെയും രാജാക്കൻമാരുടെയും കൈകളിൽ നിന്നു നിയമത്തെ അവർ പരിരക്ഷിച്ചു. പാപിയുടെ കരം പ്രബലമാകാൻ അവർ അനുവദിച്ചില്ല.
മത്താത്തിയാസിൻെറ അന്ത്യശാസനം
49മത്താത്തിയാസിന്റെ മരണം അടുത്തു. അവൻ പുത്രൻമാരെ വിളിച്ചു പറഞ്ഞു: അഹങ്കാരവും നിന്ദയും ശക്തി പ്രാപിച്ചിരിക്കുന്നു. ഉഗ്രകോപത്തിന്റെയും നാശത്തിന്റെയും നാളുകളാണിത്.
50അതിനാൽ, എന്റെ മക്കളേ, നിയമത്തെപ്രതി തീക്ഷ്ണ തയുള്ളവരായിരിക്കുവിൻ. നമ്മുടെ പിതാക്കൻമാരുടെ ഉടമ്പടിക്കായി ജീവൻതന്നെ അർപ്പിക്കുവിൻ.
51തലമുറകളായി പിതാക്കൻമാർ ചെയ്ത പ്രവൃത്തികൾ ഓർക്കുവിൻ. ഉന്നതമഹത്വവും അനശ്വരകീർത്തിയും ആർജിക്കുവിൻ.
52പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹം വിശ്വസ്തനായി കാണപ്പെട്ടില്ലേ? അത് അവനു നീതിയായി പരിഗണിക്കപ്പെട്ടുവല്ലോ.
53കഷ്ടതയുടെ കാലത്ത് ജോസഫ് കൽപനകൾ പാലിക്കുകയും ഈജിപ്തിന്റെ അധികാരിയായി ഉയരുകയും ചെയ്തു.
54നമ്മുടെ പിതാവ് ഫിനെഹാസ് തീക്ഷ്ണത നിറഞ്ഞവനാകയാൽ, ശാശ്വതമായ പൗരോഹിത്യത്തിൻെറ ഉടമ്പടിക്ക് അർഹ നായി.
55കൽപന നിറവേറ്റിയതിനാൽ ജോഷ്വ ഇസ്രായേലിലെന്യായാധിപനായി.
56സഭയിൽ സാക്ഷ്യം നൽകിയ കാലെബിന് ദേശത്ത് അവകാശം ലഭിച്ചു.
57ദയാലുവായ ദാവീദ് സിംഹാസനത്തിനു ശാശ്വതാവകാശിയായി.
58നിയമത്തെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഏലിയാ സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു.
59ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്നിയിൽനിന്നു രക്ഷിക്കപ്പെട്ടു.
60ദാനിയേൽ തൻെറ നിഷ്കളങ്കതയാൽ സിംഹവക്ത്രത്തിൽനിന്നു രക്ഷനേടി.
61തലമുറ തലമുറയായി ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരാരും അശക്തരാവുകയില്ല എന്നു ഗ്രഹിക്കുവിൻ.
62പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്റെ പ്രതാപം ചാണകവും പുഴുക്കളുമായി മാറും.
63ഇന്ന് അവൻ പ്രകീർത്തിക്കപ്പെടുന്നു; നാളെ അവനെ കാണുകയില്ല. അവൻ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞു; അവന്റെ പദ്ധതികൾ തകർന്നടിഞ്ഞു.
64എന്റെ മക്കളേ, ധൈര്യമായിരിക്കുവിൻ. നിയമത്തിൽ ഉറച്ചുനിൽക്കുവിൻ. അതുവഴി നിങ്ങൾക്കു ബഹുമതി ലഭിക്കും.
65നിങ്ങളുടെ സഹോദരനായ ശിമയോൻ ഉപദേശം നൽകുന്നതിൽ വിജ്ഞനാണ്. അവനെ സദാ അനുസരിക്കുവിൻ. അവൻ നിങ്ങൾക്കു പിതാവായിരിക്കും.
66 യൂദാസ് മക്കബേയൂസ്യൗവനംമുതലേ ശക്തനായ യോദ്ധാവാണ്. അവൻ നിങ്ങളുടെ സൈന്യത്തെനയിച്ച് ജനതകൾക്കെതിരേയുദ്ധംചെയ്യും.
67നിയമം അനുഷ്ഠിക്കുന്നവരായി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാവരെയുംകൂട്ടി നിങ്ങളുടെ ജനത്തോടു ചെയ്യപ്പെട്ട ദ്രോഹത്തിനു പ്രതികാരം ചെയ്യണം.
68വിജാതീയർക്കു തക്ക തിരിച്ചടി നൽകുവിൻ; നിയമം പാലിക്കുകയും ചെയ്യുവിൻ.
69അനന്തരം, അവൻ അവരെ അനുഗ്രഹിച്ചു. അവൻ പിതാക്കൻമാരോടു ചേർന്നു.
70നൂറ്റിനാൽപത്താറാംവർഷം അവൻ മരിച്ചു. മൊദെയിനിൽ പിതാക്കൻമാരുടെ ശവകുടീരത്തിൽ അവനെ സംസ്കരിച്ചു. ഇസ്രായേൽ മുഴുവൻ വലിയ വിലാപത്തോടെ അവനെപ്രതി ദുഃഖമാചരിച്ചു.