1 കോറിന്തോസ് 16
അധ്യായങ്ങൾ
വിശുദ്ധർക്കുള്ള ധർമശേഖരണം
1ഇനി വിശുദ്ധർക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാൻ നിർദേശിച്ചതുപോലെ നിങ്ങളും ചെയ്യുവിൻ.
2ഞാൻ വരുമ്പോൾ പിരിവൊന്നും നടത്താതിരിക്കുന്നതിന് നിങ്ങൾ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം.
3ഞാൻ വരുമ്പോൾ, നിങ്ങളുടെ സംഭാവന കൊണ്ടുപോകുന്നതിനുവേണ്ടി നിങ്ങൾ അംഗീകരിക്കുന്ന വ്യക്തികളെ എഴുത്തുമായി ജറുസലെമിലേക്കയച്ചുകൊള്ളാം.
4ഞാൻ കൂടെ പോകേണ്ട ആവശ്യമുണ്ടെങ്കിൽ അവർ എന്നോടൊപ്പം പോരട്ടെ.
യാത്രയ്ക്കുള്ള ഒരുക്കങ്ങൾ
5ഞാൻ മക്കെദോനിയായിൽ പോയിട്ട് നിങ്ങളെ സന്ദർശിക്കുന്നതാണ്. എനിക്ക് അവിടെ പോകേണ്ടതുണ്ട്.
6ഞാൻ നിങ്ങളുടെ കൂടെ കുറെനാൾ, ഒരുപക്ഷേ ശീതകാലം മുഴുവൻ, ചെലവഴിച്ചെന്നുവരാം. തദവസരത്തിൽ, എന്റെ തുടർന്നുള്ള എല്ലായാത്ര കൾക്കും വേണ്ട സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.
7നിങ്ങളെ തിടുക്കത്തിൽ സന്ദർശിച്ചുപോരാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. കർത്താവ് അനുവദിക്കുമെങ്കിൽ കുറെനാൾ നിങ്ങളോടൊത്തു കഴിയാമെന്ന് ഞാൻ ആശിക്കുന്നു.
8പന്തക്കുസ്താവരെ ഞാൻ എഫേസോസിൽ താമസിക്കും.
9ഫലപ്രദമായ പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്. പ്രതിയോഗികളും വളരെയാണ്.
10തിമോത്തേയോസ് നിങ്ങളുടെ അടുത്തുവരുമ്പോൾ നിങ്ങളുടെയിടയിൽ നിർഭയനായി കഴിയാൻ അവനു സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കർത്താവിന്റെ ജോലിയിൽ വ്യാപൃതനാണല്ലോ.
11ആകയാൽ, ആരും അവനെ നിന്ദിക്കാൻ ഇടയാകരുത്. എന്റെ അടുത്തു വേഗം മടങ്ങിവരേണ്ടതിന് സമാധാനത്തിൽ അവനെയാത്രയാക്കണം. സഹോദരരോടൊപ്പം അവനെ ഞാൻ പ്രതീ ക്ഷിക്കുന്നു.
12മറ്റു സഹോദരരോടൊത്ത് നിങ്ങളെ സന്ദർശിക്കണമെന്ന് ഞാൻ നമ്മുടെ സഹോദരൻ അപ്പോളോസിനെ വളരെ നിർബന്ധിച്ചതാണ്. എന്നാൽ, ഈ അവസരത്തിൽ നിങ്ങളുടെ അടുത്തുവരാൻ അവന് ഒട്ടും മനസ്സില്ലായിരുന്നു; സൗകര്യപ്പെടുമ്പോൾ വന്നുകൊള്ളും.
അഭ്യർഥന, അഭിവാദനം
13നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ; പൗരുഷ വും കരുത്തും ഉള്ളവരായിരിക്കുവിൻ.
14നിങ്ങളുടെ സകല കാര്യങ്ങളും സ്നേഹത്തോടെ നിർവഹിക്കുവിൻ.
15സഹോദരരേ, സ്തേഫാനാസിൻെറ കുടുംബാംഗങ്ങളാണ് അക്കായിയായിലെ ആദ്യഫലങ്ങളെന്നും അവർ വിശുദ്ധരുടെ ശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ സമർപ്പിച്ചുവെന്നും നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു.
16ഇപ്രകാരമുള്ളവരെയും എന്നോടു സഹകരിച്ച് അധ്വാനിക്കുന്ന എല്ലാവരെയും നിങ്ങൾ അനുസരിക്കണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.
17സ്തേഫാനാസും ഫൊർത്തുനാത്തൂസും ആകായിക്കോസും വന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു. എന്തെന്നാൽ, നിങ്ങളുടെ അസാന്നിധ്യം അവർ പരിഹരിച്ചു.
18അവർ എന്റെയും നിങ്ങളുടെയും ആത്മാവിനെ ഉൻമേഷപ്പെടുത്തി. ഇങ്ങനെയുള്ളവരെ നിങ്ങൾ അംഗീകരിക്കണം.
19ഏഷ്യയിലെ സഭകൾ നിങ്ങളെ അഭിവാദനം ചെയ്യുന്നു. അക്വീലായും പ്രിസ്ക്കായും അവരുടെ വീട്ടിലുള്ള സഭയും കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അഭിവാദനംചെയ്യുന്നു.
20സകല സഹോദരരും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങൾ വിശുദ്ധ ചുംബനത്താൽ അനേ്യാന്യം അഭിവാദനം ചെയ്യുവിൻ.
21പൗലോസായ ഞാൻ സ്വന്തം കൈപ്പടയിൽ അഭിവാദനം രേഖപ്പെടുത്തുന്നു.
22ആരെങ്കിലും കർത്താവിനെ സ്നേഹിക്കുന്നില്ലെങ്കിൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങളുടെ കർത്താവേ, വന്നാലും!
23കർത്താവായ യേശുവിൻെറ കൃപ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ!
24 യേശുക്രിസ്തുവിൽ എന്റെ സ്നേഹം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!