1 കോറിന്തോസ് 11
അധ്യായങ്ങൾ
1ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങൾ എന്നെ അനുകരിക്കുവിൻ.
സ്ത്രീകളും ശിരോവസ്ത്രവും
2എല്ലാകാര്യങ്ങളിലും നിങ്ങൾ എന്നെ അനുസ്മരിക്കുന്നതിനാലും ഞാൻ നൽകിയ പാരമ്പര്യം അതേപടി സംരക്ഷിക്കുന്നതിനാലും ഞാൻ നിങ്ങളെ പ്രശംസിക്കുന്നു.
3പുരുഷന്റെ ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭർത്താവും ക്രിസ്തുവിൻെറ ശിരസ്സ് ദൈവവുമാണെന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
4ശിര സ്സു മൂടിക്കൊണ്ട് പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തൻെറ ശിരസ്സിനെ അവമാനിക്കുന്നു.
5ശിരസ്സു മൂടാതെ പ്രാർഥിക്കുകയോ പ്രവ ചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തൻെറ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല മുൺഡനം ചെയ്യുന്നതിനു തുല്യമാണത്.
6സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്കു ലജ്ജാകരമെങ്കിൽ ശിരോവസ്ത്രം ധരിക്കട്ടെ.
7പുരുഷൻ ദൈവത്തിന്റെ പ്രതിച്ഛായയും മഹിമയുമാകയാൽ അവൻ തല മൂടരുത്. സ്ത്രീയാകട്ടെ പുരുഷന്റെ മഹിമയാണ്.
8പുരുഷൻ സ്ത്രീയിൽ നിന്നല്ല, സ്ത്രീ പുരുഷനിൽ നിന്നാണ് ഉണ്ടായത്.
9പുരുഷൻ സൃഷ്ടിക്കപ്പെട്ടത് സ്ത്രീക്കുവേണ്ടിയല്ല; സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ്.
10ദൂതൻമാരെ ആദരിച്ച്, വിധേയ ത്വത്തിൻെറ പ്രതീകമായ ശിരോവസ്ത്രം അവൾക്ക് ഉണ്ടായിരിക്കട്ടെ.
11കർത്താവിൽ പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുത്.
12എന്തെന്നാൽ, സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ ഇന്ന് പുരുഷൻ സ്ത്രീയിൽനിന്നു പിറക്കുന്നു. എല്ലാം ദൈവത്തിൽനിന്നു തന്നെ.
13സ്ത്രീ തല മറയ്ക്കാതെ ദൈവത്തോടു പ്രാർഥിക്കുന്നത് ഉചിതമാണോ എന്ന് നിങ്ങൾ തന്നെതീരുമാനിക്കുവിൻ.
14നീണ്ട മുടി പുരുഷന് അവമാനമാണെന്നും
15സ്ത്രീക്ക് അതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്ത്രീക്ക് ഒരു ആവരണമായി നൽകപ്പെട്ടിരിക്കുന്നു.
16അഭിപ്രായവ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത്, ഞങ്ങൾക്കോ ദൈവത്തിന്റെ സഭകൾക്കോ മേൽപറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്.
അത്താഴവിരുന്നിൽ ഭിന്നിപ്പ്
17ഇനി പറയാൻപോകുന്ന കാര്യങ്ങളിൽ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാൽ, നിങ്ങളുടെ സമ്മേളനങ്ങൾ ഗുണത്തിനുപകരം ദോഷമാണുചെയ്യുന്നത്.
18ഒന്നാമത്, നിങ്ങൾ സഭയായി സമ്മേളിക്കുമ്പോൾ നിങ്ങളുടെയിടയിൽ ഭിന്നിപ്പുകളുണ്ടെന്നു ഞാൻ കേൾക്കുന്നു. അതു ഭാഗികമായി ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു.
19നിങ്ങളിൽ യോഗ്യരെ തിരിച്ചറിയാൻ ഭിന്നിപ്പുകൾ ഉണ്ടാകുകയെന്നതും ആവശ്യമാണ്.
20നിങ്ങൾ ഒന്നിച്ചുകൂടുമ്പോൾ കർത്താവിന്റെ അത്താഴമല്ല നിങ്ങൾ ഭക്ഷിക്കുന്നത്.
21കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തത്ഫലമായി ഒരുവൻ വിശന്നും അപരൻ കുടിച്ച് ഉൻമത്തനായും ഇരിക്കുന്നു.
22എന്ത്! തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകളില്ലേ? അതോ, നിങ്ങൾ ദൈവത്തിന്റെ സഭയെ അവ ഗണിക്കുകയും ഒന്നും ഇല്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ? നിങ്ങളോടു ഞാൻ എന്താണു പറയേണ്ടത്? ഇക്കാര്യത്തിൽ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാൻ പ്രശംസിക്കുകയില്ല.
പുതിയ ഉടമ്പടി
23കർത്താവിൽനിന്ന് എനിക്കു ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേൽപിച്ചതുമായ കാര്യം ഇതാണ്: കർത്താവായ യേശു, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അപ്പമെടുത്ത്,
24കൃതജ്ഞതയർപ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓർമയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ.
25അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പ ടിയാണ്; നിങ്ങൾ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓർമയ്ക്കായി ചെയ്യുവിൻ.
26നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
27തൻമൂലം, ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനംചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു.
28അതിനാൽ, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനംചെയ്യുകയും ചെയ്യട്ടെ.
29എന്തുകൊണ്ടെന്നാൽ, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവൻ തൻെറ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.
30നിങ്ങളിൽ പലരും രോഗികളും ദുർബലരും ആയിരിക്കുന്നതിനും ചിലർ മരിച്ചുപോയതിനും കാരണമിതാണ്.
31നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ലായിരുന്നു.
32എന്നാൽ, കർത്താവു നമ്മെ വിധിക്കുകയും ശിക്ഷണ വിധേയരാക്കുകയും ചെയ്യുന്നു. അത് ലോകത്തോടൊപ്പം നമ്മൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ്.
33എന്റെ സഹോദരരേ, നിങ്ങൾ ഭക്ഷണം കഴിക്കാൻ സമ്മേളിക്കുമ്പോൾ അനേ്യാന്യം കാത്തിരിക്കുവിൻ.
34വിശപ്പുള്ള വൻ വീട്ടിലിരുന്നു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കിൽ നിങ്ങളുടെ സമ്മേളനം ശിക്ഷാവിധിക്കേ ഉപകരിക്കുകയുള്ളൂ. ഇനിയുള്ള കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമപ്പെടുത്തിക്കൊള്ളാം.