നാഹും 3
അധ്യായങ്ങൾ
നിനെവേയുടെ അക്രമങ്ങൾ
1രക്തപങ്കിലമായ നഗരത്തിന് ഹാ ക ഷ്ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് കവർച്ച ഒഴിയുകയില്ല.
2ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പൽ, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം,
3കുതിക്കുന്ന കുതിരപ്പടയാളികൾ, ജ്വലിക്കുന്ന വാൾ, തിളങ്ങുന്ന കുന്തം, നിഹതൻമാരുടെ വ്യൂഹങ്ങൾ, ശവ ശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങൾ - അവർ അവയെ ചവിട്ടി കടന്നുപോകുന്നു.
4വേശ്യാവൃത്തികൊണ്ടു ജനതകളെയും വശീകരണശക്തികൊണ്ടു രാജ്യങ്ങളെയും വഞ്ചിച്ച മോഹിനിയും മാരകവശ്യതയുള്ളവളുമായ വേശ്യയുടെ എണ്ണമറ്റ വേശ്യാവൃത്തികൾ നിമിത്തമാണിതെല്ലാം സംഭവിച്ചത്.
5സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിനക്ക് എതിരാണ്. ഞാൻ നിന്റെ വസ്ത്രം മുഖത്തോളം ഉയർത്തി ജനതകൾക്കു നിന്റെ നഗ്നത കാണിച്ചുകൊടുക്കും. രാജ്യങ്ങൾ നിന്റെ ലജ്ജ ദർശിക്കാൻ ഇട വരുത്തും.
6ഞാൻ നിന്റെ മേൽ ചെളി വാരിയെറിയും. ഞാൻ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും.
7നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു വിലപിക്കും? അവൾക്കുവേണ്ടി ഞാൻ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും?
8നൈലിനരികേ സ്ഥിതി ചെയ്തിരുന്ന തേബസിനെക്കാൾ ശ്രേഷ്ഠയാണോ നീ? അവൾ വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു; കടൽ അവൾക്കു കോട്ടയും വെള്ളം അവൾക്കു മതിലും ആയിരുന്നു.
9എതേ്യാപ്യാ അവളുടെ ശക്തിയായിരുന്നു. ഈജിപ്തും അവൾക്ക് അതിരറ്റ ശക്തി പകർന്നു. പുത്യരും ലിബിയാക്കാരും അവളുടെ സഹായകരായിരുന്നു.
10എന്നിട്ടും അവൾ തടവിലാക്കപ്പെട്ട് അടിമത്തത്തിലാണ്ടു. വഴിക്കവലകളിൽ വച്ച് അവളുടെ കുഞ്ഞുങ്ങൾ നിലത്തടിച്ചു കൊല്ലപ്പെട്ടു. അവളുടെ സമുന്നതൻമാർക്കുവേണ്ടി അവർ നറുക്കിട്ടു. അവളുടെ പ്രമുഖൻമാരെയെല്ലാം അവർ ചങ്ങലയിൽ ബന്ധിച്ചു.
11അങ്ങനെ നീയും ലഹരിപിടിച്ച് ഉൻമത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളിൽനിന്ന് നീ അഭയം അനേ്വഷിക്കും.
12നിന്റെ കോട്ടകൾ പാകമായ ആദ്യഫലങ്ങൾ പേറുന്ന അത്തിവൃക്ഷങ്ങൾ പോലെയാകും. കുലുക്കിയാൽ അവ ഭോക്താവിൻെറ വായിൽത്തന്നെ പതിക്കും.
13നിന്റെ സൈന്യം സ്ത്രീകളെപ്പോലെയാണ്. നിന്റെ ദേശത്തിന്റെ കവാടങ്ങൾ ശത്രുക്കൾക്കായി മലർക്കെ തുറന്നിരിക്കുന്നു. അഗ്നി നിന്റെ ഓടാമ്പലുകളെ വിഴുങ്ങിയിരിക്കുന്നു.
14ഉപരോധത്തിനുവേണ്ടി വെള്ളംകോരുക; കോട്ടകളെ ബലപ്പെടുത്തുക; ചെളിയിലിറങ്ങി കളിമണ്ണു ചവിട്ടിക്കുഴച്ച് ഇഷ്ടികയുണ്ടാക്കുക.
15അവിടെ അഗ്നി നിന്നെ വിഴുങ്ങും; വാൾ നിന്നെ വിച്ഛേദിക്കും. വെട്ടുകിളിപോലെ അത് നിന്നെ സംഹരിക്കും. വെട്ടുകിളിയെപ്പോലെ പെരുകുക; വിട്ടിലിനെപ്പോലെ വർധിക്കുക.
16ആ കാശത്തിലെ നക്ഷത്രങ്ങളെക്കാളധികമായി നീ നിന്റെ വ്യാപാരികളെ വർധിപ്പിച്ചു. വെട്ടുകിളി ചിറകുവിരിച്ചു പറന്നകലുന്നു.
17നിന്റെ പ്രഭുക്കൻമാർ വിട്ടിലുകളെപ്പോലെയും, നിന്റെ സൈന്യാധിപൻമാർ ശീതകാലത്തു വേലിയിൽ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങൾ പോലെയുമാണ്. സൂര്യനുദിക്കുമ്പോൾ അവ പറന്നുപോകുന്നു. അവ എവിടെയാണെന്ന് ആരും അറിയുന്നില്ല.
18അസ്സീറിയാരാജാവേ, നിന്റെ ഇടയൻമാർ ഉറങ്ങുന്നു; നിന്റെ പ്രഭുക്കൻമാർ മയങ്ങുന്നു. ഒരുമിച്ചുകൂട്ടാൻ ആരുമില്ലാതെ, നിന്റെ ജനം മലകളിൽ ചിതറിക്കപ്പെട്ടിരിക്കുന്നു.
19നിന്റെ ക്ഷതത്തിനു ശമനമില്ല. നിന്റെ മുറിവു മാരകമാണ്. നിന്നെക്കുറിച്ച് കേൾക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്റെ ഒടുങ്ങാത്ത ദ്രോഹം ഏൽക്കാത്തത് ആർക്കാണ്?