Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഹബക്കുക്ക് 1

അധ്യായങ്ങൾ

പ്രവാചകൻെറ ആവലാതി

1ഹബക്കുക്ക് പ്രവാചകന് ദർശനത്തിൽ ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്.
2കർത്താവേ, എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും അങ്ങ് അത് കേൾക്കാതിരിക്കുകയും ചെയ്യും? എത്രനാൾ, അക്രമം എന്നു പറഞ്ഞു ഞാൻ വിലപിക്കുകയും അങ്ങ് എന്നെ രക്ഷിക്കാതിരിക്കുകയും ചെയ്യും.
3തിൻമകളും ദുരിതങ്ങളും കാണാൻ എനിക്ക് അങ്ങ് എന്തുകൊണ്ട് ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ, എന്റെ കൺമുൻപിൽ! കലഹവും മത്സരവും തല ഉയർത്തുന്നു.
4നിയമം നിർവീര്യമാക്കപ്പെടുന്നു. നീതി നിർവഹിക്കപ്പെടുന്നില്ല. ദുഷ്ടൻ നീതിമാനെ വളയുന്നു. നീതി വികലമാക്കപ്പെടുന്നു.

ദൈവത്തിൻെറ മറുപടി

5ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിൻ. പറഞ്ഞാൽ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളിൽ ഞാൻ ചെയ്യാൻ പോകുന്നു.
6ഇതാ, ഞാൻ തിക്തവും വേഗമേറിയതുമായ കൽദായജനതയെ ഇളക്കിവിടുന്നു. തങ്ങളുടേതല്ലാത്ത വസതികൾ സ്വന്തമാക്കാൻ അവർ ഭൂതലമാകെ മുന്നേറുന്നു.
7ഭയവും ഭീകരതയും വിതയ്ക്കുന്നവരാണ് അവർ. നീതിയുംന്യായവും അവർ തീരുമാനിക്കുന്നതുതന്നെ.
8അവരുടെ കുതിരകൾക്കു പുള്ളിപ്പുലികളെക്കാൾ വേഗതയുണ്ട്. അവയ്ക്ക് ഇരതേടുന്ന ചെന്നായെക്കാൾ ഭീകരതയുണ്ട്. അവരുടെ കുതിരപ്പടയാളികൾ ഗർവോടെ മുന്നേറുന്നു. അവരുടെ കുതിരപ്പടയാളികൾ വിദൂരത്തുനിന്നു വരുന്നു. ഇരയെ വിഴുങ്ങാൻ വെമ്പൽകൊള്ളുന്ന കഴുകനെപ്പോലെ അവർ പറന്നടുക്കുന്നു.
9അവർ അക്രമവുമായി വരുന്നു. അവർക്കു മുൻപേ അവരെക്കുറിച്ചുള്ള ഭീതിനീങ്ങുന്നു. അവരുടെ തടവുകാർ മണൽത്തരിപോലെ അസംഖ്യമാണ്.
10അവർ രാജാക്കൻമാരെ പരിഹസിക്കുന്നു; പ്രഭുക്കൻമാരെ അവഹേളിക്കുന്നു. കോട്ടകളെ അവർ നിസ്സാരമായി തള്ളുന്നു. മൺതിട്ട ഉയർത്തി അവർ അതു പിടച്ചെടുക്കുന്നു.
11കാറ്റുപോലെ അവർ വീശിക്കടന്നുപോകുന്നു; സ്വന്തം ശക്തിയെ ദൈവമായി കരുതിയിരുന്നവർ പരിഭ്രാന്തരാകുന്നു.

ആവലാതി

12എന്റെ ദൈവമേ, അങ്ങ് അനാദിമുതലേ കർത്താവും പരിശുദ്ധനും അമർത്യനുമാണല്ലോ. കർത്താവേ, അങ്ങ് അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ് അവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു.
13അങ്ങയുടെ കണ്ണുകൾ തിൻമ ദർശിക്കാൻ അനുവദിക്കാത്തവിധം പരിശുദ്ധമാണല്ലോ. അകൃത്യംനോക്കിനിൽക്കാൻ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്തരായ മനുഷ്യരെ അങ്ങ് കടാക്ഷിക്കുന്നതും ദുഷ്ടൻ തന്നെക്കാൾ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട് അങ്ങ് മൗനംദീക്ഷിക്കുന്നതും എന്തുകൊണ്ട്?
14അങ്ങ് മനുഷ്യരെ കടലിലെ മത്സ്യങ്ങളെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ, ആക്കുന്നതെന്തുകൊണ്ട്?
15അവൻ അവരെയെല്ലാം ചൂണ്ടയിട്ടു പിടിക്കുന്നു; വലയിൽക്കുടുക്കി വലിച്ചെടുക്കുന്നു. തൻെറ കോരുവലയിൽ അവയെ ശേഖരിക്കുന്നു. അപ്പോൾ അവൻ സന്തോഷിച്ചുല്ലസിക്കുന്നു.
16തന്നിമിത്തം അവൻ തൻെറ വലയ്ക്കു ബലികളും തൻെറ കോരുവലയ്ക്കു ധൂപവും അർപ്പിക്കുന്നു. അവ മൂലമാണല്ലോ അവൻ സമൃധിയിൽ കഴിയുന്നതും സമ്പന്നമായി ആഹാരം കഴിക്കുന്നതും.
17ജനതകളെ നിരന്തരം നിർദയമായി വധിച്ചു കൊണ്ട് അവൻ വല കുടഞ്ഞ് ശൂന്യമാക്കിക്കൊണ്ടിരിക്കുമോ?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്