മലാക്കി 3
അധ്യായങ്ങൾ
1ഇതാ, എനിക്കുമുൻപേ വഴിയൊരുക്കാൻ ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ തേടുന്ന കർത്താവ് ഉടൻ തന്നെ തൻെറ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതൻ ഇതാ വരുന്നു - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
2എന്നാൽ, അവിടുത്തെ വരവിൻെറ ദിനത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോൾ അവിടുത്തെ മുൻപിൽ നിൽക്കാൻ ആർക്കു കഴിയും? ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണ് അവിടുന്ന്.
3വെള്ളി ഉലയിൽ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും. ലേവിപുത്രൻമാർ യുക്തമായ ബലികൾ കർത്താവിന് അർപ്പിക്കുന്നതിനുവേണ്ടി അവിടുന്ന് അവരെ സ്വർണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും.
4അപ്പോൾ യൂദായുടെയും ജറുസലെമിൻെറയും ബലി പഴയകാലത്തെന്നപോലെ കർത്താവിന് പ്രീതികരമാകും.
5നിങ്ങളെ വിധിക്കാൻ ഞാൻ അടുത്തുവരും. ആഭിചാരകർക്കും, വ്യഭിചാരികൾക്കും, കള്ളസത്യം ചെയ്യുന്നവർക്കും, വേലക്കാരനെ കൂലിയിൽ വഞ്ചിക്കുന്നവർക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർക്കും പരദേശികളെ ഞെരുക്കുന്നവർക്കും എന്നെ ഭയപ്പെടാത്തവർക്കും എതിരേ സാക്ഷ്യം നൽകാൻ ഞാൻ വേഗം വരും - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
6കർത്താവായ എനിക്ക് മാറ്റമില്ല. അതുകൊണ്ട് യാക്കോബിൻെറ സന്തതികളേ, നിങ്ങൾ പൂർണമായി സംഹരിക്കപ്പെട്ടില്ല.
7നിങ്ങളുടെ പിതാക്കൻമാരുടെ കാലംമുതൽ എന്റെ കൽപനകളിൽനിന്നു നിങ്ങൾ വ്യതിചലിച്ചു; അവ അനുഷ്ഠിച്ചില്ല. നിങ്ങൾ എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ. അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കു വരാം - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ ചോദിക്കുന്നു, എങ്ങനെയാണ് ഞങ്ങൾ മടങ്ങിവരേണ്ടത്?
8മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ് ഞങ്ങൾ അങ്ങയെ കൊള്ളചെയ്യുന്നതെന്ന് നിങ്ങൾ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്ചകളിലുംതന്നെ.
9നിങ്ങൾ - ജനം മുഴുവനും - എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങൾ അഭിശപ്തരാണ്.
10ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരുവിൻ. എന്റെ ആലയത്തിൽ ഭക്ഷണം ഉണ്ടാകട്ടെ. ഞാൻ നിങ്ങൾക്കായി സ്വർഗകവാടങ്ങൾ തുറന്ന് അനുഗ്രഹം വർഷിക്കുകയില്ലേ എന്നു നിങ്ങൾ പരീക്ഷിക്കുവിൻ - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
11ഞാൻ നിങ്ങൾക്കു വേണ്ടി വെട്ടുകിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങൾ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികൾ ഫലശൂന്യമാവുകയില്ല - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു:
12അനുഗൃഹീതർ എന്നു ജനതകൾ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും - സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
13കർത്താവ് അരുളിച്ചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകൾ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങൾ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന് നിങ്ങൾ ചോദിക്കുന്നു.
14നിങ്ങൾ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യർഥമാണ്, അവിടുത്തെ കൽപനകൾ അനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കർത്താവിന്റെ മുൻപിൽ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം?
15ഇനിമേൽ അഹങ്കാരികളാണു ഭാഗ്യവാൻമാർ എന്നു ഞങ്ങൾ കരുതും. ദുഷ്കർമികൾ അഭിവൃദ്ധിപ്പെടുക മാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോൾ അവർ രക്ഷപെടുകയും ചെയ്യുന്നു.
16അന്നു കർത്താവിനെ ഭയപ്പെട്ടിരുന്നവർ പരസ്പരം സംസാരിച്ചു; അവർ പറഞ്ഞത് കർത്താവ് ശ്രദ്ധിച്ചു കേട്ടു. കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയുംചെയ്യുന്നവരെ ഓർമിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുൻപിൽ എഴുതപ്പെട്ടു.
17സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: അവർ എൻേറതായിരിക്കും. ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ എന്റെ പ്രതേ്യക അവകാശമായിരിക്കും. പിതാവ് തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാൻ അവരെ രക്ഷിക്കും.
18അപ്പോൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങൾ ഒരിക്കൽക്കൂടി തിരിച്ചറിയും.