ഹോസിയാ 7
അധ്യായങ്ങൾ
ഇസ്രായേലിലെ ഉപജാപങ്ങൾ
1ഞാൻ ഇസ്രായേലിനെ സുഖപ്പെടുത്താൻ ഒരുങ്ങുമ്പോൾ എഫ്രായിമിന്റെ അഴിമതിയും സമരിയായുടെ അകൃത്യങ്ങളും വെളിപ്പെടും. അവർ വ്യാജമായി പെരുമാറുന്നു. കള്ളൻ അകത്തു കടക്കുന്നു. കവർച്ചക്കാരൻ പുറത്തു കൊള്ളനടത്തുന്നു.
2അവരുടെ ദുഷ്ക്കർമങ്ങൾ ഞാനോർക്കുന്നുവെന്ന് അവർക്കു ചിന്തയില്ല. അവരുടെ പ്രവൃത്തികൾ അവരെ വലയം ചെയ്തിരിക്കുന്നു. അവ എന്റെ കൺമുൻപിലുണ്ട്.
3തങ്ങളുടെ ദുഷ്ടതകൊണ്ട് അവർ രാജാവിനെ സന്തോഷിപ്പിക്കുന്നു; വഞ്ചനകൊണ്ടു പ്രഭുക്കൻമാരെയും.
4അവർ വ്യഭിചാരികളാണ്. ചുട്ടുപഴുത്ത അടുപ്പുപോലെയാണവർ. മാവു കുഴയ്ക്കുന്നതു മുതൽ അതു പുളിക്കുന്നതു വരെ മാത്രമേ അതിൽ തീ ആളിക്കത്താതിരിക്കുകയുള്ളു.
5നമ്മുടെ രാജാവിന്റെ ഉത്സ വദിനത്തിൽ പ്രഭുക്കൻമാർ വീഞ്ഞിന്റെ ലഹരിയിൽ ദഹിച്ചു: നിന്ദകരുമായി അവൻ കൈകോർത്തു പിടിച്ചു.
6ഗൂഢാലോചനകൊണ്ട് അവരുടെ ഹൃദയം തീച്ചൂളപോലെ ജ്വലിക്കുന്നു. രാത്രിമുഴുവൻ അവരുടെ കോപം മങ്ങിക്കിടക്കുന്നു. പ്രഭാതമാകുമ്പോൾ അത് ആളിക്കത്തുന്നു.
7അവർ അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. തങ്ങളുടെ ഭരണാധിപൻമാരെ അവർ വിഴുങ്ങുന്നു; അവരുടെ രാജാക്കൻമാർ നിലംപതിച്ചു; അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല.
8ജനതകളുമായി ഇടകലർന്ന്, മറിച്ചിടാതെ ചുട്ടെടുത്ത അപ്പമാണ് എഫ്രായിം.
9പരദേശികൾ അവന്റെ ശക്തി കാർന്നുതിന്നുന്നു; അവൻ അത് അറിയുന്നില്ല; അവന്റെ മുടി നരച്ചുതുടങ്ങി; അവൻ അത് അറിയുന്നില്ല.
10ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം നൽകുന്നു. ഇതൊക്കെയായിട്ടും അവർ തങ്ങളുടെ ദൈവമായ കർത്താവിങ്കലേക്കു തിരിയുകയോ അവിടുത്തെ അനേ്വഷിക്കുകയോ ചെയ്യുന്നില്ല.
11ബുദ്ധിയും വിവേകവുമില്ലാത്ത മാടപ്രാവിനു തുല്യമാണ് എഫ്രായിം. അവൻ ഈജിപ്തിനെ സഹായത്തിനു വിളിക്കുന്നു.
12അ സ്സീറിയായിൽ അഭയം തേടുന്നു. അവർ പോകുന്നവഴി അവരുടെമേൽ ഞാൻ വലവീശും; വായുവിലെ പക്ഷികളെയെന്നപോലെ അവരെ ഞാൻ വീഴ്ത്തും; അവരുടെ ദുഷ്കൃത്യങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും.
13അവർ വഴിതെറ്റി എന്നിൽനിന്ന് അകന്നുപോയിരിക്കുന്നു; അവർക്കു ദുരിതം! അവർ എന്നെ എതിർത്തു; അവർക്കു നാശം! ഞാൻ അവരെ രക്ഷിക്കുമായിരുന്നു; എന്നാൽ, അവർ എനിക്കെതിരേ വ്യാജംപറയുന്നു.
14ഹൃദയംനൊന്ത് എന്നെ വിളിച്ചപേക്ഷിക്കുന്നതിനു പകരം അവർ കിടക്കയിൽ വീണുവിലപിക്കുന്നു; ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവർ തങ്ങളെത്തന്നെ മുറിവേൽപിക്കുന്നു.
15അവർ എന്നെ ധിക്കരിക്കുന്നു, ഞാനാണ് അവരുടെ കരങ്ങൾക്ക് പരിശീല നവും ശക്തിയും നൽകിയത്. എന്നിട്ടും അവർ എനിക്കെതിരേ തിൻമ നിരൂപിക്കുന്നു. അവർ ബാലിലേക്കു തിരിയുന്നു.
16അവർ ചതിക്കുന്ന വില്ലുപോലെയാണ്. അവരുടെ പ്രഭുക്കൻമാർ തങ്ങളുടെ നാവിന്റെ ഔദ്ധ ത്യം നിമിത്തം വാളിനിരയാകും. ഈജിപ്തിൽ അവർ ഇതിനാൽ പരിഹാസവിഷയമാകും.