ഹോസിയാ 6
അധ്യായങ്ങൾ
ആത്മാർഥമല്ലാത്ത അനുതാപം
1അവർ പറയും: വരുവിൻ, നമുക്കു കർത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടുന്ന് നമ്മെ ചീന്തിക്കളഞ്ഞു; അവിടുന്നുതന്നെ സുഖപ്പെടുത്തും. അവിടുന്ന് നമ്മെ പ്രഹരിച്ചു; അവിടുന്നുതന്നെ മുറിവുകൾ വച്ചുകെട്ടും.
2രണ്ടു ദിവസത്തിനു ശേഷം അവിടുന്ന് നമുക്കു ജീവൻ തിരിച്ചുതരും. മൂന്നാം ദിവസം അവിടുന്ന് നമ്മെ ഉയിർപ്പിക്കും. നാം അവിടുത്തെ സന്നിധിയിൽ ജീവിക്കേണ്ടതിനു തന്നെ.
3കർത്താവിനെ അറിയാൻ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്ചിതമാണ്.
4മഴപോലെ, ഭൂമിയെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ, അവിടുന്ന് നമ്മുടെമേൽ വരും. എഫ്രായിം, ഞാൻ നിന്നോടെന്തു ചെയ്യും? യൂദാ, ഞാൻ നിന്നോടെന്തു ചെയ്യും? നിന്റെ സ്നേഹം പ്രഭാതമേഘംപോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്.
5അതുകൊണ്ട്, പ്രവാചകൻമാർവഴി അവരെ ഞാൻ വെട്ടിവീഴ്ത്തി. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കുകളാൽ അവരെ ഞാൻ വധിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു.
6ബലിയല്ല സ്നേഹമാണ് ഞാൻ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം.
7എന്നാൽ, ആദാമിൽവച്ച് അവർ ഉടമ്പടി ലംഘിച്ചു. അവിടെവച്ച് എന്നോട് അവർ അവിശ്വസ്തത കാണിച്ചു.
8ദുഷ്കർമികളുടെ നഗരമാണ് ഗിലയാദ്, അവിടെ രക്തം ഒഴുകിയ ചാലുകൾ കാണാം.
9പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ പുരോഹിതർ സംഘം ചേർന്നിരിക്കുന്നു; ഷെക്കെമിലേക്കുള്ള വഴിയിൽ അവർ കൊലനടത്തുന്നു. അതേ, അവർ ഹീനകൃത്യം ചെയ്യുന്നു.
10ഇസ്രായേൽ ഭവനത്തിൽ ഞാൻ ഭീകരമായ ഒരു കാര്യം കണ്ടു. എഫ്രായിമിന്റെ പരസംഗം അവിടെയാണ്. ഇസ്രായേൽ മലിനമായിരിക്കുന്നു.
11എന്റെ ജനത്തിന്റെ ഭാഗധേയം നിർണയിക്കുമ്പോൾ യൂദാ, നിനക്കും ഞാൻ ഒരു കൊയ്ത്തു നിശ്ചയിച്ചിട്ടുണ്ട്.