ഹോസിയാ 13
അധ്യായങ്ങൾ
ഇസ്രായേലിൻെറ അന്തിമവിധി
1എഫ്രായിം സംസാരിച്ചപ്പോൾ ആളുകൾ വിറച്ചു. അവർ ഇസ്രായേലിൽ സമുന്നതനായിരുന്നു. എന്നാൽ, ബാൽനിമിത്തം അവൻ പാപം ചെയ്തു; അവൻ മരിച്ചു.
2അവർ ഇപ്പോൾ കൂടുതൽ കൂടുതൽ പാപംചെയ്യുന്നു. തങ്ങൾക്കുവേണ്ടി വാർപ്പുവിഗ്ര ഹങ്ങൾ നിർമിക്കുന്നു. വെള്ളികൊണ്ടു വിദഗ്ധമായി നിർമിച്ച ബിംബങ്ങൾ! അവയെല്ലാം ശിൽപിയുടെ കരവേല മാത്രം. അവയ്ക്കു ബലിയർപ്പിക്കാൻ അവർ ആവശ്യപ്പെടുന്നു. മനുഷ്യർ കാളക്കുട്ടികളെ ചുംബിക്കുന്നു.
3അതുകൊണ്ട്, അവർ പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയോ മെതിക്കളത്തിൽനിന്നു പറത്തിക്കളയുന്ന പതിരുപോലെയോ പുകക്കുഴലിൽ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.
4നീ ഈജിപ്ത് ദേശത്തായിരുന്ന നാൾമുതൽ നിന്റെ ദൈവമായ കർത്താവ് ഞാനാണ്. എന്നെയല്ലാതെ മറ്റൊരു ദൈവത്തെനീ അറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.
5മരുഭൂമിയിൽ വച്ച്, വരണ്ട ദേശത്തുവച്ച്, നിന്നെ അറിഞ്ഞതു ഞാനാണ്.
6എന്നാൽ, അവർ ഭക്ഷിച്ചു തൃപ്തരായപ്പോൾ അവരുടെ ഹൃദയം അഹങ്കരിക്കുകയും, അവർ എന്നെ വിസ്മരിക്കുകയും ചെയ്തു.
7ആകയാൽ, ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെയായിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികിൽ ഞാൻ പതിയിരിക്കും.
8കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാൻ അവരുടെമേൽ ചാടിവീഴും. അവരുടെ മാറിടം ഞാൻ വലിച്ചുകീറും. സിംഹത്തെപ്പോലെ ഞാൻ അവിടെവച്ച് അവരെ വിഴുങ്ങും. വന്യമൃഗത്തെപ്പോലെ അവരെ ഞാൻ ചീന്തിക്കളയും.
9ഇസ്രായേൽ, നിന്നെ ഞാൻ നശിപ്പിക്കും. ആർക്കു നിന്നെ സഹായിക്കാൻ കഴിയും?
10നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ? നിന്നെ സംരക്ഷിക്കാൻ പ്രഭുക്കൻമാരെവിടെ? എനിക്കു രാജാവിനെയും പ്രഭുക്കൻമാരെയും തരുക എന്നു നീ ആരെക്കുറിച്ചു പറഞ്ഞുവോ അവർ എവിടെ?
11എന്റെ കോപത്തിൽ നിനക്കു ഞാൻ രാജാക്കൻമാരെ തന്നു. എന്റെ ക്രോധത്തിൽ ഞാൻ അവരെ നീക്കംചെയ്തു.
12എഫ്രായിമിന്റെ അകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പാപത്തിന്റെ കണക്കു സൂക്ഷിച്ചിട്ടുണ്ട്.
13അവനു വേണ്ടിയുള്ള ഈറ്റുനോവ് തുടങ്ങി. പക്ഷേ, അവൻ ബുദ്ധിഹീനനായ ശിശുവാണെന്നു തെളിയിച്ചു. അവൻ യഥാസമയം പുറത്തേക്കു വരുന്നില്ല.
14പാതാളത്തിന്റെ പിടിയിൽനിന്നു ഞാൻ അവരെ വിടുവിക്കുകയോ? മരണത്തിൽനിന്നു ഞാൻ അവർക്കു മോചനമരുളുകയോ? മരണമേ, നിന്റെ മഹാമാരികളെവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? അനുകമ്പ എന്റെ കണ്ണിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു.
15ഞാങ്ങണപോലെ അവൻ തഴച്ചു വളർന്നാലും കിഴക്കൻകാറ്റ്, കർത്താവിന്റെ കാറ്റ്, മരുഭൂമിയിൽനിന്നുയർന്നുവരും. അവന്റെ നീരുറവ വറ്റിപ്പോകും. അവന്റെ അരുവി വരണ്ടുപോകും. അത് അവന്റെ ഭൺഡാരത്തിൽ വിലപിടിപ്പുള്ളതെല്ലാം കവർന്നെടുക്കും.
16സമരിയാ തൻെറ തെറ്റിനു ശിക്ഷയേൽക്കണം. അവൾ തൻെറ ദൈവത്തെ ധിക്കരിച്ചു. അവർ വാളിനിരയാകും. അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലും. അവരുടെ ഗർഭിണികളെ കുത്തിപ്പിളരും.