എസ്രാ 5
അധ്യായങ്ങൾ
ദേവാലയത്തിൻെറ പണി തുടരുന്നു
1പ്രവാചകൻമാരായ ഹഗ്ഗായിയും ഇദ്ദോയുടെ മകൻ സഖറിയായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യൂദായിലും ജറുസലെമിലും ഉള്ള യഹൂദരോടു പ്രവചിച്ചു.
2ഷെയാൽത്തിയേലിൻെറ മകൻ സെറുബാബേലും, യോസാദാക്കിൻെറ മകൻ യഷുവയും ജറുസലെമിൽ ദേവാലയത്തിന്റെ പണി പുനരാരംഭിച്ചു. ദൈവത്തിന്റെ പ്രവാചകൻമാരും അവരെ സഹായിച്ചു.
3നദിക്കക്കരെയുള്ള പ്രദേശത്തെ അധിപതിയായ തത്തേനായിയും ഷെത്താർബൊസെനായിയും അനുയായികളും അവരോടു ചോദിച്ചു: ഈ ആലയം പൂർത്തിയാക്കാൻ ആരാണു നിങ്ങൾക്ക് അധികാരം തന്നത്?
4കെട്ടിടം പണിയുന്നവർ ആരൊക്കെയെന്നും അവർ തിരക്കി.
5എന്നാൽ, തങ്ങളുടെ ദൈവത്തിന്റെ ദൃഷ്ടി യൂദാശ്രേഷ്ഠൻമാരുടെമേൽ ഉണ്ടായിരുന്നതിനാൽ , ദാരിയൂസിനെ വിവര മറിയിച്ച് മറുപടി ലഭിക്കുന്നതുവരെ അവർ തടയപ്പെട്ടില്ല.
6നദിക്കക്കരെയുള്ള പ്രദേശത്തിന്റെ അധിപതികളായ തത്തേനായിയും, ഷെത്താർബൊസെനായിയും ഉപാധിപതികളും കൂടി
7ദാരിയൂസ് രാജാവിന് അയച്ച കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: ദാരിയൂസ്രാജാവിനു മംഗളാശംസകൾ!
8അങ്ങ് അറിഞ്ഞാലും. ഞങ്ങൾ യൂദാ ദേശത്ത് അത്യുന്നത ദൈവത്തിന്റെ ആലയത്തിൽ പോയി. അത് വലിയ കല്ലുകൾ കൊണ്ടാണ് പണിയുന്നത്. ഉത്തരം വച്ചുകഴിഞ്ഞു. പണി ഉത്സാഹപൂർവം മുന്നേറിക്കൊണ്ടിരിക്കുന്നു.
9ഈ ആലയം പൂർത്തിയാക്കാൻ ആരാണു നിങ്ങൾക്ക് അ ധികാരം തന്നത് എന്ന് ഞങ്ങൾ ശ്രേഷ്ഠൻമാരോടു ചോദിച്ചു.
10അങ്ങയെ അറിയിക്കാൻ ഞങ്ങൾ അവരുടെ നേതാക്കൻമാരുടെ പേരുകൾ ആരാഞ്ഞു.
11അവരുടെ മറുപടി ഇതായിരുന്നു: ഞങ്ങൾ ആകാശത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസൻമാരാണ്. വളരെ വർഷങ്ങൾക്കു മുൻപ് മഹാനായ ഒരു ഇസ്രായേൽരാജാവു പണിതീർത്ത ആലയം ഞങ്ങൾ വീണ്ടും പണിയുന്നു.
12ഞങ്ങളുടെ പിതാക്കൻമാർ സ്വർഗ സ്ഥനായ ദൈവത്തെ പ്രകോപിപ്പിച്ചതിനാൽ, അവിടുന്ന് അവരെ കൽദായനായ ബാബിലോൺ രാജാവു നബുക്കദ്നേസറിൻെറ കൈകളിൽ ഏൽപ്പിച്ചു. അവൻ ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോവുകയും ചെയ്തു.
13എന്നാൽ, ബാബിലോൺരാജാവായ സൈറസിന്റെ ഒന്നാം ഭരണവർഷം ഈ ദേവാലയം പുനഃസ്ഥാപിക്കണമെന്ന് അവൻ കൽപന പുറപ്പെടുവിച്ചു.
14നബുക്കദ്നേസർ ജറുസലെമിലെ ദേവാലയത്തിൽ നിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്ഷേത്രത്തിൽ വച്ചിരുന്ന സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ സൈറസ് രാജാവ് താൻ ദേശാധിപതിയായി നിയമിച്ച ഷെഷ്ബസാറിനെ ഏൽപിച്ചു.
15സൈറസ് അവനോടു കൽപിച്ചു: ഈ പാത്രങ്ങൾ കൊണ്ടുപോയി ജറുസലെമിലെ ആലയത്തിൽ വയ്ക്കുക. ദേവാലയംയഥാസ്ഥാനം വീണ്ടും പണിയട്ടെ.
16ഷെഷ്ബസാർ ജറുസലെമിൽ വന്ന് ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നു മുതൽ പണി നടക്കുന്നു. ഇന്നും പൂർത്തിയായിട്ടില്ല.
17അതിനാൽ, അങ്ങേക്ക് ഉചിതമെന്നു തോന്നുന്നെങ്കിൽ, ബാബിലോണിലെ രാജ കീയരേഖകൾ പരിശോധിച്ച് ജറുസലെമിൽ ദേവാലയം പുനഃസ്ഥാപിക്കാൻ സൈറസ് രാജാവു കൽപിച്ചിട്ടുണ്ടോ എന്നു നോക്കി രാജഹിതം ഞങ്ങളെ അറിയിച്ചാലും.